ന്യൂഡല്‍ഹി: 1947-48 ല്‍ നടന്ന ആദ്യ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തില്‍ വീരമൃതുവരിച്ച ‘നൗഷേരയുടെ സിംഹം’ എന്നറിയപ്പെടുന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കേടുപാടുകള്‍ സംഭവിച്ച ശവകൂടീരം നവീകരിക്കാനൊരുങ്ങി ബിജെപിയുടെ രാജ്യസഭാ എംപി സയീദ് സഫര്‍. സേനകളെ വളരെയേറെ ബഹുമാനിക്കുകയും പ്രഥമപരിഗണന നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് തന്റേതെന്ന് സയീദ് സഫര്‍ പറഞ്ഞു.
ഇപ്പോഴാണ് തന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നതെന്നും കഴിയുന്നത്ര വേഗത്തില്‍ ശവകൂടീരം പുതുക്കിപ്പണിയുമെന്നും ബിജെപി ദേശീയ വക്താവ് കൂടിയായ അദ്ദേഹം പറഞ്ഞു. 1912-ല്‍ ഉത്തര്‍പ്രദേശിലെ അസംഗാര്ഹിലാണ് ബ്രിഗേഡിയര്‍ ഉസ്മാന്റെ ജനനം. 1948-ല്‍ ജമ്മുകാശ്മീരിലെ ഝാന്ഗറും നൗഷേരയും പാകിസ്ഥാന് സൈന്യത്തില്‍നിന്ന് തിരിച്ചുപിടിക്കാന്‍ 50-ാമത് പാരച്ചൂട്ട് ബ്രിഗേഡിനെ നയിച്ചത് ഇദ്ദേഹമായിരുന്നു.
ഈ യുദ്ധത്തിലാണ് രാജ്യത്തിനായി ജീവന് നല്‍കിയത്. ജാമിയ മിലിയ ഇസ്ലാമിയക്കു സമീപമുള്ള ബട്ല ഹൗസ് ശ്മശാനത്തിലാണ് ബ്രിഗേഡിയര്‍ ഉസ്മാന്റെ ഭൗതികശരീരം സംസ്കരിച്ചത്. മരണാന്തര ബഹുമതിയായി മഹാവീരചക്രം നല്കി രാജ്യം ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: