ഹരിതഭംഗിയാര്‍ന്ന തടാകത്തിന് നടുവില്‍ സവിശേഷമായ വാസ്തുവിദ്യയോടെ ചെങ്കല്ലില്‍ പടുത്തൊരു മനോഹര ക്ഷേത്രം. തടാകത്തില്‍ ദേവസ്ഥാനത്തിന് കാവലാളായി സസ്യാഹാരിയായൊരു മുതല. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്ന ഒരു അത്ഭുത ഗുഹ. കാസര്‍കോട് ജില്ലയിലെ കുംബളയിലുള്ള അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് ഈശ്വരനും പ്രകൃതിയും സമന്വയിക്കുന്ന ഈ അത്യപൂര്‍വതകളുള്ളത്.
തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം നിര്‍മ്മിക്കുന്നതുവരെ അനന്തപത്മനാഭന് കുടികൊണ്ടിരുന്നത് ഇവിടെയാണെന്ന് ചരിത്ര രേഖകളില്‍ കാണാം. അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു.
ഇരു ക്ഷേത്രങ്ങളിലും അനന്തപത്മനാഭനെയാണ് ആരാധിക്കുന്നത്. തിരുവനന്തപുരത്ത് ഭഗവാന് അനന്ത ശയനത്തിലാണെങ്കില്‍ ഇവിടെ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ശര്‍ക്കര, മെഴുക്, ഗോതമ്പുപൊടി, നല്ലെണ്ണ, തുടങ്ങി 64ല്‍ പരം കൂട്ട് ഉപയോഗിച്ച് കടുശര്‍ക്കര യോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്.
ദേവീദേവന്മാരുടെ സംഗമഭൂമി എന്ന് അവകാശപ്പെടുന്ന കാസര്‍കോട്, ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും ആരാധനാ ശൈലി കൊണ്ടും വളരെ വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രം കൂടിയാണ് അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം. രണ്ടേക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന തടാകത്തിന് നടുവിലുള്ള ഈ ക്ഷേത്രം സരോവര ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഇത് നിര്‍മ്മിച്ചിരിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടിലാണെന്ന് പറയപ്പെടുന്നു.
എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ ഏക തടാക ക്ഷേത്രമാണിത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ചുവര് ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
അത്ഭുത ഗുഹ
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്ന ഒരു അത്ഭുത ഗുഹ ഇവിടെ കാണാം. ഇതിനു പിന്നിലെ കഥകളും ഐതിഹ്യങ്ങളും ഏറെയാണ്. വില്വമംഗലം സ്വാമികള്‍ ഏറേക്കാലം ക്ഷേത്രത്തില്‍ ഉപാസിച്ചു വന്നിരുന്നുവത്രെ. ഒരിക്കല്‍ അദ്ദേഹത്തെ സഹായിക്കാനായി ഒരു ബാലന് എത്തി. ഊരും പേരും അറിയാത്ത അവനെ സ്വാമി എല്ലാ കാര്യങ്ങളിലും തന്റെ കൂടെക്കൂട്ടി. ഒരിക്കല്‍ സ്വാമി പൂജ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഈ ബാലന് കുസൃതി കാണിക്കുകയുണ്ടായി. പൂജാസാധനങ്ങള്‍ എടുത്ത് പെരുമാറിയ ബാലനെ സ്വാമി തള്ളിമാറ്റി. ആ ശക്തിയില്‍ ബാലന് ദൂരേക്ക് തെറിച്ചു വീണപ്പോള്‍ അവിടെ ഒരു ഗുഹ പ്രത്യക്ഷപ്പെട്ടുവത്രെ. ബാലന്റെ ദിവ്യത്വം മനസ്സിലായ സ്വാമി വേഗം തന്നെ അവന്റെ പുറകേ പോയി. എന്നാല്‍ അവിടെ ബാലനെ കണ്ടില്ല. മാത്രമല്ല, മുന്നില്‍ ഓംകാരത്തിന്റെ ഒരു ജ്യോതിര്‍ലിംഗമാണ് കണ്ടത്.
അതിനു പിറകേ പോയ സ്വാമി ഒടുവില്‍ എത്തിയത് കേരളത്തിന്റെ തെക്കേ അറ്റത്താണ്. ഇവിടെ എത്തിയപ്പോള്‍ ബാലന് വീണ്ടും പ്രത്യക്ഷപ്പെടുകയും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ച സ്വാമിയെ ഭഗവാന് ആശ്വസിപ്പിക്കുകയും ചെയ്തു. സ്വാമിയും ഭഗവാനും തമ്മില്‍ കൂടിക്കാഴ്ച നടന്ന സ്ഥലമാണ് അനന്തന്‍കാട് അഥവാ ഇന്നത്തെ തിരുവനന്തപുരം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഭഗവാന് വിശ്രമിക്കാനായി ഒരുങ്ങിയപ്പോള്‍ ഒരു സര്‍പ്പം പ്രത്യക്ഷപ്പെട്ട് തന്റെ മുകളില്‍ കിടക്കുവാന് ഭഗവാനോട് അപേക്ഷിക്കുകയും അദ്ദേഹം അത് കൈക്കൊള്ളുകയും ചെയ്തുവത്രേ. അങ്ങനെയാണ് തിരുവനന്തപുരത്തെ പ്രതിഷ്ഠ അനന്തശയനമായത്.
സസ്യഭുക്കായ മുതല
സസ്യഭുക്കായ മുതലയാണ് ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതം. ക്ഷേത്ര സംരക്ഷനായി തടാകത്തില്‍ എപ്പോഴും ഈ മുതലയുണ്ട്. ബബിയ എന്നാണ് ഭക്തര്‍ ഈ മുതലയെ വിളിക്കുന്നത്. മനുഷ്യരെ ഉപദ്രവിക്കില്ല. കുളത്തിനുള്ളിലെ രണ്ടു ഗുഹകളിലായാണ് മുതല വസിക്കുന്നത്. പൂജാരിമാര്‍ നല്കുന്ന നിവേദ്യച്ചോറാണ് പ്രധാന ഭക്ഷണം. ഈ സമയത്തു മാത്രമേ മുതലയെ വെള്ളത്തിനു മുകളില്‍ കാണുവാന്‍ സാധിക്കൂ. മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. നിവേദ്യം പൂജാരി തടാകത്തിലെത്തി കൊടുക്കും. അനുസരണയോടെ പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്ക്കും വിസ്മയമാണ്. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മത്സ്യങ്ങളെയും ഉപദ്രവിക്കാറില്ല.
1945ല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ താവളമായിരുന്നുവത്രെ ഈ ക്ഷേത്രം. ക്ഷേത്രക്കുളത്തിലെ മുതലയുടെ കഥകള്‍ കേട്ടറിഞ്ഞ സൈന്യത്തിന് അതിനെ കാണുവാന്‍ മോഹമായി. വിശ്വാസത്തെ ചോദ്യം ചെയ്യുകയായരുന്നു ലക്ഷ്യം. മുതലയെ പരീക്ഷിക്കാനായി ക്ഷേത്രക്കുളത്തില്‍ ചെന്ന് അവര്‍ ബബിയാ എന്നു വിളിച്ചപ്പോള്‍ മുതല തടാകത്തിന് മുകളിലേക്ക് വന്നുവത്രെ. ഇതുകണ്ട സൈനികരിലൊരാള്‍ അതിനെ വെടിവെച്ചു. വെടിവെച്ചതും സമീപത്തെ മരത്തിന്റെ മുകളില്‍ നിന്നും ഒരു വിഷ ജീവി സൈനികന്റെ ദേഹത്തേയ്ക്ക് പാഞ്ഞു കയറി. തല്‍ക്ഷണം അയാള്‍ മരിച്ചു. പക്ഷേ, അടുത്ത ദിവസം തടാകത്തില്‍ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടെന്നും ആ മുതലയാണ് ഇന്നുളളതെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.
കാസര്‍കോട് നിന്ന് 18 കിലോമീറ്റര്‍ അകലെ കുംബള എന്ന പട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംബളയില്‍ നിന്നും കുമ്പശ ബദിയടുക്ക പാതയിലൂടെ നാലു കിലോമീറ്റര്‍ പോയാല്‍ നായിക്കാപ്പ് എന്ന സ്ഥലത്തെത്താം. അവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു ക്ഷേത്രത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: