ജമാഅത്തെ ഇസ്ലാമിയുടെ മതമൗലിക വാദത്തെക്കുറിച്ചും ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചും പലര്‍ക്കും അറിയാം. എന്നാല്‍ ഈ ഇസ്ലാമിക സംഘടനയുടെ രാഷ്ട്രീയ കാപട്യം ഇനിയും വേണ്ടപോലെ തിരിച്ചറിയപ്പെട്ടിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടി എന്ന മുഖംമൂടി ധരിച്ച് കോണ്‍ഗ്രസ്സ്-സിപിഎം മുന്നണികളുമായി വിലപേശി കേരളത്തില്‍ രാഷ്ട്രീയ പ്രാമുഖ്യം നേടിയെടുക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കാപട്യങ്ങള്‍ അതിന്റെ നേതാക്കള്‍ സമര്‍ത്ഥമായി മറച്ചുപിടിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ സഖ്യം അവസാനിച്ചുവെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും കൂട്ടുചേരാതെ ഒറ്റയ്ക്കു മത്സരിക്കുമെന്നുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ അവകാശവാദം ആരും കാര്യമായെടുക്കുമെന്നു തോന്നുന്നില്ല. പക്ഷേ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞ ഒരു കാര്യം വിമര്‍ശിക്കപ്പെടാതെ പോകുന്നത് ആപല്‍ക്കരമായിരിക്കും. മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഹമീദ് വളരെ സൂത്രത്തില്‍ പറഞ്ഞത്.
ലോകത്ത് ഖുറാന്റെ അടിസ്ഥാനത്തിലുള്ള ഭരണവ്യവസ്ഥ സ്ഥാപിതമാവണമെന്നും, അതിനായുള്ള ജിഹാദ് നിസ്കാരത്തില്‍ തുടങ്ങണമെന്നും വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമി അടിമുടി ഒരു മതതീവ്രവാദ സംഘടനയാണ്. ഇങ്ങനെയുള്ള ഒരു സംഘടന മതേതരമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഹമീദ് നടത്തുന്നത്. മതേതര പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്ന ഒരു സംഘടന അക്കാരണംകൊണ്ടുതന്നെ മതേതരമായിരിക്കുമല്ലോ എന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. മതഭരണം സ്ഥാപിക്കുന്നതിന്റെ ഭാഗമായി യാതൊരു സങ്കോചവുമില്ലാതെ മനുഷ്യഹത്യകളുടെ പരമ്പര തന്നെ നടത്തിയ ചരിത്രമുള്ള ജമാഅത്തെ ഇസ്ലാമിയും, അതിന്റെ രാഷ്ട്രീയ മുഖംമൂടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയും മതേതരമാണെന്നു പറയുന്നതു തന്നെ അസംബന്ധമായിരിക്കും.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശം തന്നെ വലിയ കാപട്യമാണ്. നിയമനിര്‍മാണത്തിനുള്ള അധികാരം ദൈവത്തിന് മാത്രമുള്ളതാകയാല്‍ അതിനായി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. തെരഞ്ഞെടുപ്പ് അനിസ്ലാമികമായതിനാല് അവര്‍ വോട്ടുപോലും ചെയ്തിരുന്നില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഈ നയം മാറ്റിയതും, വോട്ടു ചെയ്യാന്‍ തീരുമാനിച്ചതും. അവസരം മുതലെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനു പറഞ്ഞ ന്യായീകരണം തന്നെ ജനാധിപത്യത്തോടുള്ള ഈ സംഘടനയുടെ വെറുപ്പ് വ്യക്തമാക്കുന്നുണ്ട്. പട്ടിണികൊണ്ട് മരിക്കുമെന്നായാല്‍ ശവം ഭക്ഷിക്കാമത്രേ!
കാപട്യം ഇവിടെയും അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നോക്കിയല്ല, സ്ഥാനാര്‍ത്ഥികളെ നോക്കിയാണ് വോട്ടു ചെയ്യുകയെന്നാണ് പറഞ്ഞിരുന്നത്. ഇവരാണ് പിന്നീട് മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതും, സ്വന്തം രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചതും. നിയമം നിര്‍മിക്കാനുള്ള അധികാരം ദൈവത്തിനു മാത്രമുള്ളതാണെന്നും, പഞ്ചായത്തുകളില്‍ നിയമനിര്‍മാണം നടക്കാത്തതിനാല്‍ അവയിലേക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള വാദവും ഇക്കൂട്ടര്‍ ഉന്നയിച്ചു. പക്ഷേ നിയമനിര്‍മാണം നടക്കുന്ന നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതില്‍ ഒരു തെറ്റും ഇവര്‍ കാണുന്നില്ല. തികഞ്ഞ അവസരവാദമാണിതെന്ന് പറയേണ്ടതില്ലല്ലോ. വിവിധ പാര്‍ട്ടികളുമായും മുന്നണികളുമായും സഖ്യമുണ്ടാക്കി മാന്യത നേടാനും, മുഖ്യധാരയിലേക്ക് മതരാഷ്ട്രീയം ഒളിച്ചുകടത്താനുമാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും അധികാരമോഹത്തെ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്ന അടവുനയമാണിത്.
രാഷ്ട്രീയത്തില്‍ മാത്രമല്ല, കലയിലും സാഹിത്യത്തിലും ജമാഅത്തെ ഇസ്ലാമിയുടെ മുഖമുദ്ര കാപട്യമാണ്. സിനിമയുടെ കാര്യം പരിശോധിക്കാം. ഖുറാന് അനുസരിച്ച് സിനിമ ഹറാമാണ്. ഹലാല്‍ ലൗസ്റ്റോറി എന്ന് ഒരു സിനിമയ്ക്ക് പേരിടേണ്ടിവന്നതു തന്നെ ഇതുകൊണ്ടാണല്ലോ. മലയാള സിനിമയെ ജമാഅത്തെ ഇസ്ലാമി ഹൈജാക്കു ചെയ്യുന്ന ഒരു സ്ഥിതിയുണ്ട്. മാധ്യമം വാരിക തുടക്കം മുതല്‍ തന്നെ സിനിമയ്ക്ക് കൊടുക്കുന്ന പ്രാമുഖ്യം ഇതിന് തെളിവാണ്. സിനിമ അനിസ്ലാമികമാണെന്ന നിലപാടില്‍ മാറ്റം വരുത്താതെ അതിന്റെ വക്താക്കളായി മാറുന്നത് തന്നെ വിരോധാഭാസം. അറിഞ്ഞും അറിയാതെയും പല എഴുത്തുകാരും കലാകാരന്മാരും ഇതിന് കൂട്ടുനിന്നു.
സിനിമാ രംഗത്ത് ജമാഅത്തെ ഇസ്ലാമി പിടിമുറുക്കിയതിന്റെ അനന്തരഫലമാണ് വെള്ളിത്തിരയെ വിഷലിപ്തമാക്കുന്ന ലൗജിഹാദ് പ്രമേയങ്ങള്‍. സമീപകാലത്തെ ചരിത്രം പരിശോധിച്ചാല്‍ എന്ന് നിന്റെ മൊയ്തീന്, കിസ്മത്ത്, ആമി, സൂഫിയും സുജാതയും എന്നിങ്ങനെ ലൗജിഹാദ് ആശയത്തെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമകള്‍ കാണാം. ലൗജിഹാദ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചില ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ അനുവര്‍ത്തിക്കുന്ന തന്ത്രമാണിതെന്ന് വ്യക്തമായപ്പോഴാണ് ഇതിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നത്.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അയാള്‍ യഥാര്‍ത്ഥ വിശ്വാസിയാണെങ്കില്‍ മതേതര ജീവിതമോ മതാന്തര ജീവിതമോ സാധ്യമല്ല. ഇസ്ലാം മാത്രമാണ് സത്യമതമെന്നും, മുഹമ്മദ് അന്ത്യ പ്രവാചകനാണെന്നും ഖുറാന് വിധിക്കുന്നിടത്ത് മതേതരത്വം റദ്ദാവുന്നു. മുസ്ലിം-അമുസ്ലിം വിവാഹത്തെ ഖുറാന് അനുവദിക്കുന്നില്ല. മുസ്ലിം പുരുഷന് അമുസ്ലിമായ സ്ത്രീയെ വിവാഹം ചെയ്യണമെങ്കില്‍ എന്തുവേണമെന്നും ഖുറാന് നിഷ്കര്‍ഷിക്കുന്നുണ്ട്. മതംമാറ്റമാണ് ഒരേയൊരു പോംവഴി. മുസ്ലിം പുരുഷന് വിവാഹത്തിനുവേണ്ടി മറ്റേതെങ്കിലും മതം സ്വീകരിക്കുന്നതിനെക്കുറിച്ചല്ല ഖുറാന് പറയുന്നത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഇതാണ് ലൗജിഹാദിന്റെ അടിസ്ഥാന പ്രേരണ.
അന്യമതസ്ഥരായ സ്ത്രീകളെ മതംമാറ്റാതെ തന്നെ വിവാഹം കഴിച്ച് ജീവിക്കുന്ന മുസ്ലിം പുരുഷന്മാരുണ്ടാവാം.അത്തരക്കാര്‍ മതവിധിയെ ലംഘിക്കാന്‍ ധൈര്യം കാണിക്കുന്നവരാണ്. ഇത് ഒരിക്കലും ഇസ്ലാമിന്റെ മതേതര മഹത്വമല്ല. ഇസ്ലാമില്‍ മതേതര-മതാന്തര ജീവിതം സാധ്യമാണെന്നതിന് ഇത് തെളിവാകുന്നുമില്ല. ഇവിടെയാണ് ലൗജിഹാദ് സിനിമകള്‍ വിശുദ്ധ പ്രണയത്തിന്റെ അഭ്രഭാഷ്യങ്ങളായി ചിത്രീകരിക്കപ്പെടുന്നതിനെ എതിര്‍ക്കേണ്ടിവരുന്നത്. ഇത്തരം സിനിമകളിലെല്ലാം കമിതാക്കളില്‍ പുരുഷന് ഇസ്ലാമും, സ്ത്രീ ഹിന്ദുവോ ക്രൈസ്തവ മതവിശ്വാസിയോ ആണ്. എന്തുകൊണ്ടാണ് മറിച്ച് സംഭവിക്കാത്തത്? തൃപ്തികരമായ ഒരു ഉത്തരവും ഇതിന് ലഭിക്കുന്നില്ല.
സൂഫിയും സുജാതയും എന്ന സിനിമയില്‍ സൂഫിയുടെ വാങ്കു വിളി കേള്‍ക്കുമ്പോള്‍ സുജാത നൃത്തം ചെയ്യുന്ന ഒരു ദൃശ്യമുണ്ട്. ഇവിടെ പ്രേക്ഷകര്‍ ക്രൂരമായി കബളിപ്പിക്കപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ സൂഫിസത്തിന് ഇത്തരമൊരു വര്‍ണോജ്വല മുഖമില്ല. ദാരാഷിക്കോവിനെയും ജലാലുദ്ദീന്‍ റൂമിയെയുമൊക്കെ മുന്‍നിര്‍ത്തിയുള്ള ആഖ്യാനങ്ങള്‍ സൂഫിസത്തിന്റെ പൊതുസ്വഭാവത്തെ പ്രതിനിധീകരിക്കുന്നില്ല. ”ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയെ ഒന്നുനോക്കുന്നതോടെ നോക്കുന്നയാളുടെ നെറ്റിയിലെ കുങ്കുമം അപ്രത്യക്ഷമാകുന്നു” എന്ന അമീര്‍ ഖുസ്രുവിന്റെ സൂഫി കവിതയിലെ വരികള്‍ മതംമാറ്റത്തെയാണ് പ്രചോദിപ്പിക്കുന്നത്. ഏതോ ഒരു സൂഫിയുടെ പ്രേരണയാല്‍ മതംമാറിയ എ.ആര്. റഹ്മാന്റെ മാതാവ് തന്റെ വീട്ടിലെത്തിയ ഒരാളുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട് മായ്ച്ചു കളയാന്‍ ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തല്‍ വലിയ വിവാദമായത് ഇവിടെ ഓര്‍ക്കാം. റഹ്മാന്റെ മകളും കടുത്ത മതമൗലികവാദിയായാണല്ലോ പ്രത്യക്ഷപ്പെടുന്നത്.
വാങ്ക് വിളികേട്ട് നൃത്തം ചെയ്യുന്ന പെണ്‍കുട്ടി എന്നതില്‍ തന്നെ ഒരു വൈരുദ്ധ്യമുണ്ട്. മതാന്തര ജീവിതം ഇസ്ലാം അനുവദിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്. ലൗജിഹാദിനെ പിന്തുണയ്ക്കുന്ന മൂലധന ശക്തികള്‍ സിനിമയിലും വന്‍തോതില്‍ മുതല്‍മുടക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഹിന്ദുനാമധാരികളോ ക്രൈസ്തവ നാമധാരികളോ ആയ പല നിര്‍മാതാക്കളുടെയും പിന്നിലേക്ക് അന്വേഷിച്ചു ചെന്നാല്‍ മുസ്ലിമായ ഫിനാന്‍സിയേഴ്സിനെ കാണാനാവും. ഇവരുടെ ഫത്വയെ മറികടക്കാനുള്ള ശേഷിയൊന്നും നിര്‍മാതാവിന്റെയും സംവിധായകന്റെയും വേഷമിട്ടിരിക്കുന്നവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുണ്ടാവില്ല. ഇസ്ലാമിക പ്രമേയങ്ങള്‍ സിനിമകളാകുമ്പോള്‍ മതഭ്രാന്തിന്റെ സ്ഥാനത്ത് മതേതരത്വം ഇടംപിടിക്കുന്നതിന് മമ്മൂട്ടി നായകനായ 1921, ചിത്രീകരിക്കാനിരിക്കുന്ന വാരിയന്കുന്നനുമൊക്കെ ഉദാഹരണങ്ങളാണല്ലോ. സ്വാതന്ത്ര്യസമരത്തിലുണ്ടായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ‘വര്‍ത്തമാനം’ എന്ന സിനിമയിലും ചരിത്രത്തെ വളച്ചൊടിക്കാന്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്.
മതേതരമായിരിക്കേണ്ട പൊതു സമൂഹത്തില്‍നിന്ന് എല്ലാ അര്‍ത്ഥത്തിലും അകറ്റിനിര്‍ത്തപ്പെടേണ്ട ഒരു സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുമായി സഖ്യമുണ്ടാക്കാതിരുന്നാല് മാത്രം പോരാ. പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മതവിഭാഗീയത വിറ്റഴിക്കുകയും, വംശഹത്യ നടത്തുകയും ചെയ്യുന്ന ഇവരുടെ മുഖംമൂടികള്‍ വലിച്ചുകീറേണ്ടതുണ്ട്. മൗലാന മൗദൂദി എന്ന മതഭ്രാന്തന് സ്ഥാപിച്ച ഈ സംഘടന ജമ്മുകശ്മീരിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമൊക്കെ ഭീകരവാദികള്‍ക്കൊപ്പമാണ്. രാഷ്ട്രീയവും കലയുമുള്പ്പെടെ ഏതൊരു മേഖലയിലും ഇവര്‍ക്ക് ഇടം ലഭിക്കുന്നത് വിപത്തുകളെ ക്ഷണിച്ചുവരുത്തും. കേരളത്തിനു മാത്രം ഇക്കാര്യത്തില്‍ ഇളവു ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: