കോഴിക്കോട്: കര്‍ഷക സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കര്‍ഷകരെ കബളിപ്പിക്കുകയാണ് പ്രതിപക്ഷം. ഇതിന് പിന്നില്‍ മോദിയോടുള്ള രാഷ്ട്രീയ വിരോധമാണെന്നും സുരേന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി എലത്തൂര്‍ ഏടക്കരയില്‍ നടത്തിയ കിസാന്‍ സംവാദ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സമരം നയിക്കുന്നത് കര്‍ഷകരാണെങ്കിലും സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടുകള്‍ കാരണം നിലനില്‍പ്പ് നഷ്ടമായ ശക്തികളാണ് സമരത്തിന്റെ മറവില്‍ പ്രതിഷേധിക്കുന്നത്. പുതിയ കാര്‍ഷിക നിയമം കാരണം കൃഷിക്കാരല്ല ഇടനിലക്കാരാണ്കഷ്ടപ്പെടുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
മണ്ഡി സംവിധാനം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞവരാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടിക്കാരും. ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഇടനിലക്കാര്‍ക്ക് തിരിച്ചടി വന്നതുകൊണ്ടാണ് സമരത്തിന് ഇത്ര ഇളക്കം. എന്താണ് കര്‍ഷകര്‍ക്ക് ഈ ബില്ലുകൊണ്ട് ദോഷമെന്ന് പറയാന്‍ സമരക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കര്‍ഷക സമരം വെറും തട്ടിപ്പാണ്. എന്താണ് കേരളത്തില്‍ മണ്ഡികള്‍ ഇല്ലാത്തതെന്നും സുരേന്ദ്രന് ചോദിച്ചു.
കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത സമരത്തിന് പിന്തുണ നല്കാന് പ്രത്യേക നിയമസഭ വിളിക്കുന്നത് എന്തിനാണ്. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം കൊണ്ടു വരാന്‍ നിയമസഭയ്ക്ക് എന്ത് അവകാശമാണുള്ളതെന്നും സുരേന്ദ്രന് ചോദിച്ചു. കൃഷിക്ക് ഏറ്റവും ഉയര്‍ന്ന താങ്ങ് വില കൊടുത്തത് മോദി സര്‍ക്കാരാണെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: