കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. കണ്ണൂര്‍ ജില്ലയില്‍ മത്സരിക്കുന്നതിന് മൂന്ന് സീറ്റ് വേണമെന്നാണ് ലീഗ് നേരത്തെ തന്നെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍ ജില്ലാ സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പുറത്തുനിന്നുള്ള നേതാക്കളാരും ഇങ്ങോട്ടേയ്ക്ക് എത്തണ്ട. ജില്ലയിലെ നേതാക്കള്‍ക്ക് തന്നെ ഇത്തവണ മത്സരിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ലീഗിന്റെ നിലപാട്. ഈ മാസം ആറിന് സംസ്ഥാന ഭാരവാഹികള്‍ ജില്ലാ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഈ നിര്‍ദ്ദേശം ലീഗ് അറിയിക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ലീഗ് മുന്നേറിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് മണ്ഡലങ്ങളുള്ള കണ്ണൂരില്‍ അഴീക്കോട് സീറ്റ് മാത്രമാണു നിലവില്‍ ലീഗിനുള്ളത്. രണ്ടു തവണ അഴീക്കോട് എംഎല്‍എയായ കെ.എം. ഷാജി ഇത്തവണ മല്‍സരിക്കില്ലെന്നും പകരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് എത്തുമെന്നുമുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണു ജില്ലാ നേതൃത്വം രണ്ട് സീറ്റ് അധികം വേണമെന്ന് തീരുമാനമെടുത്തിരിക്കുന്നത്.
പത്തു വര്‍ഷമായി അഴീക്കോട് സീറ്റില്‍ മാത്രമാണു മല്‍സരം. ജില്ലയില്‍ പാര്‍ട്ടി വളരണമെങ്കില്‍ ജില്ലക്കാരനായ എംഎല്‍എ വേണമെന്നതാണു നേതൃത്വത്തിന്റെ വാദം. അതിനാല്‍ അഴീക്കോടിന് പുറമേ കൂത്ത്പറമ്പും, തളിപ്പറമ്പുമാണ് ലീഗ് ഇത്തവണ ചോദിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ കണ്ണൂരിലും പഴയ പെരിങ്ങള(ഇപ്പോള്‍ കൂത്തുപറമ്പ്)ത്തും അഴീക്കോടും ലീഗ് മാറി മാറി മല്‍സരിച്ചിരുന്നു. കണ്ണൂരില്‍ ലീഗിനു ലഭിച്ചുപോന്ന സീറ്റുകളില്‍ രണ്ടു തവണ മാത്രമേ ജില്ലയിലെ ലീഗ് നേതാക്കള്‍ എംഎല്‍എമാരായിട്ടുള്ളൂ. കണ്ണൂരില്‍ ഇ.അഹമ്മദും പെരിങ്ങളത്ത് കെ.എം.സൂപ്പിയും.
തളിപ്പറമ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച കേരളാ കോണ്‍ഗ്രസ് എമ്മും, കൂത്തുപറമ്പില്‍ മല്‍സരിച്ച എല്‍ജെഡിയും ഇത്തവണ എല്‍ഡിഎഫിലായതിനാല്‍ ഈ സീറ്റുകള്‍ മുന്നണിയില്‍ ഒഴിവു വരും. കഴിഞ്ഞതവണ എല്‍ജെഡി മല്‍സരിച്ച മട്ടന്നൂരും ഒഴിവാണ്. എന്നാല്‍ ഇതില്‍ ഒരെണ്ണം മാത്രമാണ് ലീഗ് നേതൃത്വം തരുന്നതെങ്കില്‍ കൂത്തുപറമ്പ് സീറ്റിനാകും ലീഗ് താല്പര്യപ്പെടുക. അതേസമയം അഴീക്കോടും തളിപ്പറമ്പും അടുത്തടുത്ത മണ്ഡലങ്ങളായതിനാല്‍ രണ്ടിടത്തും ലീഗ് മല്‍സരിക്കുന്നത് കോണ്‍ഗ്രസ് ചിലപ്പോള്‍ താത്പ്പര്യപ്പെടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: