ചെമ്പകശ്ശേരിരാജാവിന്റെ നാട്ടിലെ ഉച്ചയൂണിന്റെ വിഭവങ്ങള്‍ കുഞ്ചന്‍ നമ്പ്യാര്‍ നര്‍മ്മോക്തിയില്‍ വിവരിച്ചിരിക്കുന്നു: പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും പുത്തന്‍നെയ് കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും പത്തഞ്ഞൂറുകറിക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും,
നിത്യം ചമ്പകനാട്ടിലഷ്ടിതയിര്മോര്തട്ടാതെ കിട്ടും സുഖം ഒരേ ഊണു തന്നെ നന്നായും, മോശമായും ചിത്രീകരിച്ചിരിക്കുന്നതെങ്ങനെയെന്നു കാണൂ:
പത്രം വിസ്തൃതം (നല്ല വലിയ ഇല) തുമ്പമലര്തോറ്റോടീടിനോരന്നവും (തുമ്പപ്പൂവിനേക്കാള്‍ വെളുത്ത നിറമുള്ള ചോറ്) പുത്തന്‍ നെയ് (പുതിയ നെയ്യ്) കനിയെപ്പഴുത്ത പഴവും (നന്നായി വിളഞ്ഞു പഴുത്ത പഴം) കാളിപ്പഴം കാളനും (കാളിപ്പഴം കൊണ്ടുള്ള കാളന്). കാളിപ്പഴം രുചിയേറിയ പഴമാണത്രേ.
പത്തഞ്ഞൂറുകറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും (അഞ്ഞൂറിലേറെ കറികളേയും അതായത് മറ്റെല്ലാ കറികളേയും പിന്നിലാക്കുന്ന നാരങ്ങാക്കറിയും, മാങ്ങാക്കറിയും) നിത്യം തയിര് മോര് തട്ടാതെ (എന്നും തൈര് മോരു ചേരാതെ, അതായത് കട്ടത്തൈര് എന്നര്‍ത്ഥം) അഷ്ടി (ഊണ്) ചെമ്പകനാട്ടില്‍ കിട്ടും. ഇനി മറ്റൊരു തരത്തില്‍ അര്ത്ഥമെടുത്താല്, പത്രം വിസ്തൃതമത്ര തുമ്പ (തുമ്പച്ചെടിയുടെ ഇലയുടത്ര ചെറിയ ഇല) മലര്തോറ്റോടീടിനോരന്നവും- മലരിനേക്കാളും കനം കുറഞ്ഞ ചോറ്. ഊതിയാല്‍ പറക്കുന്ന മാതിരിയുള്ള ചോറ് പുത്തന്‍നെയ് കനിയെ (പുതിയ നെയ്യാണെങ്കിലും കനച്ചത്, ദുഃസ്വാദുള്ളത് എന്നര്‍ത്ഥം) പഴുത്ത പഴവും കാളി (പഴുത്ത പഴമാണെങ്കിലും കാളിപ്പോയി. അതായത് കറുത്തു പോയി) പഴം കാളനും (കാളന് പഴയതായി) പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും നാരങ്ങാക്കറിയും (മാങ്ങാക്കറിയും മോശമായതിനാല്‍ മറ്റു കറികളുടെ പിറകിലാണ് സ്ഥാനം) ചെമ്പകനാട്ടില്‍ അഷ്ടി തയിര് മോര് തട്ടാതെ കിട്ടും (ചെമ്പകനാട്ടിലെ ഊണിന് തൈരുമില്ലാ,മോരുമില്ലാ). ഊണ് ഭേഷായി ഇല്ലേ!!!
ശ്രീകുമാരമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: