ന്യൂദല്‍ഹി: 2019 ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നതായി സമ്മതിച്ച് പാക്കിസ്ഥാന്റെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്. ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ സഫര്‍ ഹിലാലി ഇക്കാര്യം തുറന്നു സമ്മതിച്ചത്. ടിവി ചര്‍ച്ചകളില്‍ സ്ഥിരമായി പാക്കിസ്ഥാന് സൈന്യത്തിന്റെ ഭാഗം വിശദീകരിക്കുന്നത് ഇദ്ദേഹമാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം യുദ്ധ നടപടിയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ശക്തമായ നടപടി സ്വീകരിക്കാതിരുന്ന പാക്കിസ്ഥാന് സര്‍ക്കാരിനെയും സൈന്യത്തെയും വിമര്‍ശിച്ചു.
പാക്ക് വ്യോമസേനയുടെ ആക്രമണം സൈനിക ഇതര സ്വഭാവത്തിലുള്ളതായിരുന്നുവെന്ന അവകാശവാദത്തെയും അദ്ദേഹം ഖണ്ഡിച്ചു. സൈനിക ആസ്ഥാനമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും എന്നാല്‍ കാല്പന്തു കളിക്കുന്ന സ്ഥലത്താണ് ബോംബുകള്‍ വീണതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രതികരണം ദുര്‍ബലമായിരുന്നുവെന്നും വീണ്ടും ആക്രമണം നടത്തുമെന്ന് ഇന്ത്യ പറയുന്നത് ഇതുകൊണ്ടാണെന്നും സഫര്‍ ഹിലാലി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 27-ലെ പാക്കിസ്ഥാന്റെ ആക്രമണം പരാജയപ്പെട്ടതിന് പിന്നാലെ, സൈന്യത്തിന്റെ 25-ാമത് ഡിവിഷന്റെ ആസ്ഥാനവും യുദ്ധോപകരണങ്ങളും സംഭരണ കേന്ദ്രങ്ങളും ഉള്‍പ്പെടെ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളായിരുന്നു പാക്കിസ്ഥാന് വ്യോമസേന ലക്ഷ്യമിട്ടിരുന്നതെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 1971-ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തിനുശേഷം ബാലാക്കോട്ട് ആക്രമത്തിലായിരുന്നു പിന്നീട് ഇന്ത്യന്‍ പോര്‍വിമാനം പാകിസ്ഥാന് അതിര്‍ത്തി കടന്നത്.
40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട 2019 ഫെബ്രുവരി 14-ലെ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയെന്ന നിലയിലാണ് ഇന്ത്യ ബാലാക്കോട്ട് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആള്‍നാശം സംഭവിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന് ഇപ്പോഴും അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് ഈ വാദത്തെ ദുര്‍ബലപ്പെടുത്തി മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: