ന്യൂദല്‍ഹി: കോവിഡ് എന്ന മഹാമാരി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മരണശയ്യയില്‍ കിടത്തിയ ഇരുണ്ടനാളുകള്ക്ക് ശേഷം അവതരിപ്പിക്കുന്ന ബജറ്റിന് എല്ലാവിധ ആഡംബരങ്ങളും ദുഷ്ചെലവുകളും ഒഴിവാക്കും. 2021-22ലെ കേന്ദ്രബജറ്റ് പ്രിന്റ് ചെയ്യില്ലെന്ന് മാത്രമല്ല, അതിന്റെ ഭാഗമായുള്ള ഹല്‍വ മുറിക്കലും ഒഴിവാക്കും.
പാര്‍ലമെന്റ് നോര്‍ത്ത് ബ്ലോക്കില്‍ ബജറ്റ് പ്രിന്റ് ചെയ്യാന്‍ മാത്രമായി ഒരു പ്രിന്റിംഗ് പ്രസുണ്ട്. ഇവിടെ 100ഓളം ജീവനക്കാര്‍ രാപകലില്ലാതെ അധ്വാനിച്ചാണ് ബജറ്റ് പ്രിന്റിംഗ് അതീവരഹസ്യമായി പൂര്‍ത്തിയാക്കുന്നതാണ് പതിവ്. കോവിഡ് ആശങ്കകള്‍ കാരണമാണ് ഇക്കുറി പ്രിന്റിംഗ് വേണ്ടെന്ന് വെച്ചത്. എല്ലാ വര്‍ഷവും ബജറ്റ് പ്രിന്റിംഗ്തുടങ്ങുന്നതിന് മുമ്പ് ഹല്‍വ മുറിക്കല്‍ എന്നൊരു ചടങ്ങുണ്ട്. ഇതും ഇക്കുറി ഒഴിവാക്കി.
പകരം ഇക്കുറി ബജറ്റ് ഡിജിറ്റല്‍ രൂപത്തിലാണ് എത്തുക. പാലമെന്റിലെ 750ഓളം വരുന്ന അംഗങ്ങള്‍ക്ക് ബജറ്റും സാമ്പത്തിക സര്‍വ്വേയും സോഫ്റ്റ് കോപ്പിയായി നല്‍കും. അതിനാല്‍ ഇക്കുറി പ്രിന്റ് ചെയ്ത ബജറ്റുമായി പാര്‍ലമെന്റിലേക്ക് ലോറി വരുന്ന പതിവും തെറ്റും. 1947ന് ശേഷം ഇതാദ്യമായാണ് ഇത്തരം പതിവുകള്‍ ഒഴിവാക്കി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് പുതിയ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.
ഏറ്റവുമധികം വെല്ലുവിളികളുയര്‍ത്തുന്ന ഒന്നായിരിക്കും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വാക്സിന് നല്കുന്ന കോവിഡാനന്തര ബജറ്റ്. മുമ്പൊരിക്കലും ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു ബജറ്റായിരിക്കും ഇതെന്ന് നിര്‍മ്മല സീതാരാമന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
2020-21 പല വിധത്തിലും പതിവുകള്‍ തെറ്റിച്ച വര്‍ഷമായിരുന്നു. കോവിഡ് 19 മുന്നോട്ട് കൊണ്ട് വന്ന പല മാറ്റങ്ങളില്‍ ഒന്ന് പേപ്പറില്ലാത്ത പാര്‍ലമെന്റായിരുന്നു. പരിപൂര്‍ണ്ണമായും ഡിജിറ്റല്വല്ക്കരിക്കപ്പെട്ട പാര്‍ലമെന്റ് എന്നത് വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു. എന്നാല്‍ ഇക്കുറി ഡിജിറ്റല്‍ ബജറ്റ് എത്തുകയാണ്. ഇതിന് കോവിഡിനോടും ഒരു നന്ദി പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: