ഗോഹട്ടി: രാജ്യത്താകെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ആസാമിലെ തിവ സ്വയംഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം കുറിച്ചു. 36 സീറ്റുകളില്‍ മുപ്പത്തിമൂന്നിലും ബിജെപി വിജയം നേടി. ബിജെപിയുടെ സഖ്യ കക്ഷിയായി മത്സരിച്ച ആസാം ഗണ പരിഷത്തിന് രണ്ടു സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുങ്ങി. 2015ല്‍ മൂന്നു സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപിയാണ് ഇത്തവണ 33ലേക്കു കുതിച്ചത്. കഴിഞ്ഞ തവണ പതിനഞ്ചു സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായി.
ബോഡോലാന്‍ഡ് ടെറിട്ടോറിയില്‍ സമിതിയില്‍ എന്‍ഡിഎ അധികാരം പിടിച്ചതിനു പിന്നാലെയാണ് തിവ സമിതി തെരഞ്ഞെടുപ്പിലും വന്‍ വിജയം കുറിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നതിന്റെ കൃത്യമായ സൂചനയായാണ് ഈ വിജയങ്ങളെ നിരീക്ഷകര്‍ കാണുന്നത്.
തിവ സമിതി തെരഞ്ഞെടുപ്പില്‍ മിക്കവാറും ഡിവിഷനുകളിലെല്ലാം ബിജെപിയും കോണ്‍ഗ്രസും നേരിട്ടു മത്സരമായിരുന്നു. എല്ലായിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വലിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തായാണ് ബിജെപി മുന്നേറിയതെന്ന് ആസാം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗോബ ഡിവിഷനില്‍ ബിജെപിയുടെ മോനിറാം പടാര്‍ എതിരില്ലാതെയാണ് വിജയിച്ചത്. നാഗോണ്‍, മോറിഗോണ്‍, ഹോജായി, കാംരൂപ് ജില്ലകള്‍ ഉള്‍പ്പെട്ട തിവ സ്വയം ഭരണ കൗണ്‍സില്‍ 124 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപിയുടെ വിജയത്തിനു പിന്നിലെന്ന് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് മെംബറും(സിഎഎം) കൗണ്‍സിലിലെ മുതിര്‍ന്ന അംഗവുമായ പാബ്‌ന മന്റ പറഞ്ഞു. സിഇഎം ആയിരുന്ന ബിജെപി അംഗങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ഈ പ്രദേശത്തെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പാബ്‌ന പറഞ്ഞു. മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന രമാകാന്ത ദേവ്രി ഇപ്പോള്‍ ബിജെപി എംഎല്‍എയാണെന്നും പാബ്‌ന ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: