കൊച്ചി: നെല്ല് സംഭരണത്തിന്റെ ഭാഗമായി സംഭരണ കേന്ദ്രത്തിലേക്കോ മില്ലിലേക്കോ നെല്ല് എത്തിക്കുന്നതിന് കര്‍ഷകരില്‍ നിന്ന് കരാറുകാര്‍ ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഒരു മാസത്തിനകം പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ആഴത്തില്‍ പരിശോധിക്കേണ്ട വിഷയമാണിതെന്ന് അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ദുരിതം പരമാവധി കുറയ്ക്കാന്‍ കഴിയാവുന്നത്ര നടപടി സ്വീകരിക്കണം. ഇതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത കൊയ്ത്തുകാലം അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരെയും സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഉദ്യോഗസ്ഥരെയും കരാറുകാരെയും കേട്ട് ഉചിതമായ തീരുമാനമെടുക്കാനാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
നെല്ല് കൊണ്ടുപോകാന്‍ കരാറുകാര്‍ പല നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ പാലക്കാട് കൊല്ലങ്കോട് മണലിപ്പാടം പാടശേഖര സമിതിയടക്കം നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നെല്ലു സംഭരണത്തിന്റെ ചുമതല സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാണ്.
നെല്ല് സംഭരിക്കാനും നെല്ല് കുത്താനും മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ സിവില്‍ സപ്ളൈസ് കോര്പ്പറേഷന് ഇവ സ്വകാര്യ സംരംഭകര്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.
ഇവരാണ് കര്‍ഷകരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നത്. സംഭരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ചാര്‍ജ്ജ് നല്കാന് കര്‍ഷകര്‍ക്ക് ബാദ്ധ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, കര്‍ഷകരില്‍ നിന്ന് ഈ തുക ഈടാക്കാതെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നടപടി സ്വീകരിക്കണമെന്ന ഇടക്കാല ഉത്തരവു പാലിക്കുന്നില്ലെന്നാരോപിച്ച് കോടതിയലക്ഷ്യ ഹര്‍ജിയും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: