ബത്തേരി: ബത്തേരി നഗരസഭയില്‍ അധികാരം നില നിര്‍ത്തിയെങ്കിലും മത്സരിച്ച രണ്ടിടങ്ങളിലും സിപിഐ ദയനീയമായി മൂന്നാമതായത് എല്‍ഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. യുഡിഎഫിന്റെ കുത്തക സീറ്റുകളില്‍ പലതിലും അട്ടിമറി ജയം എല്‍ഡിഎഫ് നേടിയിരിക്കെ സിപിഐയുടെ മാത്രം തകര്‍ച്ചക്ക് പിന്നില്‍ സിപിഎമ്മിന്റെ വോട്ട് മറിക്കലാണ് കാരണം.
നഗരസഭയില്‍ തൊടുവട്ടിയിലും പഴുപ്പത്തൂരുമാണ് സിപിഐ മത്സരിച്ചത്. കര്‍ഷകമുന്നണിയുടെയും ബിജെപിയുടെയും സ്ഥാനാര്‍ഥികളാണ് ഈ ഡിവിഷനുകളില്‍ യഥാക്രമം രണ്ടാമത്. പഴുപ്പത്തൂര്‍ നിലവില്‍ ബിജെപിയുടെ സീറ്റായിരുന്നു. സിപിഐയെ ഒതുക്കുന്നതോടൊപ്പം ബിജെപിയുടെ വിജയം തടയുക എന്ന ലക്ഷ്യം കൂടി ഇവിടെ സിപിഎമ്മിന് ഉണ്ടായിരുന്നു.
46 വോട്ടുകള്‍ക്കാണ് ഇവിടെ യുഡിഎഫ് ജയിച്ചത്. തൊടുവട്ടിയില്‍ ആകെ പോള്‍ ചെയ്ത 815 വോട്ടുകളില്‍ സിപിഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 167 വോട്ടുകള്‍ മാത്രമാണ്. 391 വോട്ട് ലഭിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചപ്പോള്‍ 255 വോട്ടുകളോടെ കര്‍ഷക മുന്നണി സ്ഥാനാര്‍ത്ഥി രണ്ടാമത്തെത്തി. പഴുപ്പത്തൂരില്‍ യു ഡിഎഫിനും തൊടുവട്ടിയില്‍ കര്‍ഷക മുന്നണിക്കും സിപിഎം വോട്ടുകള്‍ വ്യാപകമായി പോവുകയായിരുന്നു എന്ന് വ്യക്തമാണ്.
ബത്തേരിയില്‍ സിപിഎം കഴിഞ്ഞാല്‍ പിന്നെ ജോസ് കെ മാണി വിഭാഗത്തിനും ഒരു കൗണ്‍സിലര്‍ ഉണ്ട്. മുന്നണിയിലെ രണ്ടാം കക്ഷിക്ക് കൗണ്‍സിലറെ ലഭിക്കരുതെന്ന സിപിഎമ്മിന്റെ കൃത്യമായ അജണ്ടയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. ബത്തേരിയില്‍ സിപിഎം അപ്രമാദിത്വത്തിന്നെതിരെ ശക്തമായി പ്രതികരിക്കാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട് എഐഎസ്എഫ്, എഐവൈഎഫ് മുന്‍ ഭാരവാഹികള്‍ ആയിരുന്ന പലരും സിപിഐ നേതൃത്വവുമായി നീരസത്തിലാണ്. ഏതായാലും ബത്തേരിയിലെ മുന്നണിയിലും പാര്‍ട്ടികളിലും സിപിഐയുടെ ഈ തോല്‍വി ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: