കോട്ടയം: അഭയ കേസ് അട്ടിമറിക്കാന്‍ ഉന്നത തലങ്ങളില്‍ സ്വാധീനം ചെലുത്തിയത് ഫാ. കോട്ടൂരിന്റെ ബന്ധുവായ ജസ്റ്റിസ് സിറിയക് ജോസഫ് ആണെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ജോമോന് പുത്തന്‍പുരക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാര്‍കോ അനാലിസിസ് ടെസ്റ്റ് അട്ടിമറിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നു ജോമോന് ആരോപിച്ചു.
അഭയകേസിന്റെ തുടക്കം മുതല്‍ ജസ്റ്റിസ് സിറിയക് ജോസഫ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് തെളിവായി പരിഗണിക്കാതിരിക്കാന്‍ ജസ്റ്റിസ് അനധികൃതമായി ഇടപെട്ടു. നാര്‍ക്കോ അനാലിസിസ് സപ്പോര്‍ട്ടിങ് തെളിവായി സ്വീകരിക്കാമെന്ന കോടതി വിധിക്കെതിരെ അതിനു കടകവിരുദ്ധമായി പുതിയ വിധി പുറപ്പെടുവിക്കാന്‍ ജഡ്ജിയെ സ്വാധിനിച്ചത് സിറിയക് ജോസഫ് തന്നെയാണ് എന്നും ജോമോന് ആരോപിച്ചു.
അഭയ കൊല്ലപ്പെട്ട സമയം ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു സിറിയക് ജോസഫ്. കേസില്‍ തെളിവ് നശിപ്പിച്ച കെ.ടി. മൈക്കിളിനെതിരെ സിബിഐ കോടതി നടപടി ആവശ്യപ്പെട്ടതിന്റെ ഭാഗമായി മൈക്കിളിന്റെ പെന്ഷന് നടഞ്ഞുവയ്ക്കാനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ജോമോന് ആവശ്യപ്പെട്ടു. എത്ര അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടിയത് ദൈവിക ശക്തിയുടെ ഇടപെടല്‍കൊണ്ടാണ്. ആരുമില്ലാത്തവര്‍ക്ക് നീതി കിട്ടാന്‍ താനിനിയും ഉണ്ടാകുമെന്നും ജോമോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: