Categories: Wayanad

നേതാക്കളുടെ കൂട്ടതോല്‍വി: മാനന്തവാടി സിപിഎമ്മില്‍ തമ്മിലടി

തെരഞ്ഞെടുപ്പില്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ദയനീയ പരാജയം സിപിഎമ്മിനുള്ളില്‍ ഗ്രൂപ്പിസവും ചേരിപ്പോരും രൂക്ഷമാകുന്നു. യുവജനങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ വോട്ടിംങ്ങിലൂടെ പ്രതികരിക്കുകയായിരുന്നുവെന്ന തിരിച്ചറിവിലാണ് നാട്ടുകാര്‍.

Published by

മാനന്തവാടി: തെരഞ്ഞെടുപ്പില്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ദയനീയ പരാജയം സിപിഎമ്മിനുള്ളില്‍ ഗ്രൂപ്പിസവും ചേരിപ്പോരും രൂക്ഷമാകുന്നു. യുവജനങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ വോട്ടിംങ്ങിലൂടെ പ്രതികരിക്കുകയായിരുന്നുവെന്ന തിരിച്ചറിവിലാണ് നാട്ടുകാര്‍. ഏരിയ കമ്മറ്റി സെക്രട്ടറി, ലോക്കല്‍ കമ്മറ്റി സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗം, മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍, മുനിസിപ്പല്‍ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരാണ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. 

2015 ല്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരുമായവര്‍ ഇരുന്നൂറും അതിലധികവും ഭൂരിപക്ഷം നേടി വിജയിച്ച ഡിവിഷനുകളില്‍ സിപിഎം നേതാക്കള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. 2015ല്‍ 20 സീറ്റുകള്‍ നേടിയാണ് പ്രഥമ നഗരസഭയുടെ ഭരണ സാരഥ്യം ഇടതുപക്ഷത്തിന്റെ കൈകളിലെത്തുന്നത്. ഇത്തവണ 16 സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. 2015 ല്‍ എല്‍ഡിഎഫ് സ്ഥാനാത്ഥി പ്രതിഭ ശശി 304 വോട്ടിന് വിജയിച്ച 27ാം ഡിവിഷന്‍ എരുമത്തെരുവ് നിന്നും സിപിഎം ഏരിയ സെക്രട്ടറിയും മുന്‍ മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എം.വര്‍ക്കി 249 വോട്ടിനാണ് പരാജയപ്പെട്ടത്. 

ഡിസിസി സെക്രട്ടറിയും മുന്‍ മാനന്തവാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.വി. ജോര്‍ജ്ജാണ് വിജയിച്ചത്. 2015ല്‍ എല്‍ഡിഎഫിലെ മിനി വിജയന്‍ വിജയിച്ച കാടന്‍ കൊല്ലി 14ാം ഡിവിഷനില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ പയ്യമ്പള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറിസണ്ണി ജോര്‍ജ് 274 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. മുന്‍പ് സണ്ണി ജോര്‍ജ് മാനന്തവാടി ഗ്രാമപഞ്ചായത്ത് മെമ്പറായിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തോളമായി വിജയം കുത്തകയാക്കി വെച്ച സിപിഎമ്മില്‍ നിന്നും യുഡിഎഫിലെ ഷിബു കെ.ജോര്‍ജാണ് കാടന്‍ കൊല്ലി ഡിവിഷന്‍ പിടിച്ചെടുത്തത്. 

2015ല്‍ കുറ്റിമൂല 35ാം ഡിവിഷനില്‍ നിന്നും സിപിഎമ്മിലെ ലൈല ഉസ്മാന്‍ 223 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോല്‍ 2020 ല്‍ ലോക്കല്‍ കമ്മറ്റി അംഗം കെ.വി. ജുബൈര്‍ 84 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. 2015ല്‍ സിപിഎം റിബല്‍ സ്ഥാനാത്ഥിയായി പുത്തന്‍പുര 34ാം ഡിവിഷനില്‍ നിന്നും വിജയിക്കുകയും പിന്നീട് കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്ത വി.യു.ജോയിയാണ് സിപിഎമ്മില്‍ നിന്നും കുറ്റിമൂല വാര്‍ഡ് പിടിച്ചെടുത്തത്. 2015ല്‍ കല്ലിയോട്ട് നാലാം ഡിവിഷനില്‍ നിന്നും എല്‍ഡിഎഫിലെ സീമന്തിനി 159 വോട്ടിന് വിജയിച്ചപ്പോള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാനും സിപിഎം നേതാവുമായ പി.ടി.ബിജു 193 വോട്ടിനാണ് പരാജയപ്പെട്ടത്. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളില്‍ ആധിപത്യം പുലര്‍ത്തിയ സിപിഎമ്മില്‍ നിന്നും സാധാരണക്കാരനായ യുഡിഎഫിലെ ബാബുപുളിക്കലാണ് കല്ലിയോട്ട്ഡിവിഷന്‍ പിടിച്ചെടുത്തത്. 2015ല്‍ 27ാം ഡിവിഷന്‍ എരുമത്തെരുവില്‍ നിന്നും 304 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സനുമായ പ്രതിഭ ശശി മാനന്തവാടി ടൗണ്‍ 25ാം ഡിവിഷനില്‍ നിന്നും 109 വോട്ടിനാണ് പരാജയപ്പെട്ടത്. മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാത്ഥി അഡ്വ. സിന്ധു സെബാസ്റ്റ്യനാണ് ഇവിടെ വിജയിച്ചത്. നാല് ഡിവിഷനുകള്‍ക്ക് പുറമെ ഭരണവും നഷ്ട്ടപ്പെട്ടത് സിപിഎമ്മിന് കനത്ത തിരിച്ചടികൂടിയായി മാറി. പാര്‍ട്ടിക്കുള്ളിലെ യുവജന വിഭാഗത്തിന്റ് അതൃപ്തിയാണ് ഈ തോല്‍വിക്ക് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts