കൊല്ലം: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന പാലനം ശക്തമാക്കാനും വ്യാജമദ്യം, മയക്കുമരുന്ന്, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത റെയ്ഡുകളും പരിശോധനകളും ശക്തിപ്പെടുത്താനും കളക്ടറുടെ നിര്‍ദേശം. വിവിധ വകുപ്പുകളുടെ എന്‍ഫോഴ്സ്മെന്റ് നടപടികളുടെ ഏകോപനം സംബന്ധിച്ച് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണിത്.
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും. മദ്യപിച്ചും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും അളവ് തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. അവധി ദിവസങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത നിലം നികത്തലിന് സാധ്യതയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
അതിര്‍ത്തി വനമേഖലകളില്‍ വനംവകുപ്പിന്റെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധനയും രാത്രികാല പട്രോളിങ്ങും കാര്യക്ഷമമാക്കും. ജില്ലയിലെ ബീച്ചുകളില്‍ പ്രത്യേകസുരക്ഷയ്‌ക്കായി ലൈഫ് ഗര്‍ഡുകളുടെയും അഗ്നിരക്ഷാ സേനയുടെയും സേവനം ഉറപ്പാക്കും.
റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കാണ് ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. എഡിഎം പി.ആര്‍. ഗോപാലകൃഷ്ണന്‍, സബ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, ജില്ലാ പോലീസ് മേധാവികളായ ടി. നാരായണന്‍, ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, തഹസില്‍ദാര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, നഗരസഭാ സെക്രട്ടറിമാര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി വകുപ്പ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: