കേരളത്തില്‍ ഒരു വലിയ രാഷ്ട്രീയമാറ്റത്തിനുള്ള സൂചനയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നല്‍കുന്നത് എന്ന കാര്യത്തില്‍ അഭിപ്രായഭിന്നത ആര്ക്കെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നില്ല. ഒരു ഭാഗത്ത് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്, ലീഗ് സഖ്യം അഥവാ മുന്നണി; വോട്ടിങ് നിലവാരത്തില്‍ മെച്ചമുണ്ടാക്കാനായില്ലെങ്കിലും സീറ്റുകളുടെ ബലത്തില്‍ വിജയം ആഹഌദിക്കുന്ന ഇടതുപക്ഷം…. എന്നാല്‍ ഈ ജനാധിപത്യ പ്രക്രിയയിലെ യഥാര്‍ത്ഥ വിജയി ബിജെപിയാണ്. 35 ലക്ഷം വോട്ടിന്റെ അധിപനായി കേരളത്തില്‍ ബിജെപി മാറിയിരിക്കുന്നു. അതാണ് ഈ ജനവിധിയിലെ ഏറ്റവും പ്രധാന അംശം. അത് ഇടത്- വലത് മുന്നണികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെനിന്നാണ് ബിജെപി അടക്കമുള്ള കക്ഷികള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കുന്നത് എന്നതുമോര്‍ക്കേണ്ടതുണ്ട്.
ഇപ്പോഴത്തേത് പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പായിരുന്നുവെങ്കിലും അതിലും രാഷ്ട്രീയത്തിന്റെ പ്രസരം വേണ്ടത്ര പ്രകടമായിരുന്നു. അതാണ് കേരളത്തിന്റെ സംസ്കാരം. ഇവിടെ എന്തിലുമേതിലും രാഷ്ട്രീയം കടന്നുവന്നല്ലേ മതിയാവൂ. ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ലായിരുന്നുഎന്നൊക്കെ ഇന്നിപ്പോള്‍ ചിലര്‍ വിളമ്പുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും അതിലൊക്കെ അത്രയേ പ്രാധാന്യമുള്ളൂ. ഒരര്‍ത്ഥത്തില്‍ ദയനീയ തോല്‍വി നേരിട്ട യുഡിഎഫിന് നേതൃത്വം കൊടുത്തവരാണ് ഇതിനൊക്കെ ശ്രമിക്കുന്നത്. പരാജയമുണ്ടാക്കിയ നാണക്കേട് മറച്ചുവെക്കാന്‍ അവര്‍ക്ക് ഇങ്ങനെയൊക്കെ ചെപ്പടിവിദ്യകള്‍ പ്രയോഗിച്ചേ തീരൂ.
ഇവിടെ നാം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ഈ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഏറ്റവുമധികം ബിജെപിയെ കടന്നാക്രമിച്ചത് യുഡിഎഫ് ആയിരുന്നു എന്നതാണത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലപ്പോഴും മുസ്ലിം ലീഗ് നേതാക്കളെപ്പോലെയാണ് ബിജെപിയെ കടന്നാക്രമിച്ചത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി കേരളത്തില്‍ ഇല്ലാതാവുമെന്നുവരെ അദ്ദേഹം വിളിച്ചുപറഞ്ഞതോര്‍ക്കുക; ഒരിക്കലല്ല അനവധി തവണ. സിപിഎമ്മിന് ബിജെപിയെയും അതിന്റെ നേതാക്കളെയും ആക്രമിക്കേണ്ടിവന്നത് മറക്കുകയല്ല. സ്വര്‍ണ്ണക്കടത്തും മയക്കുമരുന്ന് കേസും മറ്റനവധി തട്ടിപ്പ് കേസുകളും കൊണ്ട് വികൃതമായിരുന്നല്ലോ ഇടതുപക്ഷ മുഖം. ഇവരൊക്കെ ബിജെപിയെ ഇത്രയേറെ വിമര്‍ശിച്ചിട്ടും, നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടും എന്താണുണ്ടായത്?
2019-ല്‍ നിന്ന് 2020 -ലെത്തിയപ്പോള്‍, വെറും ഒരു വര്‍ഷം കൊണ്ട്, ബിജെപിക്ക് കരസ്ഥമാക്കാനായത് ഏതാണ്ട് ഒന്‍പത് ലക്ഷം വോട്ടിന്റെ വര്‍ധനവാണ്. 2016 -ല്‍ നിന്ന് 2020 ലെത്തുമ്പോള്‍, വെറും നാല് വര്‍ഷം കൊണ്ട്, ബിജെപിക്ക് പുതുതായി കരസ്ഥമാക്കാനായത് 14 ലക്ഷം വോട്ടാണ്. 2011-ല്‍ നിന്ന് 2020 ലെത്തുമ്പോള്‍ ബിജെപിയുടെ വോട്ടിലുണ്ടായ വര്‍ധന അതിനേക്കാള്‍ പ്രധാനമാണ്; 2011 -ലുണ്ടായിരുന്ന 10. 53 ലക്ഷം വോട്ടാണ് ഇപ്പോള്‍ 35 ലക്ഷമായത്. ഒരു ദശാബ്ദത്തില്‍ 25 ലക്ഷം വോട്ടിന്റെ അധിക പിന്തുണ സമാഹരിക്കാനായ പാര്‍ട്ടിയായി കേരളത്തില്‍ ബിജെപി മാറിയിരിക്കുന്നു. ജനപിന്തുണയില്‍ ഇത്രക്ക് വലിയ വര്‍ധന ഒരു പാര്‍ട്ടിക്ക് പോട്ടെ ഏതെങ്കിലും മുന്നണിക്ക് കേരളത്തില്‍ അടുത്തെങ്ങാനും കരസ്ഥമാക്കാനായിട്ടുണ്ടോ എന്നത് സംശയമാണ്.
ക്രൈസ്തവ സഭകള്‍ മാറി ചിന്തിക്കുന്നു
കേരളത്തിലെ ക്രൈസ്തവ സഭകളുടെ നിലപാടുകളിലുണ്ടായ വലിയ മാറ്റങ്ങള്‍ കാണാതെ പോകുന്നത് ശരിയല്ല. ഇസ്ലാമിക ജിഹാദി ശക്തികള്‍ക്ക് കോണ്‍ഗ്രസ് കീഴടങ്ങുന്നു എന്നും അതെ ജിഹാദി ശക്തികള്‍ സഭയ്ക്ക് നേരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവര്‍ കാണുന്നില്ലെന്നും മറ്റും കത്തോലിക്കര്‍ പരസ്യമായി പറഞ്ഞത് അടുത്തകാലത്താണ്. സംവരണം സംബന്ധിച്ച ഒരു ആക്ഷേപം നേരത്തെ ക്രൈസ്തവ സഭയ്ക്കുണ്ടായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ മറ്റൊരു മത ന്യൂനപക്ഷ വിഭാഗം കവര്‍ന്നെടുക്കുന്നു, തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നതാണത്. പ്രത്യക്ഷത്തില്‍ ആര്‍ക്കും അത് ബോധ്യപ്പെടുന്നതുമാണ്. അടുത്തിടെ പ്രധാനമന്ത്രിയെ കണ്ട കേരളത്തിലെ ക്രൈസ്തവ നേതൃത്വം അക്കാര്യം സൂചിപ്പിച്ചിരുന്നു എന്നതും ഇതിനകം പുറത്തുവന്നതാണ്.
അതിനപ്പുറമാണ് ക്രൈസ്തവ സഭകളുടെ ജിഹാദി പദ്ധതികളോടുള്ള ശക്തമായ എതിര്‍പ്പ്. ‘ലവ് ജിഹാദ്’ എന്നൊക്കെ ഹിന്ദുത്വ ശക്തികള്‍ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ചിരിച്ചുതള്ളിയവരാണ് ഇവരൊക്കെ. ഇന്നിപ്പോള്‍ അവര്‍ തുറന്നുപറയുന്നു, ‘ലവ് ജിഹാദ്’ എന്നത് യാഥാര്‍ത്ഥ്യമാണ്, അതിന്റെ മറ്റൊരു വലിയ ഇര ക്രൈസ്ത സമൂഹമാണ് എന്ന്. കത്തോലിക്കാ സഭയുടെ സിനഡ് വരെ ഇക്കാര്യത്തില്‍ നിലപാടെടുത്തത് അവരെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലാത്തത് കൊണ്ടാവണമല്ലോ. എന്നാല്‍ ക്രൈസ്തവ സമൂഹം എന്നും സംരക്ഷിച്ചിരുന്ന, താലോലിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഈ ജിഹാദി ശക്തികളുമായി പരസ്യമായി കൈകോര്‍ക്കാന്‍ തയ്യാറായത് അവരെ വല്ലാതെ വിഷമിപ്പിച്ചു. സൂചിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്ത് ഇസ്ലാമി എന്നിവരുമായുള്ള കൂട്ടുകെട്ടാണ്. അതിനെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രത്തില്‍ ചങ്ങനാശേരി ബിഷപ്പ് ലേഖനമെഴുതിയത് ഓര്‍ക്കുക. പിന്നീടും ആ പത്രത്തിലൂടെയും ഇടയ ലേഖനത്തിലൂടെയും സഭ നിലപാട് ആവര്‍ത്തിച്ചു.
മറ്റൊന്ന് ഇന്ത്യക്ക് പുറത്ത് ഇതേ ജിഹാദി ശക്തികള്‍ ക്രൈസ്തവ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ്. അനവധി ക്രൈസ്തവ സ്ഥാപനങ്ങള്‍, പള്ളികള്‍ തകര്‍ക്കപ്പെട്ടു. ഉഴുന്നാലില്‍ അച്ഛന്റെ കഥ മലയാളിയോട് പറയേണ്ടതില്ലല്ലോ. അതുപോലെ എത്രയോ സംഭവങ്ങള്‍. ഏറ്റവും ഒടുവിലത്തേതാണ് തുര്‍ക്കിയിലെ ഹാഗിയ സോഫിയ സംഭവം. അതിനെ ന്യായീകരിക്കാന്‍ മുസ്ലിംലീഗുകാര്‍ ഇവിടെ തയ്യാറായത് കത്തോലിക്കാ സഭയെ ചെറുതയല്ല വേദനിപ്പിച്ചത്. ഇതുപോലെ അനവധി സംഭവങ്ങളുണ്ട്; അതൊക്കെ ഇവിടെ കുറിക്കാനാവില്ല. എന്നാല്‍, ഇത്തരം ജിഹാദി ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ഒരു ശക്തനായ ഭരണാധികാരി നരേന്ദ്ര മോദിയാണ് എന്നത് അവര്‍ തിരിച്ചറിയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് യുഡിഎഫ് സഖ്യം ഇവിടെയിപ്പോള്‍ ലീഗിനെ നേതാവാക്കിക്കൊണ്ടുള്ള കൂട്ടുകെട്ടായ മാറുന്നു എന്നത് കൂടിയായപ്പോള്‍ അപകടം അവര്‍ തിരിച്ചറിഞ്ഞു. ഇങ്ങനെ പോകാനാവില്ല എന്നതാണ് അവര്‍ വിചാരിച്ചത്, അത് ശക്തമായ നിലപാടാണ് താനും.
‘സത്യദീപം’ (എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം) ഏറ്റവും പുതിയ ലക്കത്തിന്റെ മുഖപ്രസംഗം ശ്രദ്ധിക്കേണ്ടതാണ്. ‘ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത്, അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും, ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലിനെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്‍ക്കും സമ്മര്‍ദ്ദവിഷയമാകുന്നത് അതുകൊണ്ടാണ്’ എന്ന് അവര്‍ പറയുന്നു. ‘മുന്നണി രാഷ്ട്രീയത്തിന്റെ ഇടതു വലതു ലായങ്ങളില്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറി മാറിക്കെട്ടിയുള്ള പരീക്ഷണത്തിന്റെ പതിവ് സമവാക്യങ്ങള്‍ മാറിത്തുടങ്ങിയോ എന്ന് സംശയിക്കണം. അപ്രതീക്ഷിതയിടങ്ങളില്‍ ഇരുമുന്നണികളും നേരിട്ട ചില തിരിച്ചടികളില്‍, മാറുന്ന മലയാളി മനസ്സിന്റെ തിരിച്ചറിവുകളുണ്ട്. അതില്‍ മതേതര പക്ഷത്തു നിന്നുള്ള മാറി നില്‍ക്കലും, വികസന പക്ഷത്തേക്കുള്ള നീങ്ങി നില്‍ക്കലുമുണ്ട്’……… എന്ന അവരുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്, ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കത്തിലെ ഇടത് ഇടപെടല്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇവിടെ കോടതിയില്‍ തോറ്റവര്‍ക്കൊപ്പമാണ് നിലകൊണ്ടത്. യാക്കോബായ സമുദായത്തെ ഹിന്ദുവിരുദ്ധമായ ശബരിമല വനിതാ മതിലില്‍ വരെ അവര്‍ അണിനിരത്തി. രാഷ്ട്രീയ നീക്കമായിരുന്നു അത്. എന്നിട്ട് എന്ത് നേടാനായി എന്നത് യാക്കോബായ സമുദായം വിലയിരുത്തുമെന്ന് കരുതാം. എന്നാല്‍ ഓര്‍ത്തഡോക്സ് സഭ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും ബിജെപിക്കൊപ്പം അണിനിരന്നു. കത്തോലിക്കാ സഭയുടെ വലിയൊരു വിഭാഗത്തിന്റെ വോട്ടും ബിജെപിക്ക് ലഭ്യമായിട്ടുണ്ട്. ഇത്തവണ വികസനം രാജ്യത്തിന്റെ ലക്ഷ്യമാക്കിയായിരുന്നു; അതായത് മോദിയുടെ കൂടെ; അത് ‘സത്യദീപം’ തുറന്നുപറയുന്നത് ഓര്‍ക്കുക. ഇടത് വലതുമുന്നണികളുടെ മതവിരുദ്ധ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ ആ സമുദായങ്ങള്‍ തിരിച്ചറിഞ്ഞു എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
അടുത്തത് നിയമസഭ തെരഞ്ഞെടുപ്പ്
നിയമസഭ തെരഞ്ഞെടുപ്പിലേക്കാണ് ഇനി കേരളം കടക്കുന്നത്. അതിന്റെ വലിയ വെപ്രാളം ഇടത് -വലത് മുന്നണികളില്‍ പ്രകടമാണ്. ഇവിടെ ജിഹാദി നീക്കത്തെ എതിര്‍ത്തുകൊണ്ടാണ്, ജമാ അത്ത് സഖ്യത്തെ വിമര്‍ശിച്ചുകൊണ്ടാണ്, ഇടതുപക്ഷം രംഗത്തുവരുന്നത്. ഇത് കേരളത്തിലെ അവരുടെ താല്‍ക്കാലിക നിലപാടാണ്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം വര്‍ഗീയ -ദേശവിരുദ്ധ- ജിഹാദി ശക്തികളുമായി ദേശീയതലത്തില്‍ തന്നെ ചങ്ങാത്തമുണ്ടാക്കിയവരാണ് കമ്മ്യുണിസ്റ്റുകള്‍ എന്നത് ആര്‍ക്കും തിരിച്ചറിയാനാവും. പൗരത്വ നിയമത്തിന്റെ പേരില്‍ ദല്‍ഹി കേന്ദ്രീകരിച്ചു നടന്ന സമരം സിപിഎമ്മിന്റെ ജിഹാദി കൂട്ടുകെട്ടിന് സാക്ഷ്യപത്രമല്ലേ. ജാമിയ മിലിയയിലും ജെഎന്‍യു വിലും മറ്റും സിപിഎമ്മിനൊപ്പം നിന്ന് ദേശവിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയതും ദല്‍ഹി കലാപത്തിന് അരങ്ങൊരുക്കിയതും ആരാണ് എന്നത് ഇതിനകം കോടതി മുന്‍പാകെ എത്തിച്ചേര്‍ന്നിരിക്കുന്നു.
എന്തിനേറെ, മംഗലാപുരത്ത് അടുത്തിടെ നടന്ന കലാപത്തിലുള്പ്പെട്ടവരെ സംരക്ഷിച്ചത് കേരളത്തിലെ ഇടത് സര്‍ക്കാരല്ലേ ?. ഇനി മുസ്ലിം ലീഗ് വിരോധമാണ് പ്രശ്നമെങ്കില്‍ സിപിഎമ്മിന്റെ ചരിത്രം വായിക്കുന്നവര്‍ക്ക് അതൊക്കെ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. മലപ്പുറം ജില്ലാ രൂപീകരണം മുതല്‍ അങ്ങാടിപ്പുറം ക്ഷേത്ര പുനര്‍നിര്‍മ്മാണം തുടങ്ങി മാറാട് അടക്കം എത്രയെത്ര സംഭവങ്ങള്‍. ഏറ്റവുമൊടുവില്‍, ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍, ഒരു വര്‍ഷം മുന്‍പ്, തമിഴ്നാട്ടില്‍ സിപിഎം മത്സരിച്ചത് ലീഗുമായി കൈകോര്ത്തുകൊണ്ടല്ലേ; ഒരു മുന്നണിയുടെ ഭാഗമായിട്ടല്ലേ. സിപിഎം ഇന്നിപ്പോള്‍ ലീഗ് -ജിഹാദി വിരുദ്ധത കേരളത്തില്‍ പറയാന്‍ ശ്രമിക്കുന്നത് ക്രൈസ്തവ സഭയിലെ ആശങ്കകള്‍ മുതലെടുക്കാമെന്നു കരുതിയാവണം. എന്നാല്‍ അതൊക്കെ വിശ്വസിക്കാന്‍ തക്കവണ്ണം കത്തോലിക്കാ സഭയുടെ മേധാവിമാര്‍ മഠയന്മാരൊന്നുമല്ലല്ലോ.
ഇവിടെ ഇന്നിപ്പോള്‍ കേരള സമൂഹം തിരിച്ചറിയുന്നത് മുസ്ലിം ലീഗ് ആധിപത്യമുള്ള മുന്നണിയായി യുഡിഎഫ് മാറുന്നു എന്നതാണ്. രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ ഒക്കെയാണ് യുഡിഎഫിന്റെ പ്രത്യക്ഷ നേതാവെങ്കിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ കസേരയില്‍ കയറിയിരിക്കാന്‍ വരിക കുഞ്ഞാലിക്കുട്ടി ആയിരിക്കുമെന്ന് ഏതാണ്ടെല്ലാവരും ഇന്ന് ഒരേപോലെ പറയുന്നുണ്ടല്ലോ. ജമാ അത്ത് ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവരൊക്കെയുമായി കൂട്ടുകെട്ടുണ്ടാക്കിയതിനെ പരസ്യമായി ന്യായീകരിക്കാന്‍ ഇപ്പോഴും ലീഗ് തയ്യാറാവുന്നത് ഇസ്ലാമിക സഖ്യത്തിന് മേല്‍ക്കൈ ഉണ്ടാവണം എന്ന ചിന്ത കൊണ്ടുതന്നെയാണ്. കോണ്‍ഗ്രസ് തകര്‍ന്നിരിക്കുന്നു; തളര്‍ന്നിരിക്കുന്നു. ദേശീയ തലത്തില്‍ അവരുടെ അവസ്ഥ പരിതാപകരമാണ്. അതിനേക്കാള്‍ അപകടകരമാണ് കേരളത്തിലേത്. അവിടെയാണ് ബിജെപി 35 ലക്ഷം വോട്ടുമായി ശക്തി കാണിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇത് വളര്‍ച്ചയുടെ നാളുകളായിരുന്നു; ഇനിയുള്ളത് വിജയത്തിന്റെ നാളുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: