പാലക്കാട് : വിവാഹത്തെ തുടര്‍ന്നുണ്ടായ കലഹമാണ് അനീഷിന്റെ കൊലപാതകത്തിന് കാരണമായതെന്ന് പ്രതികള്‍. കേസുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് അനീഷ് ഇവരെ രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴിയില്‍ പറയുന്നത്.
പിള്ള സമുദായത്തില്‍പ്പെട്ടയാളാണ് ഹരിത. കൊല്ലന് സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടര്‍ന്നുണ്ടായ വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെല്ലാം ഒളിവില്‍ പോവകയായിരുന്നു. തുടര്‍ന്ന് ഹരിതയുടെ അമ്മാവന് സുരേഷിനെ വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും മറ്റ് പ്രതികളേയും പിടികൂടുകയുമായിരുന്നു.
ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ ബുള്ളറ്റില്‍ കൊഴിഞ്ഞാമ്പാറയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്കാണ് പോയത്. മൊബൈല്‍ ഫോണടക്കം അവിടെ ഉപേക്ഷിച്ച് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സായ്ബാബ കോളനിയിലെ ബന്ധുവീട്ടിലേക്ക് കടന്നു. ശനിയാഴ്ച പുലര്‍ച്ചെ അവിടെ നിന്ന് ബസ് മാര്‍ഗം മറ്റൊരിടത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. ഇയാളെ പാലക്കാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ പോലീസിന് മുമ്പാകെ കുറ്റംസമ്മതിച്ചിട്ടുണ്ട്. ഇന്ന് ഇവരുടെ തെളിവെടുപ്പ് നടത്തും.
അതേസമയം അനീഷിന്റേത് അസൂത്രിതമായ കൊലപാതകമാണെന്ന് അനീഷിന്റെ അച്ഛന് ആറുമുഖന്‍ പറഞ്ഞു. അനീഷിനെ കള്ളക്കേസില്‍ കുടുക്കാനടക്കം ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍ ശ്രമിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് വരെ അയച്ചുവെന്നും അനീഷിന്റെ അമ്മ അറിയിച്ചു.
കൊലപാതകം ആസൂത്രിതമാണെന്നും പ്രഭുകുമാരിന്റെ അച്ഛന് കുമരേശന്‍ പിള്ളയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും കൃത്യമായി ആരോവിവരം നല്‍കിയാണ് കൊലപാതകം നടത്തിയത്. കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും ആറുമുഖന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: