ഹൈദരാബാദ്: പതിനാറു വയസുമാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച 56 കാരനായ മലയാളി അബ്ദുള്‍ ലത്തീഫ് പറമ്പനു വേണ്ടി ഹൈദരാബാദ് പോലീസ് വിപുലമായ അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെ മോചിപ്പിച്ച പോലീസ് വിവാഹം കഴിപ്പിക്കാന്‍ കൂട്ടുനിന്ന ആന്റിയെന്ന് അറിയപ്പെടുന്ന സ്ത്രീ, ഇടനിലക്കാര്‍, വിവാഹത്തിന് കാര്‍മികത്വം വഹിച്ച മൗലവി എന്നിവരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.
ആന്റി ഹൗറുന്നീസ, ഭര്‍ത്താവ് മീര്‍ ഫര്‍ഹത്തുള്ള, മകന് മീര്‍ റഹ്മത്തുള്ള, ഇടനിലക്കാരായ അബ്ദുള്‍ റഹ്മാന്, വാസീം ഖാന്, മൗലവി മുഹമ്മദ് ബദിയുദ്ദീന്‍ ക്വാദ്രി എന്നിവര്‍ അറസ്റ്റിലായി.
പെണ്‍കുട്ടിയുടെ ഉമ്മ നേരത്തെ മരണമടഞ്ഞിരുന്നു. ബാപ്പ കിടപ്പു രോഗിയും. അകന്ന ബന്ധു ഹൗറുന്നീസ, രണ്ടര ലക്ഷം രൂപ അബ്ദുള്‍ ലത്തീഫ് പറമ്പനില്‍ നിന്ന് വാങ്ങി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു നല്‍കുകയായിരുന്നു. ഇതില്‍ ഒന്നര ലക്ഷം അവരെടുത്തു. ബാക്കി മറ്റുള്ളവര്‍ക്ക് വീതിച്ചു നല്കി. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അടുത്ത ബന്ധു നല്കിയ പരാതിയിലാണ് പോലീസ് നടപടി.
ബലാല്‍സംഗം, പോക്സോ പ്രകാരം ലൈംഗിക പീഡനം, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹൗറുന്നീസക്കെതിരെ ചതി, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവയ്ക്കും ഫലക്നുമ പോലീസ് കേസ് എടുത്തിട്ടുണ്ട്. ലോഡ്ജില്‍ താമസിച്ചിരുന്ന മലയാളി വിവരമറിഞ്ഞ് മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: