ആലപ്പുഴ: കര്‍ഷകര്‍ക്കായി പ്രത്യേക നിയമസഭാ സമ്മേളനം നടത്തി കണ്ണീര് പൊഴിക്കുന്ന സര്‍ക്കാര്‍, അന്നം നല്കുന്ന കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെ അവഗണിക്കുന്നു. കുട്ടനാട് വീണ്ടുമൊരു പുഞ്ചക്കൃഷിക്കായി തയാറെടുക്കുമ്പോള്‍ രണ്ടായിരത്തോളം ഹെക്ടറില്‍ ഇത്തവണ കൃഷിയിറക്കുന്നതില്‍ കുറവു വരും. കാര്‍ഷിക മേഖലയ്ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ കുറവ് ശ്രദ്ധേയമാകുന്നത്.
ഇത്തവണ പരമാവധി 24,600 ഹെക്ടറിലാണ് പുഞ്ചക്കൃഷിയൊരുക്കുന്നത്. 24,000 ഹെക്ടറിലെ വിത പൂര്‍ത്തിയായി. ഇതില്‍ തന്നെ കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയില്‍ 198 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലായി ഇത്തവണ 2,061 ഹെക്ടറിന്റെ കുറവുണ്ട്. കഴിഞ്ഞ പുഞ്ചയ്ക്ക് 26,661 ഹെക്ടറിലാണു കൊയ്ത്ത് നടത്തിയത്.
രണ്ടാംകൃഷിയുടെ കൊയ്ത്ത് വൈകിയതാണ് ഇത്തവണ പുഞ്ചക്കൃഷിക്കു തിരിച്ചടിയായത്. മടവീഴ്ചമൂലം രണ്ടാം കൃഷി വീണ്ടും ഇറക്കേണ്ടി വന്നതും പുഞ്ചയൊരുക്കങ്ങള്ക്കു തടസ്സമായി. കൃഷി വകുപ്പ് നല്കിയ വിത്ത് പല സ്ഥലത്തും കിളിര്‍ക്കാതെ വന്നത് വിത വൈകാന്‍ ഇടയാക്കി. 2018ലെ പ്രളയം മുതല്‍ പുറംബണ്ട് സംരക്ഷണത്തില്‍ ഏറെ പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ടാം കൃഷിക്ക് 9000 ഹെക്ടറില്‍ കൃഷി ചെയ്തെങ്കിലും നാലായിരത്തോളം ഹെക്ടര്‍ കൃഷി ബണ്ട് തകര്‍ന്ന് നശിച്ചിരുന്നു. രണ്ടു വെള്ളപ്പൊക്കത്തെ അതിജീവിച്ചെങ്കിലെ പുഞ്ചക്കൃഷി വിളവെടുക്കാനാകൂ.
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എല്ലാ പാടശേഖരങ്ങളുടെയും പുറംബണ്ട് കെട്ടും എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒന്നു നടന്നില്ല. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പലതും മാസങ്ങള്‍ക്കകം നശിച്ചു. കുട്ടനാട് പാക്കേജില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നത് കാരണം വര്‍ഷങ്ങളായി കര്‍ഷകര്‍ പുറംബണ്ട് ബലപ്പെടുത്തിയിരുന്നില്ല. റിങ് ബണ്ട് നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നുണ്ടെങ്കിലും പാഴാകുകയാണ്. അതിനാല്‍, കര്‍ഷകര്‍ രണ്ടു കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നാക്കം പോകുകയാണ്.
സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് എവിടെ വരെയെത്തിയെന്ന് ആര്‍ക്കും അറിയില്ല. വിവിധ പദ്ധതികള്‍ക്കായി 2447 കോടി രൂപ നീക്കിവച്ചതായാണ് കഴിഞ്ഞ സെപ്തംബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചില പദ്ധതികള്‍ക്ക് നൂറ് ദിനത്തിനുള്ളില്‍ ഫലം കണ്ടുതുടങ്ങുമെന്നും അറിയിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കുട്ടനാട് ബ്രാന്‍ഡ് അരി ഉത്പാദിപ്പിക്കാന്‍ ആലപ്പുഴയില്‍ സംയോജിത റൈസ് പാര്‍ക്ക് ആരംഭിക്കും. ഒരു നെല്‍ ഒരു മീന്‍ പദ്ധതി വരുന്ന സീസണ് മുതല്‍ നടപ്പാക്കും. താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വെറ്ററിനറി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കും. കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുമ്പോള്‍ കുട്ടനാട് കൈനകരിയില്‍ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ മടവീഴ്ച കാരണം ആഴ്ചകളായി വെള്ളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: