ലോകത്തെയാകമാനം ഇപ്പോള്‍ ബാധിച്ചിരിക്കുന്ന മഹാമാരി അറിയപ്പെടുന്നത് കൊവിഡ്- 19 എന്നാണെങ്കിലും 2020-നെ ആയിരിക്കും കോവിഡിന്റെ വര്‍ഷമായി ലോകം കണക്കാക്കുക. വാസ്തവത്തില്‍ വുഹാന്‍ വൈറസ് രോഗം എന്നു നാമകരണം ചെയ്യപ്പെടേണ്ടിയിരുന്ന ഇപ്പോഴത്തെ മഹാമാരിക്ക് ഇത്തവണ പ്രാദേശികമല്ലാതെയുള്ള ഒരു സംജ്ഞയാണ് ലോകാരോഗ്യസംഘടന നല്‍കിയത്. അങ്ങനെ രോഗത്തിന് കൊറോണാ വൈറസ് ഡിസീസ് -19 അഥവാ കൊവിഡ് -19 എന്നും, കാരണമായ വൈറസിന് SARSCov2 (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രം കൊറോണാ വൈറസ് -2) എന്നും പേര് നല്കപ്പെട്ടു. ഇതിനു മുന്‍പ് 2012-ല്‍ ഉണ്ടായ കോവിഡ് ബാധയെ MERS coronavirus EMC/2012 (MERS coronavirus Erasmus Medical Center/2012) എന്നു വിളിക്കുന്നു. MERS എന്നാല്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം എന്നാണര്‍ത്ഥമാക്കുന്നത്. മധ്യപൂര്വ്വദേശത്താണ് അതാദ്യമായി പ്രത്യക്ഷമായതെന്ന അര്‍ത്ഥത്തിലാണത്. കോവിഡ്-19 അതുത്ഭവിച്ച പ്രദേശത്തിന്റെ സൂചനയൊഴിവാക്കി നാമകരണം ചെയ്യപ്പെട്ടത് ലോകാരോഗ്യ സംഘടനയ്ക്കുമേല്‍ ചൈനയ്ക്കുണ്ടായ സ്വാധീനം മൂലമാണെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. വൈറസിന്റെ ഉദ്ഭവം ചൈനയില്‍ നിന്നാണെന്നും അല്ലായെന്നുമുള്ള തര്‍ക്കം ചൈനയുയര്ത്തുന്ന എതിര്‍വാദങ്ങള്‍ മൂലം തുടരുന്നുണ്ട്.
മിക്ക രാജ്യങ്ങളെയും ഏതാണ്ട് ഒരു രീതിയിലാണ് കോവിഡ്-19 ബാധിച്ചതെന്നു കാണാം. രോഗമെത്തിയ ഒരുവിധപ്പെട്ട എല്ലാ രാജ്യങ്ങളിലും അത് പടര്‍ന്നുപിടിച്ചു. സാമൂഹിക അകലം എല്ലാവരുടെയും ചുണ്ടിലെ മന്ത്രവും, മാസ്ക് ധരിക്കല്‍ ഒഴിവാക്കാനാകാത്ത ചര്യയുമായി. വ്യവസായശാലകള്‍ പൊടുന്നനെ അടഞ്ഞു. സുഖത്തിന്റെയും സൗകര്യത്തിന്റെയും അടയാളമായിരുന്ന എയര്‍ കണ്ടീഷന്‍ഡ് മുറികള്‍ രോഗസംക്രമണ സാധ്യത വര്ദ്ധിപ്പിക്കുന്നവയായി കണക്കാക്കപ്പെട്ടു. അന്താരാഷ്ട്ര യാത്രകളും ആഭ്യന്തരയാത്രകളും തടസ്സപ്പെട്ടു. ആഗോളവല്ക്കരണവും വര്‍ദ്ധിച്ച അന്താരാഷ്ട്ര യാത്രകളും പുതിയ ധനാഗമമാര്‍ഗ്ഗങ്ങളും വഴി ഒരൊറ്റക്കുടുംബമായി മാറിക്കൊണ്ടിരുന്ന ലോകം ഓരോരോ കുടുംബങ്ങളെന്ന തുരുത്തുകളിലേക്ക് ചുരുങ്ങി. റോഡുകള്‍ വിജനമായി. നാട്ടിന്‍പുറങ്ങളിലേക്കും നഗരങ്ങളിലേക്കും പ്രകൃതി തിരികെ പ്രവേശിച്ചു.
കൊവിഡ്-19 രോഗബാധ ആദ്യമായി പ്രത്യക്ഷപ്പെട്ട ചൈനയില്‍നിന്നും അന്നുവന്ന റിപ്പോര്‍ട്ടുകള്‍ ഭീതിദങ്ങളായിരുന്നു. വുഹാന്‍ നഗരത്തില്‍ ആളുകള്‍ നടന്നുപോകുമ്പോള്‍ത്തന്നെ മരിച്ചുവീഴുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അത്തരം സംഭവങ്ങള്‍ വാസ്തവങ്ങളായിരുന്നു. സാധാരണഗതിയില്‍ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞാല്‍ ആളുകള്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെടും കൊവിഡ്-19 രോഗബാധയില്‍ ക്രമാതീതമായി പ്രാണവായുവിന്റെ അളവ് രക്തത്തില്‍ കുറയുമ്പോഴും രോഗബാധിതര്‍ അതറിയാതെപോകുന്ന ‘സൈലന്റ് ഹൈപോക്സിയ’ അല്ലെങ്കില്‍ ‘ഹാപ്പി ഹൈപോക്സിയ’ എന്ന് വിളിക്കപ്പെടുന്ന അവസ്ഥ രോഗികളില്‍ സംജാതമാവുന്നു. രോഗബാധയുണ്ടായാല്‍ മരണം ഉറപ്പാണെന്ന ചിന്തയാണ് ലോകമെങ്ങും ആദ്യമുണ്ടായത്. കൃത്യമായ സമയത്ത് രോഗവ്യാപനത്തിന്റെ തീക്ഷ്ണതയെപ്പറ്റി ലോകത്തിന് മുന്നറിയിപ്പ് നല്കുന്നതില് ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച സംഭവിച്ചതിനാല്‍ ചൈനയ്ക്ക് വെളിയിലേക്ക് അതിവേഗം രോഗം പടരാന്‍ കാരണമായി.
ചൈനയ്ക്കേറ്റ തിരിച്ചടി
കൊവിഡ്-19 രോഗവ്യാപനത്തിനും മരണത്തിനുമപ്പുറം ആഘാതമേല്‍പ്പിച്ച മറ്റൊരു രാജ്യം ചൈനയാണ്. ചൈനയാണ് മഹാമാരിയുടെ ഉറവിടം എന്നുള്ളത് ആദ്യമേ തെളിഞ്ഞതാണ്. ചൈനയുടെ ലാബില്നിന്നുള്ളതാണ് വൈറസെന്ന രാഷ്ട്രീയാരോപണം ആ രാജ്യത്തിന്റെ വിശ്വാസ്യത നശിക്കാനും,
ചൈനയോട് മറ്റുള്ളവര്‍ക്ക് എതിര്‍പ്പ് വളരാനുമിടയാക്കി. കൊവിഡ്-19 രോഗത്തിനെതിരെ ലോകം പോരാടിക്കൊണ്ടിരിക്കുന്ന വേളയില്‍ ചൈന നടത്താന്‍ ശ്രമിച്ച സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ മുതലെടുപ്പുകള്‍ ആഗോളതലത്തില്‍ രോഷമുയരാനും ചൈന ഒറ്റപ്പെടാനും കാരണമായി. ചൈനീസ് നീക്കങ്ങളില്‍ ലോകം ഏറ്റവും ഭയപ്പെട്ടത്, മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഷെയര്‍ മാര്‍ക്കറ്റുകള്‍ തകര്‍ന്നപ്പോള്‍ വിലയിടിഞ്ഞ ഷെയറുകള്‍ വാങ്ങിക്കൂട്ടി ചൈനീസ് കമ്പനികള്‍ ചൈനയ്ക്ക് വെളിയില്‍ വ്യവസായാധിനിവേശം നടത്താന്‍ ശ്രമിച്ച താണ്. ഇത്തരം ചൈനീസ് ഇടപെടലുകള്‍ ചൈനയും യുഎസ്സുമായി വ്യാപാരയുദ്ധത്തിലെത്തുന്നതില് കലാശിച്ചു. ചൈനയില്‍ നിക്ഷേപം നടത്തിയിരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് മുന്നില്‍ വന്നതോടെ ചൈനയിലെ നിരവധി കമ്പനികളുടെ ഭാവി അനിശ്ചിതത്വത്തിലായി. വിദേശകമ്പനികളുടെ ചൈനയ്ക്കുള്ളിലെ നിക്ഷേപം പിന്വലിക്കപ്പടാന് തുടങ്ങി. ചൈനയിലെ ആഭ്യന്തര വ്യവസായ, തൊഴില്‍ മേഖലകളില്‍ സാരമായ കേടുപാടുകളാണ് സൃഷ്ടിച്ചത്.
ചൈന ഭാരതത്തിനും തായ്വാനുമെതിരെ സൈനികമായി നീങ്ങാന്‍ ശ്രമിച്ചത് ചൈനീസ് രാഷ്ട്രീയ നേതൃത്വത്തില്‍ ലോകത്തിനുണ്ടായിരുന്ന വിശ്വാസ്യത ഇല്ലാതാക്കി. ലോകം ചൈനാവിരുദ്ധമായി പെട്ടെന്ന് ധ്രൂവീകരിക്കപ്പെട്ടു. തെക്കന്‍ ചൈനാക്കടലില്‍ യുഎസ്സിന്റെയും ഇന്ത്യയുടേയുമടക്കം നാവികസേനകള്‍ ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ നിലയുറപ്പിച്ചു. ചൈനയ്ക്കെതിരെ തുറന്ന നീക്കം നടത്താന്‍ പാകത്തില്‍ ഗാല്‍വന്‍ സംഭവം ഭാരതത്തെ പ്രേരിപ്പിച്ചു. ഗാല്‍വനില്‍ ഭാരതം നല്കിയ തിരിച്ചടിയില്‍ ചൈനയുടെ നിരവധി പട്ടാളക്കാര്‍ കൊല്ലപ്പെട്ടത് ചൈനീസ് സൈനികശേഷി പൊള്ളയാണെന്നുള്ള തോന്നല്‍ ലോകമാസകലമുണ്ടാക്കി. ഇന്നോളം ഭാരതം സാമാന്യേന രഹസ്യമാക്കിവച്ചിരുന്ന സ്പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്സ് എന്ന ഗറില്ലാസ്വഭാവമുള്ള സായുധസേനയെ പരസ്യമായി രംഗത്തിറക്കി എന്നുള്ളത് ഗാല്‍വന്‍ സംഭവത്തിന്റെ ഫലമായിരുന്നു. സ്പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്സിലെ സൈനികര്‍, ഇന്ത്യക്കാരല്ല, ടിബറ്റന്‍ യുവാക്കളാണ്. ചൈന ഭാരതത്തെ പ്രകോപിപ്പിച്ചാല്‍ ടിബറ്റ് വിഷയത്തില്‍ ഭാരതം മുന്‍പ് സ്വീകരിച്ചിരുന്ന നയങ്ങള്‍ ഉപേക്ഷിക്കുമെന്നും, ടിബറ്റന്‍ സ്വാതന്ത്ര്യമടക്കമുള്ള കാര്യങ്ങളില്‍ ഭാരതത്തിന് ചൈനയ്ക്കെതിരായ ഉറച്ച നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഹിമാലയത്തിലെ അതിര്‍ത്തി മേഖലകളില്‍ എസ്എഫ്എഫിന്റെ പരസ്യമായ വിന്യസിക്കല്‍. അടിയന്തരമായി റാഫാല്‍ വിമാനങ്ങള്‍ ഭാരതത്തിലെത്തിച്ച നമ്മുടെ നേതൃത്വം ചൈനയുമായി യുദ്ധത്തിന് തയ്യാറാണെന്നും, യുദ്ധമുണ്ടായാല്‍ 1962-ല്‍ നിന്നും വ്യത്യസ്തമായ അന്തരീക്ഷമായിരിക്കും ചൈന നേരിടേണ്ടി വരിക എന്നുമുള്ള സന്ദേശങ്ങള്‍ ഭാരതത്തിന്റെ നീക്കങ്ങളില്‍ വ്യക്തമായിരുന്നു.
മഹാമാരിയെ ചെറുത്തും സ്വയം പര്യാപ്തത
ഒരു വശത്ത് കൊവിഡ്-19 ലോകത്തെ തളര്‍ത്തിയപ്പോള്‍, മറുവശത്ത് പല രാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കും മഹമാരിയുടെ പശ്ചാത്തലം പിടിച്ചുനില്‍ക്കാനും, സ്വയം തകരാതെ ധൈര്യവും ആത്മവിശ്വാസവും സംഭരിച്ച് മുന്നേറാനുമുള്ള പ്രചോദനവും നല്കി. ഏറ്റവും നല്ല ഉദാഹരണം ഭാരതമാണ്. എത്രയോ ഉല്‍പ്പന്നങ്ങള്‍ക്കായി ഭാരതം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിയെ ആശ്രയിക്കുകയായിരുന്നു. കൊവിഡ് വ്യാപനഭീതിയും, ഭാരതവും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇറക്കുമതികളെ ബാധിച്ചു. പല ഇറക്കുമതികളും ഭാരതത്തിന് സ്വയം അവസാനിപ്പിക്കേണ്ടിയും വന്നു. ഇത് ഭാരതത്തിനു നല്‍കിയത് ആഭ്യന്തരമായി ഉത്പാദന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള അവസരമായിരുന്നു. ഭാരതം ഇക്കാര്യത്തില്‍ അവസരത്തിനൊത്തുയരുകയും, ആഭ്യന്തരവ്യവസായത്തെയും, വ്യവസായങ്ങളിലെ വിദേശനിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ അടിയന്തരമായി സ്വീകരിക്കുകയും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു.
ആദ്യ മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ ഇന്ത്യ ഊര്‍ജ്ജോത്പാദനത്തില്‍ സ്വയം പര്യാപ്തമായിരുന്നു എന്നതിനാല്‍ എത്ര വ്യവസായങ്ങള്‍ വന്നാലും ഭാരതത്തില്‍ ഊര്ജ്ജപ്രതിസന്ധിയുണ്ടാകില്ല എന്നുള്ള ആത്മവിശ്വാസം പുതിയ നയങ്ങളിലേക്ക് കാലെടുത്തുവയ്ക്കാന്‍ സഹായകമായി. ഉത്തര്‍പ്രദേശും തമിഴ്നാടും കര്‍ണാടകയും പെട്ടെന്ന് വിദേശനിക്ഷേപങ്ങള്‍ക്കുള്ള സൗകര്യങ്ങളൊരുക്കി. ആപ്പിളും സാംസങ്ങും ഭാരതത്തിലേക്കെത്തുന്നതുതന്നെ ആഗോള ഉത്പാദകനെന്ന ചൈനയുടെ സ്ഥാനത്തിന് മങ്ങലേല്‍പ്പിക്കുന്നു. കൂടുതല്‍ കമ്പനികള്‍ ചൈന വിടുകയും ഇന്ത്യയിലേക്ക് വരികയും ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും, അതിനായുള്ള നീക്കങ്ങള്‍ തുടങ്ങുകയും ചെയ്തുകഴിഞ്ഞു. കൊവിഡ് വ്യാപനസമയത്ത് പിപിഇ കിറ്റുകള്‍, ഡയഗ്നോസ്റ്റിക് കിറ്റുകള്‍, അനുബന്ധ ആശുപത്രി ഉത്പന്നങ്ങള്‍ എന്നിവയെല്ലാം കയറ്റിയയച്ച് അമിതലാഭമുണ്ടാക്കാനും, ആഗോളതലത്തില്‍ കമ്പനികളുടെ ഷെയറുകള്‍ വാങ്ങിക്കൂട്ടുവാനും സാധിച്ച ചൈനയാണ് ഇപ്പോള്‍ കമ്പനികള്‍ ആ രാജ്യത്തെ ഉപേക്ഷിക്കുന്ന ഭീഷണി നേരിടുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഭാരതത്തിനു ഗുണവും ചൈനയ്ക്ക് ദോഷകരവുമാകും. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഭാരതത്തിലേക്ക് വരുമ്പോള്‍, സ്വാഭാവികമായും ഭാരതത്തില്‍ തൊഴിലവസരങ്ങള്‍ ധാരാളം വര്‍ദ്ധിക്കുകയും ചൈനയില്‍ തൊഴില്‍ ക്ഷാമത്തിനിടയാക്കുകയും ചെയ്യും.
കൊവിഡ് കാലഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യവസായ നയങ്ങളും, ഭാരതസര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ പാക്കേജുകളും ഭാരതത്തെ ആഗോള വ്യവസായ ഹബ്ബായി ഉയര്‍ത്താന്‍ സഹായകമാകുന്നവയാണ്. ചെന്നൈ നഗരം മുന്‍പേതന്നെ വ്യവസായ സൗഹൃദപരമാണെന്നതും, അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ പ്രശ്നങ്ങള്‍ കൂടാതെ ഇരുപതു വര്‍ഷത്തിലധികമായി ചെന്നൈയിലെ ശ്രീപെരുമ്പുതൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതും വിദേശ കമ്പനികള്‍ക്ക് ഭാരതത്തില്‍ വ്യവസായശാലകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നുള്ള ആശയം സ്വീകാര്യമാകുന്നതിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതിനാല്‍ ചെന്നൈ മാത്രമല്ല, തമിഴ്നാട്ടില്‍ ഹൊസൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും പുതിയ വമ്പന്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നത് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. തമിഴ്നാടിനു പുറത്ത് യുപിയാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ഉത്പാദനത്തില്‍ ഭാരതം സ്വയംപര്യാപ്തമാകണമെന്ന നയം കോവിഡ് കാലഘട്ടത്തില്‍ രാഷ്ട്രീയനേതൃത്വം കൈക്കൊണ്ടതിന്റെ ഫലം ഏറ്റവും അനുഭവിക്കുക ഉത്തര്‍പ്രദേശ് ആയിരിക്കും. അഞ്ചുവര്‍ഷങ്ങള്‍ക്കകം ഇന്ത്യയില്‍ ഏറ്റവും വലിയ വ്യവസായകേന്ദ്രമായി യോഗിയുടെ യുപി മാറും.
പ്രകൃതി തിരികെയെത്തി, പക്ഷേ…
കൊവിഡ്-19 ലോകമാസകലം ശമ്പളം വാങ്ങി ജീവിക്കുന്ന മൂന്നു ബില്യണിലധികം ആളുകളുടെ വരുമാനത്തെ ബാധിച്ചു. ഇന്‍ഷുറന്‍സും മറ്റു സാമൂഹികസുരക്ഷകളുമുള്ള ആളുകളുടെ കാര്യത്തില്‍ നിലനില്‍പ്പ് ഭീഷണി കുറവായിരുന്നു. എങ്കിലും ‘ഇന്‍ഫോമല്‍’ വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മിക്കവര്‍ക്കും അത്തരം സംരക്ഷണങ്ങള്‍ ഇല്ലാതിരുന്നത് ലോകമെങ്ങും ബാധിച്ചിട്ടുണ്ട്. ഭാരതം ഇതിനെ മറികടന്നത് വിവിധ പാക്കേജുകള്‍ നല്‍കിയും സംസ്ഥാനങ്ങള്‍ക്ക് ധനസഹായങ്ങളും പ്രഖ്യാപിച്ചും, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ വന്‍ ഭക്ഷ്യധാന്യശേഖരം ആവശ്യാനുസരണം വിനിയോഗിക്കാനായി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടുമാണ്. കേന്ദ്രസര്‍ക്കാര്‍ നല്കിയ ധനസഹായവും എഫ്സിഐയില്‍ നിന്നും നല്കിയ ധാന്യശേഖരവും ജനങ്ങള്‍ക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ തയ്യാറാക്കാനും, ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനും എല്ലാ സംസ്ഥാനങ്ങളെയും സഹായിച്ചു.
ലോകമെങ്ങും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയെന്നത് മഹാമാരിക്കാലത്ത് സംഭവിച്ചു. സംസ്ഥാനാതിര്‍ത്തികളും അടയ്ക്കേണ്ടിവന്നു. പക്ഷേ, അതെല്ലാം നമ്മള് അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗം മാത്രമാണ്. വാക്സിനേഷന് പൂര്‍ത്തിയാകുന്നതുവരെ ഭാരതത്തിലും ലോകത്തിന്റെ മിക്കയിടങ്ങളിലും പല തോതിലുമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നത് വാസ്തവമാണ്. അതെന്തൊക്കെയായാലും കൊവിഡ്-19 പ്രതിരോധത്തിനായി ഭാരതം കൈക്കൊണ്ട നടപടികള്‍ അങ്ങേയറ്റം പ്രശംസനീയങ്ങളാണ്. ലോകത്തേറ്റവും നല്ല രീതിയില്‍ ബോധവല്‍ക്കരണം നടത്താനും ഭാരതത്തിനായി. ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തര സ്വഭാവത്തിലുള്ളതായിരുന്നു. ഐസിഎംആര്‍ ഇന്ത്യയിലെ എല്ലാ മെഡിക്കല്‍ കോളജുകളുമായും ബന്ധപ്പെടുകയും, എല്ലായിടത്തും റിയല്‍ ടൈം പിസിആര്‍ വഴി ഡയഗ്നോസ്റ്റിക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യലാബുകള്‍ക്കും അക്രഡിറ്റേഷനുകള്‍ ലഭിക്കാനുള്ള നടപടികള്‍ ലഘൂകരിച്ചതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചതിന്റെ തെളിവാണ്.
കൊവിഡ്-19 നിരവധി കുടുംബങ്ങളില്‍ വേദന വിതച്ചിട്ടുണ്ട്. വലിയ അരക്ഷിതത്വം ലോകം മുഴുവന്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ മഹാമാരി മൂലം ലോകം നിശ്ചലമായപ്പോള്‍ പ്രകൃതി തിരികെയെത്തി. മാലിന്യങ്ങളും മലിനീകരണവും കുറഞ്ഞു. പച്ചപ്പ് തിരികെയെത്തി. എന്നാല്‍ നമ്മള് പഴയ ജീവിതത്തിലേക്ക് തിരികെ പോകുന്നതോടെ പ്രകൃതിക്കും നമ്മളില്‍നിന്ന് അതനുഭവിച്ചിരുന്ന നാശത്തിലേക്ക് മടങ്ങേണ്ടിവരും. മനുഷ്യന് പടുത്തുയര്‍ത്തിയ ജീവിതസൗഭാഗ്യങ്ങള്‍ പ്രകൃതിയുടെ ത്യാഗത്തിലായിരുന്നു. മനുഷ്യനുവേണ്ടി പ്രകൃതി എന്തൊക്കെ നഷ്ടപ്പെടുത്തി എന്ന് തിരിച്ചറിയാനുള്ള ഒരവസരം കൂടിയാണ് ഈ മഹാമാരിക്കാലം.
ട്രമ്പും മോദിയും രണ്ടു വഴിയേ
കൊറോണാക്കാലമെന്നു വിളിക്കപ്പെട്ട 2020-ല്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. നമ്മള് പൊരുതുമെന്നും അതിജീവിക്കുമെന്നുമുള്ള പ്രത്യാശയാണ് ജനങ്ങള്‍ക്ക് പകര്ന്നുനല്കിയത്. സ്വയംപര്യാപ്തത ഒരു മന്ത്രമായി ഭാരത ജനത സ്വീകരിച്ചു. അതിന്റെ ഫലം കേരളവും നേരില്‍ക്കണ്ടു. വീഡിയോ കോണ്ഫറന്സിങ്ങുകള് സുഗമമാക്കുന്ന പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്ന മത്സരം പ്രധാനമന്ത്രി പ്രഖ്യാപി
ച്ചപ്പോള്‍, അതില്‍ മുന്നിലെത്തിയത് ആലപ്പുഴയില്‍ നിന്നുള്ള കമ്പനിയായിരുന്നു. ആഗോളതലത്തിലെ പല ഐടി ഭീമന്മാരായ കമ്പനികളും നല്കുന്ന സേവനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും നല്കാന് കഴിയുമെന്ന ആത്മവിശ്വാസം ഭാരതീയരിലും നമ്മുടെ സംരംഭകരിലും പകര്ന്നുനല്കാന് നമ്മുടെ പ്രധാനമന്ത്രിക്കായി. ഏതിനും പകരമുള്ള ഉത്പന്നങ്ങളോ കുറേക്കൂടി മെച്ചപ്പെട്ട ഉത്പന്നങ്ങളോ നമുക്ക് നല്കാന് കഴിയുമെന്ന് ഭാരതീയര്‍ക്ക് ചിന്തിക്കാനായി. സ്വയംപര്യാപ്തതയുടെ സന്ദേശം നല്കുമ്പോഴും ഭാരതപ്രധാനമന്ത്രിയെ ശത്രുവായി കാണാന്‍ ഭാരതവുമായി മത്സരം അഭിമുഖീകരിക്കേണ്ട പല രാജ്യങ്ങളും തയ്യാറായില്ലെന്നു മാത്രമല്ല, അവരെല്ലാം ഭാരതത്തെ കൂടുതല്‍ മിത്രഭാവത്തില്‍ വീക്ഷിക്കുകയും ചെയ്തു. പ്രത്യേകിച്ചും വാക്സിന് ഉത്പാദനത്തില്‍. ഭാരതം വാക്സിന് ഉത്പാദിപ്പിക്കുമ്പോള്‍ അത് ലോകമെങ്ങും വിതരണം ചെയ്യാമെന്നുമുള്ള ആശയമാണ് പല അന്താരാഷ്ട്രനേതാക്കളും കമ്പനികളും സ്വീകരിച്ചത്. രണ്ട് വാക്സിനുകള്‍ ഇപ്പോള്‍ ഭാരതം സ്വന്തമായി ഉല്‍പ്പാദിപ്പിച്ചിരിക്കുന്നു. ഇതിലൊന്നായ കൊവിഷീല്‍ഡ് ബ്രിട്ടനിലെ ഒക്സ്ഫോര്‍ഡ് സര്‍വകലാശാല ആസ്ട്ര സെനക എന്ന കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിച്ചതാണെങ്കിലും മുബൈയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് നിര്‍മിക്കുന്നത്. ഹൈദരാബാദിലെ ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് നമ്മുടെ സ്വന്തം വാക്സിനാണ്. ഭാരതീയരുടെ ജോലിശ്രദ്ധയിലും മിടുക്കിലും കഴിവിലുമുള്ള വിശ്വാസം തന്നെയാണിത്. ലോകം കൂടുതല്‍ ഭാരതത്തോട് അടുക്കുകയാണ്. കൊവിഡ് മൂലം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ചൈനയ്ക്ക് ഇപ്പോള്‍ ഭാരതം ധാന്യങ്ങള്‍ നല്കി സഹായിക്കുന്നുണ്ട്.
ഭാരതത്തിന്റെയും യുഎസ്സിന്റെയും രാഷ്ട്രനായകന്മാര്‍ കൊവിഡ് -19 പ്രതിരോധശ്രമങ്ങള്‍ കൈകാര്യം ചെയ്ത വ്യത്യാസവും ഇവിടെ ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്. നമ്മുടെ പ്രധാനമന്ത്രി ഭാരതത്തിലെ ചികിത്സാസമ്പ്രദായങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയുക്തമാക്കുകയും, ഒപ്പംതന്നെ ലോകാരോഗ്യസംഘടനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നയങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മാസ്ക് ധരിക്കാന്‍ നിഷ്കര്‍ഷിക്കുന്നതും, സാമൂഹിക അകലം പാലിക്കാനുള്ള സന്ദേശവും പ്രധാനമന്ത്രിയുടെ ഓരോ പ്രസംഗത്തിലും ഉണ്ടായിരുന്നു. ഭിഷഗ്വരസമൂഹം നല്കിയ നിര്‍ദ്ദേശങ്ങളെ ഏറ്റവും ബഹുമാനത്തോടെയും ആദരവോടെയും മോദി ചെവിക്കൊള്ളുകയും, അതനുസരിച്ച് കൊവിഡ്-19 പ്രതിരോധങ്ങള്‍ ഭാരതത്തില്‍ കൈക്കൊള്ളുകയും ചെയ്തു.
മറുവശത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് തികഞ്ഞ ഔദ്ധത്യത്തോടെയാണ് കൊവിഡ് പ്രതിരോധത്തെപ്പറ്റി ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പറഞ്ഞത് ശ്രവിച്ചത്. മാസ്ക് ധരിക്കാന്‍ തന്നെ അദ്ദേഹം വിസമ്മതിച്ചു. യുഎസ്സിന്റെ ആരോഗ്യമേഖലയുടെ ശബ്ദമായ ഡോ. ആന്റണി ഫൗച്ചിയുടെ വാക്കുകള്‍ക്ക് ട്രമ്പ് ചെവികൊടുത്തില്ല. ട്രമ്പിനെ കൊവിഡിനെപ്പറ്റി പറഞ്ഞുപഠിപ്പിക്കാന്‍ ശ്രമിച്ച ഫൗച്ചിക്ക് പൊറുതിമുട്ടി. അവസാനം, സഹികെട്ട ഫൗച്ചി യുഎസ് തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുന്‍പ് ശക്തമായ ഭാഷയില്‍ ട്രംപിനെതിരെ പ്രതികരിച്ചു. കൊവിഡ് പ്രതിരോധം ഫൗച്ചിയുടെയും യു എസ്സിലെ മറ്റ് ആരോഗ്യനയരൂപകര്ത്താക്കളുടെയും അഭിപ്രായമനുസരിച്ച് നടപ്പാക്കുകയും, മാസ്ക് ധരിക്കാന്‍ തയ്യാറാകുകയും ചെയ്തിരുന്നുവെങ്കില്‍ ട്രംപിന് തുടര്‍ഭരണം ലഭിച്ചേനെ.
ഹേര്‍ഡ് ഇമ്മ്യൂണിറ്റിക്ക് സംഭവിച്ചത്
ചൈനയില്‍ നിന്ന് പുറത്തേക്ക് കൊവിഡ്- 19 പടരുമ്പോഴും ആദ്യമൊന്നും പാശ്ചാത്യലോകം മുന്‍കരുതല്‍ എടുത്തില്ലെന്നുള്ളതാണ് വാസ്തവം. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ രോഗബാധയുടെ പ്രശ്നങ്ങള്‍ കൂടുതല്‍ അനുഭവിക്കുമെന്നും, ലോകത്ത് സാമൂഹ്യ രോഗപ്രതിരോധശക്തി (herd immunity) ഉണ്ടായി തനിയെ രോഗബാധ ഇല്ലാതാകുമെന്നുമുള്ള കണക്കുകൂട്ടല്‍ ബ്രിട്ടനടക്കമുള്ള ഇടങ്ങളിലെ ആരോഗ്യനയ വിദഗ്ദ്ധര്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ അര്‍ത്ഥം ആഫ്രിക്ക മൂന്നാം ലോകരാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ആളുകളില്‍ രോഗതീവ്രത അധികമായിരിക്കുമെന്നും, പാശ്ചാത്യലോകം അത്രയൊന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നുമായിരുന്നു. അതായത്, പണമുള്ളവന് അത്ര പേടിക്കേണ്ടെന്നും, പാവപ്പെട്ടവരായിരിക്കും രോഗബാധമൂലം മരണപ്പെടുക എന്നും ചിലരെങ്കിലും കണക്കാക്കി. മാരകമായ ഒരു രോഗത്തിനെ ചെറുക്കാന്‍ സമൂഹത്തിന് ഹേര്‍ഡ് ഇമ്മ്യൂണിറ്റി കൈവരണമെങ്കില്‍ അതിന് അനേകം പേരുടെ ജീവന് ബലികൊടുക്കേണ്ടിവരുമെന്ന സ്വാഭാവികസത്യം പിന്നിലുണ്ട്. അതേപ്പറ്റി ലോകം ചര്‍ച്ച ചെയ്യാന്‍ പോയില്ല. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്.
ഡോ. എസ്. ബാലറാം കൈമള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: