ഇടുക്കി: ജാഗ്രത കുറവ് വിനയായി, ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിവസം തോറും കൂടുന്നു. ഇന്നലെ മാത്രം 301 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനും വെല്ലുവിളിയാകുന്നു.
ആദ്യമായാണ് ഇടുക്കിയിലെ കോവിഡ് ബാധിതരുടെ എണ്ണം 300 കടക്കുന്നത്. ഇതില്‍ 293 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 99 പേര് രോഗമുക്തി നേടി.
ഈ മാസം ഇതുവരെ മാത്രം 1554 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ കാലയളവില്‍ മരണം സ്ഥിരീകരിച്ചത് നാല് പേരുടെയാണ്. ജില്ലയില്‍ ഇതുവരെ ആകെ 17,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 23 പേര് ഇതുവരെ മരച്ചതായി സ്ഥിരീകരിച്ചപ്പോള്‍ ഇതിന്റെ ഇരട്ടി പേര് മരിച്ചതാണ് അനൗദ്യോഗിക കണക്ക്. 14684 പേര് രോഗമുക്തി നേടിയപ്പോള്‍ 3272 പേരാണ് ജില്ലയില്‍ നിലവില്‍ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. 2.5 ലക്ഷത്തിലധികം സ്രവ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയാറാകാത്തതാണ് പ്രധാനമായും രോഗബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ കാരണമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. ശരിയായി മാസ്ക് ധരിക്കുന്നതിനും സോപ്പുപയോഗിച്ച് കൈകള്‍ കഴുകുന്നതിനും ആളുകള്‍ തയാറാകാത്തതും രോഗം ക്ഷണിച്ചുവരുത്തുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരുംദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ കാരണമാകും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയതും സ്കൂളുകളും കോളജുകളും തുറന്നതും ബസുകളിലും മറ്റും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതുമെല്ലാം സ്ഥിതി സങ്കീര്‍ണമാക്കുകയാണ്. ഇക്കാരണങ്ങളെല്ലാം കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ട്.
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി നിരവധിപ്പേര്‍ രോഗം ബാധിച്ച് ഇപ്പോഴും ചികിത്സയിലാണ്. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലെല്ലാം രോഗികള്‍ നിറഞ്ഞ് കഴിഞ്ഞു.
സ്വകാര്യ ആശുപത്രികളിലും ചികിത്സ
തൊടുപുഴ: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി കോവിഡ് ചികിത്സ നല്കാന് തീരുമാനമായി. തൊടുപുഴ, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലെ ആറ് ആശുപത്രികളില്‍ ഇനി മുതല്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലയില്‍ സ്വകാര്യ ആരോഗ്യ മേഖലയിലും കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കാന്‍ സാഹചര്യമൊരുങ്ങിയത്. ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് മതിയായ ചികില്‍സ ലഭിക്കാത്ത സാഹചര്യത്തില്‍ വിവരാവകാശ പ്രവര്‍ത്തകനായ ടോം.തോമസ് പൂച്ചാലില്‍ ആണ് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: