ആചാര്യവരണം, ഭൂപരീക്ഷ, ഭൂപരിഗ്രഹം, കാടുവെട്ടി നിരപ്പാക്കല്‍, കര്‍ഷണം,ഖനനം, വാസ്തുബലി, ഗര്‍ത്ത പൂരണം, ഷഡാധാര സ്ഥാപനം, ഇഷ്ടകാന്യാസം ഗര്‍ഭന്യാസം തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്തതിനുശേഷമാണ് സാധാരണയായി ദേവാലയത്തിന്റെ നിര്‍മാണത്തിലേക്ക് കടക്കുന്നത്.
അത്തരത്തില്‍ നിശ്ചയിക്കപ്പെട്ട ക്ഷേത്ര ഉയരത്തിന്റെ ക്രമമാണ് ഇനി പറയാന്‍ പോകുന്നത്. വലുപ്പം അടിസ്ഥാനപ്പെടുത്തി അല്പ പ്രാസാദങ്ങളന്നും മഹാ പ്രാസാദങ്ങളെന്നുമുള്ള വ്യത്യാസങ്ങള്‍ സാമാന്യമായിട്ടുണ്ട്. പ്രാസാദത്തിന്റെ ഉത്തരവിന്യാസത്തിനനുസരിച്ചാണ് സാധാരണയായി ആകെ ഉയരം കണക്കാക്കുന്നത്. വിസ്താരത്തിന്റെ സമമായോ, ഇരട്ടിയോ , ഒന്നേമുക്കാല്‍, ഒന്നര എന്നിങ്ങനെയോ, ഏഴംശിച്ചു പത്ത്, പതിനൊന്ന്, പന്ത്രണ്ട് , പതിമൂന്ന് ഇതിലേതെങ്കിലും അംശം എന്നിങ്ങനെ എട്ടു വിധത്തിലാണ് സാമാന്യമായി ഉയരം കണക്കാക്കുന്നത്.
അങ്ങനെ ഇത്തരത്തില്‍ ഉയരം കണക്കാക്കുമ്പോള്‍ ദിക്കിന് യോജിച്ചതും ശുഭവും, ഇഷ്ടവുമായ പദയോനി കണക്കിലേക്ക് യോജിപ്പിക്കുന്നതിനായി അല്പം അംഗുലങ്ങള്‍ ഉയരത്തിലേക്ക് ചേര്‍ക്കുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. സാധാരണയായി 23 അംഗുലം വരെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം എന്നുള്ളതാണ് പ്രസിദ്ധമായ പക്ഷം.
പാദുകത്തിന്റെ കീഴ്ഭാഗം മുതല്‍ താഴികക്കുടത്തിന്റ അഗ്രം വരെയാണ് ഉയരം എന്ന അളവില്‍ ഉള്‍പ്പെടുന്നത്. ചെരുപ്പും, ഉപപീഠവും, പദ്മപാദുകവും ഉയരകല്പനയില് ചേര്ക്കാത്തതാകുന്നു. പാദുകം ഇല്ലാത്ത തറയാണെങ്കില്‍ ജഗതിയുടെ കീഴ്ഭാഗം തൊട്ടു താഴികയിലെങ്കില് ദാനപ്പലകയുടെ മേല്‍ഭാഗം വരെയും, ഒന്നിലധികം നിലകളുണ്ടെങ്കില്‍ ഓരോ നിലയുടെയും സംഭാരപ്പടി മേല്‍ഭാഗം വരെയും പ്രസ്തരവും ഗളവും കൊടുത്ത് പണിയുന്നിടത്ത് പ്രസ്തരത്തിന്റെ മേല്‍ഭാഗത്തിനും, ആകെ ഉയരത്തിനും കണക്കിന്റെ ശുഭത്വം നോക്കാറുണ്ട്.
അധിഷ്ഠാനം, പാദമാനം, ആകെ ഉയരം എന്നിവയ്ക്ക് കണക്കിന്റെ ശുഭത്വം മാത്രം പോരാ ദിക് യോനി ക്രമവും പാലിക്കണം. ചെരിപ്പിന്റെയും ഉത്തരത്തിന്റെയും ഇടയിലുള്ള അളവാണ് പാദമാനം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അത് അധിഷ്ഠാനവും പാദോന്നതിയും (കാലുയരം) ചേര്‍ന്ന അളവാണ്. വാര്‍പ്പ് കെട്ടിടങ്ങള്‍ക്ക് വാര്‍പ്പ് വരെയുള്ള ചുവരുയരം അളവാണ് പാദമാനം ആയി കണക്കാക്കേണ്ടത്. ചെരുപ്പ് മുതല്‍ പടി വരെയുള്ള അളവാണ് അധിഷ്ഠാനമായി (തറ) കണക്കാക്കുന്നത് ഇതില്‍ പദ്മപാദുകമോ ഉപപീഠമോ ഉള്പെടുത്തുകയുമില്ല.
ഉയരത്തിന് യോനിയും ക്രമവും മറ്റും നോക്കുന്നപോലെ പഞ്ചഭൂതകല്പനയും ചെയ്യാറുണ്ട്. അഗ്നിഭൂതത്തില്‍ ഉയരം നിര്‍ത്തുന്നത് ശുഭമായി പറയാറില്ല. ഉയരക്രമത്തില്‍ ഭൂമിയും ജലവും ശ്രേഷ്ഠങ്ങളുമാകുന്നു. പഞ്ചഭൂതകല്പന വ്യത്യസ്ത വിധത്തില്‍ പറയാറുണ്ട്. ഉയരത്തെ നാലു കൊണ്ട് ഗുണിച്ച സംഖ്യയില്‍ നിന്ന് മൂന്നു കുറച്ച ശേഷം അഞ്ചില്‍ ഹരിച്ചു ഭൂമി തുടങ്ങിയ ഭൂതമാണെന്ന് അറിയുക എന്നതാണ് പ്രധാനം. അതല്ലെങ്കില്‍ മറ്റൊരു വിധം കൂടി പ്രയോഗത്തിലുണ്ട്. ഉയരത്തില്‍ ആദ്യത്തെ ഒന്നേകാല്‍ കോല് ഉയരത്തെ ഭൂമി എന്നും പിന്നീട് ക്രമത്തില്‍ ഒരു കോല് ജലം,മുക്കാല്‍ കോല് അഗ്നി,അര കോല് വായു പിന്നീട് കാല്‍ക്കോല്‍ ആകാശം എന്ന വിധത്തിലും പിന്നീട് വിപരീത ക്രമത്തിലും കണക്കാക്കണം . അതായത് ഓരോ മൂന്നേമുക്കാല്‍ കോല് ഉയരം വരെയും അയ്യഞ്ചു ഭൂതങ്ങള്‍ ഒറ്റപ്പെട്ടവയ്ക്ക് അനുലോമമായും ഇരട്ടപ്പെട്ടവയ്ക്ക് പ്രതിലോമമായും പഞ്ചഭൂതങ്ങളെ കണക്കാക്കുന്നു.
ഇത്തരത്തിലുള്ള ഉയരത്തിന്റെ കല്പന ദേവാലയങ്ങള്‍ക്ക് മാത്രമല്ല മറിച്ചു സാമാന്യമായി മനുഷ്യാലയങ്ങള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തില്‍ പ്രസക്തി ഉള്ളവയാണ്. സാധാരണയായി കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഗൃഹങ്ങള്‍ക്ക് നല്കി വരുന്ന 18 വിരല്‍, 1 കോല് 2 വിരല്‍ തറ പൊക്കവും, 5 കോല് രണ്ടു വിരല്‍ (12 അടി) പാദമാനവും, 9 കോല് 10 വിരല്‍(22.5 അടി ) വരെയുള്ള ആകെ ഉയരവും വാസ്തു അളവിനനുസരിച്ചു നിജപ്പെടുത്തിയവയാണ്. വലിയ കെട്ടിടങ്ങള്‍ എങ്കില്‍ ഉയരത്തിന്റെ അഗ്നി ഭൂതതത്വം വര്‍ജിക്കണം.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: