പത്തനാപുരം: തലവൂരില്‍ താരമായി മാറിയിരിക്കുകയാണ് രണ്ടാലുംമൂട് വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത്. സാന്റാക്ലോസിന്റെ വേഷത്തില്‍ അപ്രതീക്ഷിതമായി വീടുകളിലെത്തി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നാണ് തന്റെ വോട്ടര്‍മ്മാരെ രഞ്ജിത്ത് ഞെട്ടിച്ചത്. മാലാഖയായി അണിഞ്ഞൊരുങ്ങി അച്ഛനൊപ്പം ആംശംസ നേരാന്‍ ആറുവയസുകാരി മകള്‍ അമേയയും രഞ്ജിത്തിനൊപ്പമുണ്ടായിരുന്നു.
തലവൂരിന്റെ ഹൃദയഭാഗമായ രണ്ടാലുംമൂട്ടിലെ മിക്ക വീടുകളിലും ആശംസകള്‍ നേര്‍ന്നതിനൊപ്പം മധുരവും ചെറിയ സമ്മാനവും വിതരണം ചെയ്യാന്‍ രഞ്ജിത്ത് മറന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ ക്രിസ്തുമസ് കരോള്‍ സംഘങ്ങള്‍ക്ക് പളളികളില്‍ നിന്ന് ഇത്തവണ നിയന്ത്രണമുണ്ടായിരുന്നു.
വേഷവിധാനത്തോടെ അപ്രതീക്ഷിതമായി എത്തിയ സാന്റാക്ലോസ് ആരാണെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഏത് പളളിയില്‍ നിന്ന് വന്നതെന്നാണ് മിക്കവരും ചോദിച്ചത്. മുഖാവരണം മാറ്റിയപ്പോഴാണ് തങ്ങളുടെ വാര്‍ഡ് മെമ്പറാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. കേക്ക് നല്കി വീട്ടുകാരും വാര്‍ഡ് മെമ്പറെ സ്വീകരിച്ചു.
ചിത്രകാരനും വിരമിച്ച സൈനികനുമായ രഞ്ജിത്ത് 108 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംലൂട് വാര്‍ഡില്‍ നിന്നും വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: