ന്യൂദല്‍ഹി : കൊറോണ വാക്സിന് ഉപയോഗത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ വാക്സിന് വിതരണം വേഗത്തിലാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
യുകെ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ അടിയന്തിര അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും വാക്സിന് വിതരണത്തിനായി നടപടികള്‍ കൈക്കൊള്ളുന്നത്. ബ്രിട്ടണില്‍ ഓക്സ്ഫഡ്- അസ്ട്രാസെനക വാക്സിന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു. ഇത് വലിയൊരു നേട്ടമാണ്. ഇന്ത്യയിലും ഉടന്‍ തന്നെ അനുമതി ലഭിക്കുന്നതാണ്. ഓക്സ്ഫഡ് വാക്സിന് സുരക്ഷതമാണെന്ന് ഗവേഷകര്‍ ഉറപ്പുവരുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ഓക്സ്ഫഡ് വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഉടന്‍ തന്നെ വാക്സിന് വിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.
നിലവില്‍ 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ സംഭരിച്ച് വയ്ക്കാന്‍ സാധിക്കുന്നതാണ് ഓക്സ്ഫഡിന്റെ വാക്സിനുകള്‍. ഇവ സാധാരണ ഫ്രിഡ്ജുകളിലും സൂക്ഷിക്കാന്‍ സാധിക്കും. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സംഭരിച്ച് വെയ്ക്കേണ്ട ഫൈസര്‍ വാക്സിനേക്കാള്‍ സുതാര്യമാണ് ഓക്സ്ഫഡ് വാക്സിനെന്നും ഗുലേരിയ കൂട്ടിച്ചേര്‍ത്തു.
ഓക്സ്ഫഡ് വാക്സിന് കൂടാതെ കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ കൊറോണ വാക്സിനുകളും രാജ്യത്ത് അടിയന്തിര ഉപയോഗത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്്. ഓക്സ്ഫഡ് വാക്സിന്റെ അപേക്ഷ പരിഗണിക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: