തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥാനം ചെമ്പഴന്തി ഗുരുകുലത്തിന് സമീപത്തായുള്ള ‘ഗുരുതീര്‍ത്ഥം’ കിണറിന്റെ പുനരുദ്ധാരണ വാര്‍ഷികത്തില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്ത ജനങ്ങള്‍. പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടനം, ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ശ്രീമതി സുഗീത നിര്‍വ്വഹിച്ചു. ശ്യാം ഏനാത്ത് എഴുതിയ ‘ശങ്കരന് ചട്ടമ്പിയും ശ്രീനാരായണ ഗുരുവും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈ അവസരത്തില്‍ നടന്നു.
ഗുരു തന്റെ കരങ്ങളാല്‍ മണ്ണു നീക്കിയ ഭാഗത്ത് നീരുറവ രൂപപ്പെട്ടു എന്നാണ് ഐതീഹ്യം. ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കുളത്തൂര്‍ തൈവിളാകത്ത് ദാമോദരന്‍ 1962 ല്‍ ഈ ദിവ്യതീര്‍ത്ഥം കല്ലുപാകി പുനര്‍നിര്‍മ്മിച്ച് സംരക്ഷിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഇന്ന് കാണുന്ന അവസ്ഥയില്‍ ഗുരുതീര്‍ത്ഥം പുനരുദ്ധരിക്കപ്പെട്ടത്.
കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍, വരള്‍ച്ച നേരിട്ട കാലത്ത് ഗുരുദേവന് നീരുറവകള്‍ കണ്ടെത്തിയതിനെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ഡയറക്ടര്‍ വിശദീകരിച്ചു. എസ്എന്‍ഡിപി ചെമ്പഴന്തി ശാഖാ സെക്രട്ടറി ജയ്മോഹന്‍ ലാല്‍, ചെമ്പഴന്തി ഗുരുകുലം റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി പി. പ്രബല്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: