പാലക്കുന്ന്: പാലക്കുന്ന് കഴകത്തിലെ 122 വയനാട്ടുകുലവന്‍ തറവാടുകളില്‍ വാര്‍ഷിക പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) അടിയന്തിരം അതാത് തറവാട് കമ്മിറ്റികള്‍ക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ ആചരിച്ചു വരികയാണിപ്പോള്‍. നിലവിലെ സാഹചര്യത്തില്‍ ചടങ്ങില്‍ മാത്രമൊതുക്കി ഈ വാര്‍ഷിക പുത്തരികൊടുക്കല്‍ ചടങ്ങ് തറവാട് അംഗങ്ങളിലും പ്രത്യേകം ക്ഷണിക്കപ്പെട്ട ചുരുക്കം ചില സമീപവാസികളിലും ഒതുങ്ങിയപ്പോള്‍ തറവാട് വളപ്പില്‍ ആളും ആരവവും ഇല്ലാതായി.
വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ സ്പന്ദനസുഖം കൊവിഡ് നിബന്ധനകളില്‍ പാടേ നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതി ഉയരുന്നുണ്ടെങ്കിലും തൊണ്ടച്ചന്മാര്‍ക്ക് പുത്തരി വിളമ്പാന്‍ സാധിച്ചതില്‍ അവര്‍ തൃപ്തരാവുകയാണ്. ഒരു വര്‍ഷമായി വയനാട്ടുകുലവന്‍ തെയ്യം കെട്ടുത്സവങ്ങളും മറ്റും നടക്കാതിരിക്കുമ്പോള്‍ വരുമാനമില്ലാതെ വറുതിയിലായ വെളിച്ചപ്പാടന്മാര്ക്കും മറ്റു സഹായികള്‍ക്കും തറവാടുകളിലെ പുത്തരി കൊടുക്കല്‍ ചടങ്ങ് മാത്രമാണിപ്പോള്‍ തെല്ലൊരാശ്വാസം.
തുലാപത്തിനു ശേഷമാണ് ജില്ലയില്‍ തീയ സമുദായ എട്ടില്ലം തറവാടുകളില്‍ പുത്തരി അടിയന്തിരത്തിന് തുടക്കം കുറിക്കുന്നുന്നത്. വിഷുവിനു മുന്‍പായി മിക്കയിടത്തും ഇതു പൂര്‍ത്തിയാകും. അടവിതരണവും തുടര്‍ന്ന് നടത്തുന്ന സമൂഹ സദ്യയും പരിമിതമാകുമ്പോഴും വര്‍ഷത്തില്‍ നടത്തുന്ന ഈ ചടങ്ങ് ഏറെ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ തറവാട് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുത്തരിക്കു ശേഷം നേര്‍ച്ചയായി നടത്തുന്ന ‘കൈവീത്’ ചിങ്ങം വരെ നടത്താം.
ആള്‍ക്കൂട്ടം വേണ്ടെന്നുവെച്ചാലും പുത്തരി അടിയന്തിര ചടങ്ങുകളില്‍ വെളിച്ചപ്പാടന്മാരുടെ സാന്നിധ്യം നിര്‍ണായകമാണ്. പുത്തരി അടിയന്തിരങ്ങളില്‍ നിന്ന് കിട്ടുന്ന പ്രതിഫലം മാത്രമാണിവര്‍ക്ക് ഇപ്പോള്‍ തെല്ലൊരാശ്വാസമെന്ന് ‘വിഷ്ണു മൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാടന്‍ പരിപാലന സംഘം’ ജില്ലാ പ്രസിഡന്റ് അരവിന്ദന് കാസര്‍കോട് പറയുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം കിട്ടിയില്ലെങ്കില്‍ ജില്ലയിലെ നൂറോളം വരുന്ന വെളിച്ചപ്പാടന്മാര് മുഴുപട്ടിണിയിലാകുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.
രാത്രിയിലെ അട വിതരണവും സമൂഹ പുത്തരി സദ്യ വിളമ്പലും പരിമിതപ്പെടുത്തുമെങ്കിലും ചടങ്ങുകള്‍ എല്ലാം കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ തറവാട് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: