2021ല്‍ കേരളവും തമിഴ്നാടും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതില്‍ ഇന്ത്യയാകെ ഉറ്റുനോക്കുന്നത്ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. കാരണം, നരേന്ദ്രമോദിയ്‌ക്ക് ഇന്ത്യയില്‍ ഏറ്റവും വെല്ലുവിളിയുണര്‍ത്തുന്ന മമത ബാനര്‍ജിയുടെ കോട്ടയാണ് ബംഗാള്‍. എന്നാല്‍ ചരിത്രത്തിലാദ്യമായി മമതയുടെ തൃണമൂല്‍ കോട്ട തകര്‍ത്ത് ഭരണം പിടിക്കാന്‍ ബിജെപി തുനിയുകയാണ്.
2014 വരെ ബിജെപി ഓരത്തുമാത്രമായി ഒതുങ്ങി നിന്നിരുന്ന പാര്‍ട്ടിയായിരുന്നു. 1998, 1999, 2004 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ഒരു ജൂനിയര്‍ സഖ്യകക്ഷി മാത്രമായിരുന്നു ബിജെപി. എന്നാല്‍ 2001ലും 2006ലും മമത ബിജെപിയെ തഴഞ്ഞ് കോണ്‍ഗ്രസിനെ കൂടെക്കൂട്ടി. 2011ല്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത് ഭരണത്തെ തൂത്തെറിഞ്ഞ് മമത ബംഗാള്‍ ഭരണം പിടിക്കുമ്പോഴും കൂടെ കോണ്‍ഗ്രസുണ്ടായിരുന്നു.
അന്ന് ബിജെപിയുടെ വോട്ട് ശതമാനം വെറും 4.1 ശതമാനം മാത്രം. 2014ലെ മോഡി തരംഗം ബംഗാളിലും പ്രതിഫലിച്ചു. ഇക്കുറി ബിജെപിയ്‌ക്ക് 17 ശതമാനം വോട്ട് കിട്ടി. അതേ സമയം 2011ലും 2014ലും തൃണമൂലിന്റെയും കോണ്‍ഗ്രസിന്റെയും വോട്ട് ശതമാനത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. 2014ല്‍ അസംതൃപ്തരായ ഇടതുപക്ഷവോട്ടുകളാണ് ബിജെപിയിലേക്ക് ഒഴുകിയതെന്ന് വേണം കരുതാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ദില്ലിയിലെയോ ബംഗാളിലെയോ സിപിഎം നേതൃത്വം കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല, ഇക്കാര്യത്തില്‍ മാറ്റമുണ്ടാക്കാന്‍ നടപടിയൊന്നും എടുത്തതുമില്ല.
എന്നാല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി കോണ്‍ഗ്രസിനെ ഒഴിവാക്കി ഒറ്റയ്‌ക്കാണ് മത്സരിച്ചത്. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഇക്കുറി കോണ്‍ഗ്രസിനെ സഖ്യകക്ഷിയായി കുടെക്കൂട്ടി. ഇതിന് ഫലം കണ്ടു. ഇടത്- കോണ്‍ഗ്രസ് സഖ്യം 39 ശതമാനം വോട്ട് നേടി രണ്ടാമതെത്തി. മമതയുടെ തൃണമൂലാകട്ടെ 45 ശതമാനം വോട്ട് നേടി ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
സിപിഎം തളരുമ്പോള്‍
ഇതില്‍ സിപിഎമ്മിന് സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. കാരണം 2014ല്‍ 17 ശതമാനം വോട്ട് നേടിയ ബിജെപിയ്‌ക്ക് 2016 ആയപ്പോള്‍ കിട്ടിയത് വെറും 10 ശതമാനം വോട്ട് മാത്രം. കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഎമ്മിന് 32 സീറ്റുകള്‍ ലഭിച്ചു. പക്ഷെ കോണ്‍ഗ്രസുമായി സഖ്യമുണ്ടായിട്ടും സിപിഎം വോട്ടുകളില്‍ 2014നും 2016നും ഇടയില്‍ 3 ശതമാനം ചോര്‍ച്ചയുണ്ടായി. അതായത് ബിജെപിയ്‌ക്ക് 2016ല്‍ നഷ്ടമായ വോട്ടുകള്‍ സിപിഎമ്മിന് കിട്ടിയില്ലെന്നര്‍ത്ഥം. ബംഗാള്‍ നിയമസഭയില്‍ മുഖ്യപ്രതിപക്ഷ പദവി കോണ്‍ഗ്രസിന് ലഭിച്ചു. സിപിഎം പിന്നീടുളള വര്‍ഷങ്ങളില്‍ കൂടുതല്‍ ദുര്‍ബലമായി. അതേ സമയം തൃണമൂലിന്റെ മുസ്ലിം പ്രീണനം ബിജെപിയ്‌ക്ക് കരുത്തുപകര്‍ന്നു. പടിപടിയായി സിപിഎം വളര്‍ന്നു. 2016ന് ശേഷം നടന്ന ഓരോ ഉപതിരഞ്ഞെടുപ്പിലും ബിജെപിയുടെ വളര്‍ച്ചയ്‌ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്. ബിജെപിയുടെ വോട്ട് ശതമാനം കൂടി. സിപിഎമ്മിന്റെ വോട്ടുകളായിരുന്നു ബിജെപിയിലേക്ക് ഒഴുകിയത്.
2019- ബിജെപിയുടെ മുന്നേറ്റവര്‍ഷം
2019ലെ ലോക്സഭാതിരഞ്ഞെടുപ്പിലാണ് സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്കുള്ള വോട്ട് ചോര്‍ച്ച ഏറ്റവും പാരമ്യത്തിലെത്തിയത്. ബംഗാളിലെ ആകെയുള്ള 42 ലോക്സഭാ മണ്ഡലത്തില്‍ 18 സീറ്റുകള്‍ ബിജെപി നേടി. 2016ല്‍ 10 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2019 എത്തിയപ്പോള്‍ 40 ശതമാനമായി ഉയര്‍ന്നു. സിപിഎം-നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ വോട്ട് 27 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഇടിഞ്ഞു. മമതയുടെ തൃണമൂലിലും രണ്ട് ശതമാനം വോട്ട് ചോര്‍ച്ചയുണ്ടായി. “ആദ്യം രാമന്‍, പിന്നെയാകാം ഇടത്” എന്ന ബിജെപി മുദ്രാവാക്യം ബംഗാളിലെ ഗ്രാമീണ ജനത ഏറ്റെടുക്കുകയായിരുന്നു. കൃത്യമായ കണക്കെടുത്താല്‍ 2016നും 2019നും ഇടയില്‍ ഏകദേശം ഒരു കോടി വോട്ടര്‍മാരാണ് സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയത്.
ദുരിതാശ്വാസഫണ്ട് തിരിമറി- മമതയ്‌ക്കേറ്റ തിരിച്ചടി
രണ്ട് രീതിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒന്നായിരുന്നു 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. തൃണമൂലിന്റെ അജയ്യത ആദ്യമായി പൊളിഞ്ഞു. മമതാ ബാനര്‍ജിയുടെ ഭരണത്തിനെതിരായ അതൃപ്തി വ്യാപകമായി പുറത്തുവന്നു. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിന് ശക്തമായ ബദല്‍ സര്‍ക്കാരായി വളരാന്‍ ബിജെപിയ്‌ക്ക് കഴിയുമെന്ന് ധാരണ രൂഡമൂലമായി. ജനപ്രിയപദ്ധതികള്‍ പലതും നടപ്പാക്കുന്നുണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും നടത്തുന്ന കയ്യേറ്റങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളെ തൃണമൂല്‍ സര്‍ക്കാരില്‍ നിന്നും അകറ്റി.
2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മൂന്നിലൊന്ന് സീറ്റുകളില്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് പ്രതിപക്ഷം എത്രത്തോളം വിഘടിതവും ശോചനീയവുമായ അവസ്ഥയിലായിരുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു ഇത്. അംഫാന്‍ (ഉംപുണ്‍) കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ സംസ്ഥാനസര്‍ക്കാര്‍ വന്‍ തിരിമറിയാണ് നടത്തിയതെന്ന പരാതി മമതയ്‌ക്കേറ്റ വന്‍ തിരിച്ചടിയായി. പരാതി വ്യാപകമായപ്പോള്‍ മമത തന്നെ ഫണ്ട് മുക്കിയ തൃണമൂല്‍ പാര്‍ട്ടി നേതാക്കളോട് അത് തിരിച്ച് നല്‍കാന്‍ പരസ്യമായി ആവശ്യപ്പെട്ടത് തൃണമൂല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചു. ദുരിതാശ്വാസഫണ്ട് തിരിമറിയ്‌ക്കെതിരെ നിരവധി പൊതുതാല്‍പര്യഹര്‍ജികള്‍ എത്തിയതോടെ കല്‍ക്കത്ത ഹൈക്കോടതി തന്നെ ഇത് സംബന്ധിച്ച് ഓഡിറ്റ് നടത്താന്‍ സിഎജിയ്‌ക്ക് നിര്‍ദേശം നല്‍കി.
ഭരണവിരുദ്ധവികാരം ശക്തം
ജനോപകാരപദ്ധതികള്‍ ഒന്നിനുപുറമെ ഒന്നായി പ്രഖ്യാപിച്ച് ഭരണവിരുദ്ധവികാരം ഒതുക്കാന്‍ മമതാ ബാനര്‍ജി ശ്രമിക്കുകയാണിപ്പോള്‍. പക്ഷെ തൃണമൂലില്‍ നിന്നു തന്നെയുള്ള നേതാക്കളെ തങ്ങളുടെ ക്യാംപിലെത്തിച്ച് ബിജെപി വന്‍ മുന്നേറ്റം നടത്തുകയാണിപ്പോള്‍. തൃണമൂല്‍ മുന്‍ മന്ത്രിയായ സുവേന്ദു അധികാരി ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞു. ഇതിന് പുറമെ സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും തൃണമൂലില്‍ നിന്ന് ആറും എംഎല്‍എമാരും ബിജെപിയില്‍ എത്തിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ തൃണമൂലിലെ ഒരു സിറ്റിംഗ് എംപിയും ബിജെപിയില്‍ ചേര്‍ന്നു. തൃണമൂലിന്റെ തെരെഞ്ഞെടുപ്പ് ക്യാംപയിന്‍ മാനേജരായ പ്രശാന്ത് കിഷോര്‍ ബിജെപിയ്‌ക്കെതിരെ പല വിധ പ്രചാരവേലകളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും അതിന് വേണ്ടത്ര പിന്തുണകിട്ടുന്നില്ല. ബിജെപിയുടെ വളര്‍ച്ച മാധ്യമ സൃഷ്ടി മാത്രമാണെന്ന ന്യായം പ്രശാന്ത് കിഷോര്‍ നിരത്തുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പിന് ശേഷം അറിയാമെന്ന മറുവാദമാണ് ബിജെപി നിരത്തുന്നത്. എന്തായാലും ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിനും മമതാ ബാനര്‍ജി ഭരണത്തിനും എതിരായ ഭരണവിരുദ്ധവികാരം പാരമ്യത്തിലെത്തിയിരിക്കുമ്പോഴാണ് 2021ല്‍ നിയമസഭാതെരഞ്ഞെടുപ്പെത്തുന്നത്.
ബിജെപിയല്ലാതെ ബദലില്ല
എന്തായാലും ഒരു കാര്യം ഉറപ്പാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുകയാണ്. ബിജെപി സര്‍വ്വശക്തിയുമെടുത്ത് മമതയ്‌ക്കെതിരെ പോരാടുന്നുവെന്ന് മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയല്ലാതെ തൃണമൂല്‍ സര്‍ക്കാരിനെതിരെ മറ്റൊരു ബദലില്ലെന്ന ബോധം ബംഗാളിലെ ജനങ്ങള്‍ക്കിടയില്‍ രൂഡമൂലമായിരിക്കുന്നു.
2016ല്‍ രൂപപ്പെട്ട സിപിഎം-കോണ്‍ഗ്രസ് മുന്നണിയ്‌ക്ക് ഒരിക്കലും ശക്തമായ പ്രതിപക്ഷമായി ഉയരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വ്യക്തമായ ബദല്‍ വികസനപരിപാടികളോ തൃണമൂല്‍ ശക്തിക്കെതിരെ അടിച്ചുനില്‍ക്കാനുള്ള സംഘടനാപരമായ ശേഷിയോ സിപിഎം-കോണ്‍ഗ്രസ് മുന്നണിയ്‌ക്കുണ്ടെന്ന് തോന്നുന്നില്ല. മമതയ്‌ക്കെതിരെ ഇരു പാര്‍ട്ടികളും ഉയര്‍ത്തുന്ന പൊള്ളയായ രോഷം മാത്രമാണ് ഈ കുറുമുന്നണിയ്‌ക്ക് കൈമുതലായുള്ളത്. ഈ മുന്നണി ഫലത്തില്‍ മമതയ്‌ക്കെതിരെ ബദല്‍ശക്തിയായ ഉയര്‍ന്നുവരുന്ന ബിജെപിയെ സഹായിക്കുകയാണ് ചെയ്യുക. അല്ലാതെ മമത ഭരണത്തിനെതിരെ ഉയരുന്ന വികാരത്തില്‍ നിന്നും ബിജെപിയിലേക്ക് ലഭിക്കേണ്ട വോട്ടുകള്‍ ചോര്‍ത്താന്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് കാര്യമായി സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. കാരണം 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 40 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയ ചരിത്രമുണ്ട്.
വിഭജനാനന്തരം എത്തിച്ചേര്‍ന്ന ദശലക്ഷക്കണക്കിന് വരുന്ന ജനതയില്‍ നല്ലൊരു ശതമാനം രാജബംഗ്ഷി, നാമശൂദ്ര വിഭാഗത്തില്‍പ്പെട്ട പിന്നോക്കസമുദായക്കാരാണ്. ഇവരെയും ബിജെപി സ്വാധീനിച്ചുകഴിഞ്ഞു.
മമതയുടെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ ഒവൈസി
തീവ്രഇസ്ലാമിക നിലപാടിലൂടെ മുസ്ലിം വോട്ടുകള്‍ കവരുന്ന ഒവൈസി ബംഗാളിലും പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. ഈ തന്ത്രം ബീഹാറിലെ നിയമസഭാതിരഞ്ഞെടുപ്പിലും ഹൈദരാബാദിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ പുതിയൊരു സാധ്യത എഐഎംഐഎം നേതാവ് ഒവൈസിയ്‌ക്ക് മുന്നില്‍ തെളിഞ്ഞുവന്നിരിക്കുകയാണ്. മമത ബാനര്‍ജിയുടെ സഖ്യകക്ഷിയായ അബ്ബാസി സിദ്ദിഖിയുമായി പുതിയൊരു സഖ്യത്തിന് ശ്രമിക്കുകയാണ് ഒവൈസി ഇപ്പോള്‍. ഇതോടെ മമത ബാനര്‍ജികൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. കാരണം തൃണമൂലിന്റെ അടിത്തറയായ മുസ്ലിംവോട്ടുകള്‍ ഭിന്നിച്ചുപോകുന്നത് ബിജെപിയ്‌ക്ക് അനുകൂലമാവും എന്ന ആശങ്കയാണ് മമത ബാനര്‍ജിയ്‌ക്ക്.
എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസിനെക്കൂടി ചേര്‍ത്ത് ശക്തമായ മുന്നണി കെട്ടിപ്പൊക്കുകയാണ് മമതയ്‌ക്ക് മുന്നിലുള്ള ഏക പോംവഴി. ഒറ്റയ്‌ക്ക് പോരാടി അധികാരം പിടിച്ചെടുക്കുകയും രണ്ട് വട്ടം അത് നിലനിര്‍ത്തുകയും ചെയ്തതിന്റെ അഹങ്കാരം മമതയെ ഒരു കൂട്ടുമുന്നണിയ്‌ക്ക് കീഴടങ്ങാന്‍ അനുവദിക്കുന്നില്ല. ഇതുതന്നെയാണ് മമതയുടെ അന്ത്യത്തിനും വഴിയൊരുക്കുക.
ബംഗാള്‍ ഒരു അതിര്‍ത്തിസംസ്ഥാനമാണ്. ഇവിടെ 10 കോടി വോട്ടര്‍മാര്‍, അതായത് ഏകദേശം 27ശതമാനം ജനങ്ങള്‍ മുസ്ലിംവിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇവരുടെ ശക്തമായ പിന്തുണയായിരുന്നു ഇതുവരെ മമതയുടെ ബലം. എന്നാല്‍ ഇവരില്‍ ഒരു വിഭാഗത്തിന്റെ അഴിഞ്ഞാട്ടവും മമതയ്‌ക്ക് തന്നെ വിനയായി. ഇപ്പോള്‍ ഇതില്‍ ഒരു വിഭാഗത്തിന്റെ വോട്ട് കൂടി ഒവൈസി ചോര്‍ത്തിയെടുത്താല്‍ അത് ബംഗാളില്‍ അനായാസം അധികാരത്തിലെത്താന്‍ ബിജെപിയ്‌ക്ക് വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: