കുപ്രചാരണം ഒരു കമ്യൂണിസ്റ്റ് ശൈലിയാണ്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും യാതൊരു മാറ്റവും കൂടാതെ സിപിഎം ഇത് നടത്തിക്കൊണ്ടിരിക്കും. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും മാത്രമല്ല, അസംബന്ധങ്ങളായ കാര്യങ്ങള്‍പോലും പച്ചപരമാര്‍ത്ഥമായി അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ സിപിഎമ്മിനുള്ള മിടുക്ക് പലയാവര്‍ത്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരുകളും കുപ്രചാരണത്തില്‍ വിശ്വസിക്കുകയും, അധികാര-ഭരണഘടനാ സ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും അതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ബജറ്റു സമ്മേളനം കൂടിയായ, പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണറെക്കൊണ്ട് നടത്തിച്ച നയപ്രഖ്യാപന പ്രസംഗവും ഈ വകുപ്പില്‍പ്പെടുന്ന ഒന്നാണ്. ഓരോ ദിവസത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ പ്രസംഗങ്ങള്‍ കുത്തിക്കെട്ടിയുണ്ടാക്കിയതാണ് ഇപ്പോഴത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. തങ്ങളുടെ സങ്കുചിതവും, ദേശതാല്‍പ്പര്യത്തിനു വിരുദ്ധവുമായ രാഷ്ട്രീയം അംഗീകരിക്കാത്ത ഗവര്‍ണറെക്കൊണ്ട് ഇങ്ങനെയൊരു പ്രസംഗം നടത്തിച്ചതില്‍ സിപിഎമ്മും സര്‍ക്കാരും ആഹ്ലാദിക്കുന്നുണ്ടാവും.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സിപിഎം നേതാക്കളും ആസൂത്രിതമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര വിരുദ്ധ വികാരമാണ് നയപ്രഖ്യാപനത്തില്‍ നിറഞ്ഞുനില്ക്കുന്നത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണെന്ന പച്ചക്കള്ളം ഒരു മടിയും കൂടാതെ പറഞ്ഞിരിക്കുന്നു. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതും, ആരുമായും വിലപേശി അധിക വരുമാനം നേടാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നതുമായ നിയമങ്ങളെയാണ് ഇപ്രകാരം ദുര്‍വ്യാഖ്യാനിച്ചിരിക്കുന്നത്. കേന്ദ്രം കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നു എന്നാണ് മറ്റൊരു ആക്ഷേപം. വികസനത്തിന്റെ മറവില്‍ കോടാനുകോടികളുടെ അഴിമതി നടത്തിയതിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനോടുള്ള അമര്‍ഷമാണ് ഈ രൂപത്തില്‍ പുറത്തുവരുന്നത്. സഭ ചേര്‍ന്ന ദിവസം തന്നെ അതിന്റെ നാഥനായ സ്പീക്കറുടെ സെക്രട്ടറിയെ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. സ്പീക്കറെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാള്‍ അഴിമതി കേസുകളില്‍ പ്രതിയാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഉടന്‍ പ്രതിയായേക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കുംഭകോണങ്ങളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ചികഞ്ഞെടുക്കുകയാണ്. ഇതൊക്കെ വികസനം അട്ടിമറിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളാണെന്നു പറയുന്നത് എത്ര അപഹാസ്യമാണ്. തത്വദീക്ഷയില്ലെങ്കില്‍ പോകട്ടെ, അല്പം ലജ്ജയെങ്കിലുമില്ലാതായാല്‍ എന്തുചെയ്യും?
ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ‘ചാലക ശക്തി’ എന്നു വിശേഷിപ്പിച്ച് കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഉന്നയിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ വെറും പൊള്ളയാണ്. പല സംസ്ഥാനങ്ങളിലും രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിരിക്കുമ്പോള്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. ഏറ്റവും ഒടുവിലെത്തിയ കേന്ദ്ര സംഘം തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നു. കൊവിഡ് കാലത്ത് വിതരണം ചെയ്ത റേഷനെക്കുറിച്ചും സൗജന്യ കിറ്റുകളെക്കുറിച്ചും അഭിമാനം കൊള്ളുമ്പോള്‍ കേന്ദ്രം അനുവദിച്ച ധാന്യങ്ങള്‍ വകമാറ്റിയാണ് ഇത് ചെയ്തതെന്ന കാര്യം മറച്ചുപിടിക്കുന്നു. പൂര്‍ണമായും കേന്ദ്ര പദ്ധതിയായ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് അഭിമാനംകൊള്ളുന്നുണ്ട്. പക്ഷേ ആ പദ്ധതി അട്ടിമറിക്കാന്‍ നടത്തിയ കേന്ദ്ര വിരുദ്ധ സമരങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. പൗരത്വ നിയമ ഭേദഗതി പാസ്സാക്കിയ വേളയില്‍ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്രേ. ഇതോടെ നിയമം റദ്ദായെന്നാണ് ഇതു കേട്ടാല്‍ തോന്നുക! എല്‍ഡിഎഫിന്റെ പ്രകടനപത്രിക പൂര്‍ണമായും നടപ്പാക്കിയെന്ന എടുത്താല്‍ പൊങ്ങാത്ത അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്. ഭരണം നടത്തിയ നാലുവര്‍ഷവും പ്രകടന പത്രിക ശീതീകരണിയില്‍ വച്ച് നൂറുദിന പദ്ധതികളുമായി രംഗത്തുവന്നത് ജനങ്ങള്‍ മറന്നിട്ടില്ല. ഈ കര്‍മ പദ്ധതി കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലോട്ടറി അടിച്ചതുപോലുള്ള വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാമെന്ന വ്യാമോഹമാണ് ഇപ്പോഴത്തെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പിന്നിലുള്ളത്. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: