തൊടുപുഴ: അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയില്‍ തൊടുപുഴ നഗരം പുഴയായി. തുലാമഴയുടെ രീതിയിലെത്തിയ മഴയില്‍ ശക്തമായ ഇടിമിന്നലുമുണ്ടായി. ഇന്നലെ വൈകിട്ട് നാല് മണിയോടെ ആരംഭിച്ച ശക്തമായ മഴ ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇതോടെയാണ് ഓടകള്‍ നിറഞ്ഞ് നഗരത്തിലെ പല റോഡുകളും തോടായി മാറിയത്. നിരവധി തൊടുകള്‍
പുഴയില്‍ ചേരുന്ന തൊടുപുഴ അങ്ങനെ ആ പേര് വീണ്ടും അന്വര്‍ത്ഥമാക്കി. നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇതിനൊപ്പം ബൈക്കുകളും ഓട്ടോറിക്ഷകളും വെള്ളം കയറി നിന്നുപോയി. ഒന്നര മണിക്കൂറോളം നഗരത്തില്‍ പലയിടത്തും ഗതാഗത കുരുക്കുമുണ്ടായി. കാലങ്ങളായി ഇത്തരത്തില്‍ മഴയെത്തുമ്പോള്‍ റോഡുകള്‍ വെള്ളക്കെട്ടായി മാറിയിട്ടും നടപടി എടുക്കാതെ നഗരസഭ പൊതുമരാമത്ത് അധികൃതര്‍ മൗനം പാലിക്കുകയാണ്.
ഭീമാ ജങ്ഷനിലാണ് ഏറ്റവും വലിയ ഗതാഗത കുരുക്കുണ്ടായത്. മൂന്നും കൂടുന്ന കവലയുള്ള ഇവിടെ വര്‍ഷങ്ങളായി വെള്ളക്കെട്ട് തുടരുകയാണ്. സമീപത്തെ കടകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും നാശമുണ്ടായി. റോഡില്‍ വെള്ളം കുറവുള്ള വശം ചേര്‍ന്ന് തെറ്റായ ദിശയില്‍ വാഹനങ്ങള്‍ എത്തിയതോടെ ഇവിടം കുരിക്കിലായി. നിരവധി പേരാണ് മറുവശം കടക്കാനാകാതെ സമീപത്തെ വ്യാപാര സ്ഥാപനമായ ആദം സ്റ്റാറില്‍ കുടുങ്ങിയത്.
പ്രസ്ക്ലബിന് സമീപം, മാര്‍ക്കറ്റ് റോഡ്, കാഞ്ഞിരമറ്റം കവല, മങ്ങാട്ടുകവല- കാരിക്കോട് റോഡ്, പാലാ റോഡ്, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം, മണക്കാട് ജങ്ഷന്, പഴയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നു.
ചെറിയൊരു മഴ പെയ്താല്‍ പോലും തൊടുപുഴ നഗരത്തിലെ ഓടകള്‍ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. ചെളിയും മാലിന്യവും നിറഞ്ഞ ഓടകള്‍ വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് തുടര്‍ച്ചയായുള്ള വെള്ളക്കെട്ടിന് കാരണം. പലയിടത്തും ഓടയുടെ വലിപ്പം കുറവും അനധികൃത കൈയേറ്റങ്ങളും ഉണ്ടായിട്ടും അധികൃതര്‍ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്.
കച്ചവടക്കാര്‍ക്ക് ഇരുട്ടടി
കൊവിഡ് 19 കാരണം കച്ചവടം കുറഞ്ഞ ബുദ്ധിമുട്ടിലായ വ്യാപാരികള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട്. കടയില്‍ വെള്ളം കയറി സാധനങ്ങള്‍ നശിക്കുന്നത് പതിവായിരിക്കുകയാണ്. ഓടകള്‍ വൃത്തിയാക്കണമെന്ന് പലതവണ
പൊതുമരാമത്ത്-നഗരസഭാ അധികൃതരോട് പരാതി പറഞ്ഞുമടുത്തിരിക്കുകയാണ് വ്യാപാരികള്‍. ഇന്നലെ വെള്ളക്കെട്ടുണ്ടായ കാഞ്ഞിരമറ്റം കവലയിലെ കലുങ്ക് ഉയര്‍ത്തി പണിയുന്നതിന്് എംഎല്‍എ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം അനുവദിച്ചതാണ്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇതുവരെ നിര്‍മാണം ആരംഭിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
അപ്രതീക്ഷിതമായി കനത്തമഴ എത്തിയതോടെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ദുരിതത്തിലായി. നിരവധി വിദ്യാര്‍ത്ഥികളും കുടയില്ലാത്തതിനാല്‍ വീട്ടിലെത്താന്‍ വൈകി. മഴക്കോട്ട് ഇല്ലാത്തതിനാല്‍ ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ടിലായി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ഇടത്തരം മഴയോ ചാറ്റല്‍ മഴയോ കിട്ടിയേക്കാം. ഉച്ചകഴിഞ്ഞോ വൈകിട്ടോ ആകും മഴ സാധ്യത കൂടുതല്‍. ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും ലഭിക്കും. വരും ദിവസങ്ങളിലും ജില്ലയില്‍ ഇടത്തരം മഴ സാധ്യത നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: