വിളപ്പിൽ: ”കുടിക്കുന്ന ജലം, ശ്വസിക്കുന്ന വായു, എന്തിനേറെ… ഈ മണ്ണിനെപ്പോലും മലിനമാക്കുന്ന ചവർഫാക്ടറി അടച്ചു പൂട്ടുക തന്നെ വേണം.” 2012 ഒക്ടോബർ 16 ന് വിളപ്പിൽശാലയിൽ തടിച്ചുകൂടിയ പുരുഷാരത്തെ നോക്കി മലയാളത്തിന്റെ മഹാകവയത്രി സാക്ഷാൽ സുഗതകുമാരി പറഞ്ഞ വാക്കുകൾ അയവിറക്കുകയാണ് വിളപ്പിൽശാലക്കാർ.
പ്രകൃതിയെ മലിനമാക്കിയ നഗരസഭയുടെ ചവർസംസ്‌കരണ ഫാക്ടറിക്കെതിരെ 2010 ലാണ് ജനം സമരമുഖത്തെത്തിയത്. രണ്ട് വർഷം നീണ്ടു നിന്ന റിലേ നിരാഹാര സമരം. സർക്കാർ വിളപ്പിൽശാലക്കാരുടെ അതിജീവന പോരാട്ടം കണ്ടില്ലെന്ന് നടിച്ചു. ഒടുവിൽ 2012 ഒക്ടോബർ 13 ന് വിളപ്പിൽ പഞ്ചായത്തിൽ സമരസമിതിക്കാർ അനിശ്ചിതകാല ഹർത്താൽ പ്രഖ്യാപിച്ചു. വാഹനങ്ങൾ നിരത്തിലിറങ്ങാതെ, കടകമ്പോളങ്ങൾ അടച്ചിട്ട് തീവ്രമായൊരു സമരം.
ഹർത്താൽ ആരംഭിച്ച് മൂന്നാം നാൾ സർക്കാരിന് മനംമാറ്റമുണ്ടായി. സമരാവേശത്തിൽ തെരുവിലിറങ്ങിയ നാട്ടുകാരോട് സമവായ ചർച്ചയ്‌ക്ക് സംസ്ഥാന സർക്കാർ അന്ന് നിയോഗിച്ചത് സുഗതകുമാരി ടീച്ചറെ. വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലെ സമരപ്പന്തലിലെത്തിയ ടീച്ചർ കണ്ടത്, കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങൾ തെരുവിലിരിക്കുന്ന കാഴ്ച. ആ മാതൃഹൃദയം തേങ്ങി. അവർ ഉറക്കെപ്പറഞ്ഞു… ”ഇത് അതിജീവനത്തിനായി പോരാടുന്ന ഒരു ജനതയുടെ സമരം. ലോകം കണ്ട ലക്ഷണമൊത്ത സമരമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. എന്റെ ധാർമിക പിന്തുണ നിങ്ങൾക്കുണ്ടാവും.”
വിളപ്പിൽശാലയുടെ നൊമ്പരം സുഗതകുമാരി ടീച്ചർ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ധരിപ്പിച്ചു. പിറ്റേന്ന് മുഖ്യമന്ത്രി സമരസമിതിയുമായി ചർച്ചയ്‌ക്ക് തയാറായി. ഇനി വിളപ്പിൽശാലയിലേക്ക് ചവർ വണ്ടികൾ വരില്ലെന്ന ഉറപ്പിൻമേലാണ് അന്ന് ഹർത്താൽ പിൻവലിച്ചത്. 2013 ൽ ഹരിതകോടതി വിധിയെ തുടർന്ന് ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. സുഗതകുമാരി എട്ട് വർഷം മുമ്പ് വന്നിരുന്നു പ്രസംഗിച്ചിടത്ത് ഒരു ബോധി വൃക്ഷം നട്ട് ആ അമ്മയോടുള്ള ആദരവ് അറിയിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: