ന്യൂദല്‍ഹി: ജനവരി 11ന് സൂപ്രീംകോടതി കര്‍ഷകസമരത്തില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് കര്‍ഷകരെ അതിര്‍ത്തിയില്‍ നിന്ന് അടിയന്തിരമായി നീക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
ന്യൂദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ വഴി തടഞ്ഞ് സമരം ചെയ്യാന്‍ അനുവദിക്കുന്നത് ഷഹീന്‍ബാഗ് സമരത്തിനെതിരായ സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നാണ് ഹര്ജിക്കാരന് ഉന്നയിച്ചിരിക്കുന്നത്. അതീവപ്രാധാന്യമുള്ള ദില്ലി-എന്‍സിആര്‍ അതിര്‍ത്തിയിലെ സിംഗ്, ടിക്രി, ഘാസിപൂര്‍, ഛില്ല എന്നീ പ്രദേശങ്ങള്‍ കര്‍ഷകര്‍ തടഞ്ഞതിനാല്‍ ലക്ഷക്കണക്കിന് വരുന്ന പൊതുജനം വീര്‍പ്പുമുട്ടുകയാണെന്ന് ഹര്ജിക്കാരന് ഋഷഭ് ശര്‍മ്മ പരാതിയില്‍ പറയുന്നു. അതിനാല്‍ എത്രയും വേഗം കര്‍ഷകരെ നീക്കം ചെയ്യണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഇന്ത്യന്‍ തലസ്ഥാനത്തെ എല്ലാ അതിര്‍ത്തിപ്രദേശങ്ങളും തുറക്കാന്‍ സര്‍ക്കാരിന് ഉടന്‍ നിര്‍ദേശം നല്‍കാനും ഹര്ജിക്കാരന് കോടതിയോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇനി ജനവരി 15നാണ് അടുത്ത ചര്‍ച്ച. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര തോമാര്‍ കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്നും കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാമെന്നുമാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ കോടതിയെ സമീപിക്കില്ലെന്നും സര്‍ക്കാരില്‍ നിന്ന് തന്നെ നീതി കിട്ടണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: