മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പക്ഷിപ്പനി കോട്ടയത്തും ആലപ്പുഴയിലും സ്ഥിരീകരിച്ചതോടെ കോഴി കര്‍ഷകര്‍ ആശങ്കയില്‍. പക്ഷിപ്പനി ബാധിച്ച താറാവുകളെ പലഭാഗത്തും കൊന്നൊടുക്കി തുടങ്ങി. പക്ഷിപ്പനി കോഴികളിലേക്കും വ്യാപിക്കുമോയെന്ന ഭീതിയിലാണ് കോഴികര്‍ഷകരും ഉപഭോക്താക്കളും.
മാത്രമല്ല താറാവില്‍ കണ്ട പക്ഷിപ്പനി കോഴികളില്‍ എത്തിയിട്ടില്ലെങ്കിലും കോഴിയിറച്ചിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതുമൂലം കോഴിഫാം നടത്തിപ്പുകാരും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. മണ്ണാര്‍ക്കാട്ടെ 50 ളം ഫാമുകളില്‍ അഞ്ച്ലക്ഷത്തിലധികം കോഴികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ കോഴിക്കുഞ്ഞിനെയും 40 മുതല്‍ 45 രൂപവരെ വിലകൊടുത്താണ് വാങ്ങുന്നത്. 30 മുതല്‍ 40 ദിവസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണ് വില്പ്പനക്കുള്ളത്. ഇവയെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വില്‍പ്പന ഇടിഞ്ഞതോടെ വിലയും കുറഞ്ഞു.
മൊത്തവ്യാപാര വില ഇടിഞ്ഞത് ഓരോ ഫാം ഉടമകള്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. കേരള ചിക്കന്‍ വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കൊറോണ കാലത്തെ പ്രതിസന്ധിയില്‍ നിന്നും വ്യാപാരികള്‍ മുക്തരായിക്കൊണ്ടിരിക്കെ ഈമേഖലയിലുണ്ടായ വിലയിടിവ് വന്‍ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോഴി കര്‍ഷകനായ പി. പ്രസാദ് പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കോഴിവണ്ടികള്‍ അതിര്‍ത്തികളില്‍ അണുവിമുക്തമാക്കേണ്ടത് അനിവാര്യമാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇവിടെ നിന്നും പോകുന്ന കോഴി വണ്ടികള്‍ അതിര്‍ത്തികളില്‍ അണുവിമുക്തമാക്കിയ ശേഷംമാത്രമാണ് കടത്തിവിടുന്നത്. ഇതുസംബന്ധിച്ച് മറ്റുജില്ലകളിലും ജാഗരൂകരാകാന്‍ മൃഗസംരക്ഷണവകുപ്പ് മുന്‍കൈയെടുക്കുന്നു.
നിരീക്ഷണത്തിന് പ്രത്യേക സംഘം
പക്ഷിപ്പനിയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ആര്‍ആര്‍ടി രൂപീകരിച്ചു. സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.നാഗസിന്ധു,എപ്പിഡമോളജിസ്റ്റ് ഡോ.ജോജു ഡേവിസ്, ജില്ലാ ലാബ് ഓഫീസര്‍ ഡോ.ദിവ്യ, ജില്ലാ മൃഗാശുപത്രി ഫീല്‍ഡ് ഓഫീസര്‍ സുരേഷ്, ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജയന്തി വി.ടി, അറ്റന്‍ഡര്‍ മോഹന്‍ദാസ് ആര് എന്നിവരുള്‍പ്പെട്ടതാണ് സംഘം. ജില്ലാ മൃഗാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ഫോണ്‍: 9447303310.
പ്രതികരിക്കാൻ ഇവിടെ എഴുതുക: