ഭോപാല്‍: ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രണ്ട് അനുയായികളായ തുല്‍സിറാം സിലാവത്തിനും ഗോവിന്ദ് രാജ്പുത്തിനുമാണ് മന്ത്രി സ്ഥാനങ്ങള്‍ നല്‍കിയത്. നേരത്തെ മന്ത്രിമാരായിരുന്ന ഇരുവരും രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മന്ത്രിമാരായെത്തുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതോടെയാണ് 15 മാസം ആയുസ്സുണ്ടായിരുന്ന കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ നിലംപൊത്തിയത്.
രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രോടെം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ്മയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും പങ്കെടുത്തു. നേരത്തെ മന്ത്രിമാരായിരിക്കുകയും ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്ത ഇമര്‍ത്തി ദേവി, ഗിര്‍രാജ് ദന്തോതിയ എന്നിവരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ രാജിക്കത്ത് വാങ്ങിയത്. ഇതോടെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് വഴിയൊരുങ്ങിയത്.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് മൂന്നാം തവണയാണ് ശിവരാജ് സിംഗ് ചൗഹാന് മന്ത്രിസഭ വികസിപ്പിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന തുല്‍സിറാം സിലാവത്തും ഗോവിന്ദ് രാജ്പുത്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പിന്നീട് സിന്ധ്യയോടൊപ്പം ബിജെപിയില്‍ ചേരുകയുമായിരുന്നു. ഇവര്‍ എംഎല്എമാരല്ലെങ്കിലും ശിവരാജ്സിംഗ് ചൗഹാന് പുതിയ ബിജെപി മന്ത്രിസഭയില്‍ ഇരുവരെയും ഉള്‍പ്പെടുത്തി. എന്നാല്‍ എംഎല്എമാരല്ലാത്തവര് മന്ത്രിമാരായാല്‍ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരിക്കണം. എന്നാല്‍ കോവിഡ് കാരണം ഉപതിരഞ്ഞെടുപ്പ് നീണ്ടുപോയതിനാല്‍ ഇരുവരും ആറുമാസം കഴിഞ്ഞപ്പോള്‍ രാജിവെച്ചു. നവമ്പറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിലാവത്തും രജ്പുത്തും യഥാക്രമം സന്‍വര്‍, സുര്‍ഖി എന്നീ സീറ്റുകളില്‍ നിന്നും ജയിച്ചു. അതോടെ ഇവരെ മന്ത്രിമാരാക്കി പുനര്‍നിയമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: