തൃശൂര്‍: അമ്പത് ശതമാനമാണ് സംവരണമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ജയിച്ചു വന്നത് അതിലുമേറെ വനിതകള്‍. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വനിതകള്‍ക്കാണ് മേല്‍ക്കൈ. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി ജനപ്രതിനിധികളായവരിലേറെയും ഉന്നത ബിരുദ ധാരികളും പ്രൊഫഷണലുകളും.
വിദ്യാസമ്പന്നരായവര്‍ കൂടുതലായി കടന്നു വരുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യകാലങ്ങളില്‍ ജന പ്രതിനിധികളായെത്തുന്ന വനിതകള്‍ക്ക് അല്പം സങ്കോചമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് പുരുഷന്മാര്ക്കൊപ്പമോ മുന്നിലോ നിന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളിലേപ്പോലെ തദ്ദേശ സ്ഥാപനങ്ങളില്‍ പുരുഷ നേതാക്കന്മാരുടെ പിന്‍സീറ്റ് ഭരണം ഇനിയങ്ങോട്ട് നടക്കാനിടയില്ല.
ഗ്രാമ-ബ്ലോക്ക്-ജില്ല എന്നീ ത്രിതല പഞ്ചായത്തിനു പുറമേ നഗരസഭകളിലും കോര്‍പ്പറേഷനിലും വനിതകളാണ് മുന്നില്‍. ജനപ്രതിനിധികളായ വനിതകളില്‍ ഭൂരിഭാഗം പേരും വിദ്യാസമ്പന്നര്‍. അഭിഭാഷകരും അധ്യാപകരും ഉള്‍പ്പെടുന്ന ഇവരില്‍ നിരവധി പേര് ബിരുദാനന്തര ബിരുദം നേടിയവരാണ്.
കോര്‍പ്പറേഷനില്‍ പകുതിയിലേറെ പേര് വനിതാ കൗണ്‍സിലര്‍മാരാണ്. 55 ഡിവിഷനുകളില്‍ നിന്നായി 31 പേര്. ബിജെപിയുടെ 6 പ്രതിനിധികളില്‍ 4 വനിതകളുള്പ്പെടുന്നു. യുഡിഎഫിന് 23 കൗണ്‍സിലര്‍മാരില്‍ 12 പേര് വനിതകളുള്പ്പെടുന്നു.എല്‍ഡിഎഫിലെ 24 കൗണ്‍സിലര്‍മാരില്‍ 15 പേര് വനിതകളാണ്. ജില്ലാ പഞ്ചായത്തില്‍ 29 ഡിവിഷനുകളില്‍ പകുതിയിലേറെ അംഗങ്ങള്‍ വനിതകളാണ്. 15 വനിതാഅംഗങ്ങളാണ് ഇത്തവണ ജില്ലാപഞ്ചായത്തിലുള്ളത്. ഇവരില്‍ 13 പേര് എല്‍ഡിഎഫില്‍ നിന്നുള്ളവരും 2 പേര് യുഡിഎഫില്‍ നിന്നുള്ളവരുമാണ്.
കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 44 ഡിവിഷനുകളില്‍ 24 പേരും ഗുരുവായൂരില്‍ 43-ല്‍ 25 പേരും കുന്നംകുളത്ത് 37-ല്‍ 22 പേരും ചാവക്കാട് നഗരസഭയില്‍ 32 ഡിവിഷനുകളില്‍ 18 പേരും വനിതാ കൗണ്‍സിലര്‍മാരാണ്. വടക്കാഞ്ചേരിയില്‍ 41 ഡിവിഷനുകളില്‍ 21 പേര് വനിതകളായുണ്ട്. ഇരിങ്ങാലക്കുടയില്‍ 36-ല്‍ 17 പേര് വനിതകളും ചാലക്കുടിയില്‍ 32-ല്‍ 18 പേരുമാണ് വനിതാ കൗണ്സിലമാരായുള്ളത്.കുന്നംകുളം നഗരസഭയില്‍ 21-ാം ഡിവിഷന് നിന്ന് വിജയിച്ച ബിജെപിയുടെ സോഫിയ ശ്രീജിത് അഭിഭാഷകയാണ്. 6-ാം ഡിവിഷനില്‍ നിന്ന് വിജയിച്ച ലീല ഉണ്ണികൃഷ്ണനും 32-ാം ഡിവിഷന് പ്രതിനിധി രേഖാ സജീവും അധ്യാപികമാരാണ്. 37 ഡിവിഷനുകളില്‍ 22 പേര് വനിതകളാണ്. സംവരണമനുസരിച്ച് 19 വനിതകളേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ 3 പേര് ജനറല്‍ സീറ്റുകളില്‍ മത്സരിച്ച് വിജയിച്ചാണ് കൗണ്‍സിലിലെത്തിയത്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇരിങ്ങാലക്കുടയില്‍ 13 വാര്‍ഡുകളില്‍ 8 പേരും ചേര്‍പ്പില്‍ 6 പേരും ചാലക്കുടിയില്‍ 6 പേരും വനിതകളാണ്. മുല്ലശേരിയില്‍ 8 പേരും ചാവക്കാടില്‍ 7 പേരും ചൊവ്വന്നൂരില്‍ 7 പേരും വെള്ളാങ്കല്ലൂരില്‍ 8 പേരും വടക്കാഞ്ചേരിയില്‍ 8 പേരും വനിതകളായുണ്ട്. തളിക്കുളത്ത് 7 പേരും പുഴയ്ക്കലില്‍ 6 പേരും വനിതകളാണ്. ഒല്ലൂക്കരയില്‍ 7 പേരും പഴയന്നൂരില്‍ 7 പേരും മതിലകത്ത് 8 പേരും മാളയില്‍ 8 പേരുമാണ് വനിതകളായുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: