സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ ഹരിശ്ചന്ദ്രന് എന്തെല്ലാമാണ,് ആരെയെല്ലാമാണ് കൂടെ കൊണ്ടുപോകാനായത്.
ആരെ സംരക്ഷിച്ച് കൂടെ നിര്‍ത്തനാണ് ജീവിതത്തില്‍ കാപട്യങ്ങള്‍ പറഞ്ഞ് വരുണഭഗവാനെ മടക്കി അയയ്‌ക്കാന്‍ ശ്രമിച്ചത് ആ രോഹിതനെ ഭൂമിയില്‍ ഉപേക്ഷിച്ചു. രോഹിത കുമാരനെ അയോധ്യയുടെ അടുത്ത രാജാവായി ചുമതലയേല്‍പ്പിച്ചാണ് ഹരിശ്ചന്ദ്രന്‍ സ്വര്‍ഗത്തിലേക്ക് പോയത്.
കൂടെ കൊണ്ടുപോയ അയോധ്യാ വാസികളായ കുറേ ജനങ്ങള്‍, യാത്ര സ്വര്‍ഗത്തിലേക്കല്ലായിരുന്നുവെങ്കില്‍ അവര്‍ കൂടെയുണ്ടാകുമായിരുന്നോ? നരകത്തിലേക്കാണെങ്കില്‍ അവര്‍ കൂടെ വരുമായിരുന്നോ? ഭൂമിയില്‍ തന്നെ കുറേക്കാലം താന്‍ അനുഭവിച്ച നരകദുഃഖങ്ങളില്‍ അവര്‍ കൂടെയുണ്ടായിരുന്നോ? ശുനശേപനെ ബലി കൊടുക്കാന്‍ തന്നെ ഉപദേശിച്ച വസിഷ്ഠ ഗുരു പോലും ആ ദുഃഖസമയങ്ങളില്‍ കൂടെയുണ്ടായിരുന്നില്ല.
എന്നാല്‍ ശുനശേപന്റെ ഓര്‍മകള്‍ എല്ലായ്‌പ്പോഴും കൂടെത്തന്നെയുണ്ടായിരുന്നു. താന്‍ അനുഭവിച്ച ദുഃഖങ്ങളുടെയുമെല്ലാം കാരണം തിരക്കിയപ്പോഴെല്ലാം ഓര്‍മയില്‍ തെളിഞ്ഞു വന്നത് ശുനശേപനെ ബലി കൊടുത്ത് രോഹിതനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ്. അന്ന് എന്തു ക്രൂരതയാണ് താന്‍ ചെയ്യാന്‍ ഭാവിച്ചത്. ആ പാപമല്ലേ തന്റെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണം.
മഹര്‍ഷി വിശ്വാമിത്രനാണ് കാരണമെന്ന് ഇടയ്‌ക്കൊക്കെ ചിന്തിച്ചുപോയി. പക്ഷേ ശുനശേപനെ രക്ഷിച്ചതു വഴി മഹര്‍ഷി വിശ്വാമിത്രന്‍ തന്നെയും പാപഭാരങ്ങളില്‍ നിന്ന് രക്ഷിക്കുകയായിരുന്നില്ലേ? ഒടുവില്‍ സ്വര്‍ഗഗമനത്തിനു പോലും വിശ്വാമിത്ര മഹര്‍ഷി വഴി ഒരുക്കിയില്ലേ? ഭൂമിയിലെ അവസാന നിമിഷം വരെ വിശ്വാമിത്രന്‍ തന്റെ കൂടെത്തന്നെയുണ്ടായിരുന്നു.
സത്യത്തില്‍ തന്നെ സത്യവ്രതനാക്കി തന്റെ അച്ഛന്റെ പേരു സംരക്ഷിച്ച വിശ്വാമിത്രന്‍ അച്ഛനെന്നതു പോലെ തനിക്കും സ്വര്‍ഗം പിടിച്ചു വാങ്ങിത്തരികയായിരുന്നു. ക്ഷത്രിയനായി ജനിച്ചിട്ടും തപശ്ചര്യ കൊണ്ട് ബ്രഹ്മാവില്‍ നിന്നും ബ്രഹ്മര്‍ഷി പദം പിടിച്ചു വാങ്ങുകയായിരുന്നുവല്ലോ വിശ്വാമിത്ര മഹര്‍ഷി. രാജര്‍ഷി പദം കൊണ്ട് തൃപ്തനാകാതെ ബ്രഹ്മര്‍ഷി സ്ഥാനം തന്നെ വാങ്ങിയെടുത്ത മഹര്‍ഷിയല്ലേ വിശ്വാമിത്ര മഹാനുഭാവന്‍.
സത്യപാലനത്തില്‍ നിഷ്ഠയുള്ളവന്‍ എന്ന പേര് തനിക്ക് സമ്പാദിച്ചു തന്നത് യഥാര്‍ഥത്തില്‍ ഗുരു വസിഷ്ഠനോ, ബ്രഹ്മര്‍ഷി വിശ്വാമിത്രനോ? ആ വിശ്വാമിത്രപാദങ്ങളില്‍ ഹരിശ്ചന്ദ്രന്‍ വീണ്ടും മനസാ നമിച്ചു. ഇതൊന്നും ശ്രദ്ധിക്കാതെ വിശ്വാമിത്ര മഹര്‍ഷി േലാകരക്ഷാ പ്രവര്‍ത്തനങ്ങളില്‍, മാനവസേവകളില്‍ മാധവസേവപോലെ മുഴുകി.
ആ സമയത്ത് ശുക്രമഹര്‍ഷി ഭൂമിയില്‍ പറയുന്നത് സ്വര്‍ഗത്തിലേക്കുള്ള വിമാനത്തിലിരുന്ന് ഹരിശ്ചന്ദ്ര മഹാരാജന്‍ കേട്ടു.
അഹോ തിതിക്ഷാ മാഹാത്മ്യ
മഹോദാനഫലം മഹത്
യഭാഗതോ ഹരിശ്ചന്ദ്രോ
മഹേന്ദ്രസ്യസലോകതാം
ഹരിശ്ചന്ദ്രന്റെ തിതിക്ഷയുടെയും മഹാദാനത്തിന്റെയും മഹത്തായ ഫലമാണത്രേ തന്റെ സ്വര്‍ഗപ്രാപ്തി. താന്‍ അത്രയ്‌ക്ക് തിതിക്ഷയുള്ളവനാണോ? ചിലപ്പോഴെങ്കിലും വിശ്വാമിത്ര മഹാനുഭാവനെ മനസാ സംശയിച്ചിട്ടില്ലേ? പിന്നെ ശുക്ര മഹര്‍ഷി ഇങ്ങനെ പറയാന്‍ എന്താണാവോ കാരണം? എല്ലാം ശതാക്ഷീദേവിയുടെ അനുഗ്രഹം തന്നെ. ആ ശാകംഭരി അമ്മയെ എന്നും നമസ്‌ക്കരിക്കുന്നു.
ഈ ഹരിശ്ചന്ദ്ര ചരിതം പാരായണം ചെയ്തു കേള്‍ക്കുന്നവര്‍ക്ക് സര്‍വാഭീഷ്ടങ്ങളും സിദ്ധിക്കുമെന്ന് ദേവീഭാഗവതത്തില്‍ സൂതന്‍ ഫലശ്രുതി പറയുന്നുണ്ട്.
സ്വര്‍ഗാര്‍ഥീ പ്രാപ്‌നുയാത് സ്വര്‍ഗം
സുതാര്‍ഥീ സുതമാപ്‌നുയാത്
ഭാര്യാര്‍ഥീ പ്രാപ്‌നുയാത് ഭാര്യാം
രാജ്യാര്‍ഥീ രാജ്യമാപ്‌നുയാത്.
സ്വര്‍ഗം മോഹിക്കുന്നവര്‍ക്ക് സ്വര്‍ഗവും മക്കളെ മോഹിക്കുന്നവര്‍ക്ക് മക്കളും ദാമ്പത്യസുഖം ആഗ്രഹിക്കുന്നവര്‍ക്ക് ദാമ്പത്യസുഖവും രാജ്യം താല്‍പര്യപ്പെടുന്നവര്‍ക്ക് രാജ്യവും ലഭിച്ച് എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: