രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വളര്‍ച്ചയ്‌ക്ക് ആശയപരമായി വലിയ സംഭാവന ചെയ്ത പ്രതിഭാധനനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ഭൗതികദേഹം വെടിഞ്ഞ എം.ജി. വൈദ്യ എന്ന മാധവ ഗോവിന്ദ വൈദ്യ. ബാല്യകാലത്തു തന്നെ സ്വയംസേവകനായിത്തീര്‍ന്ന് സംഘസ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാര്‍ മുതല്‍ മോഹന്‍ഭാഗവത് വരെ ആറ് സര്‍സംഘചാലകന്മാരുമൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു വൈദ്യ. സംഘത്തിന്റെ ആദ്യ ഔദ്യോഗിക വക്താവ്, അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച വൈദ്യയ്‌ക്ക് സംഘടനാ ചരിത്രം ഹൃദിസ്ഥമായിരുന്നു. സംഘപ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ അടുത്തറിഞ്ഞ വൈദ്യയ്‌ക്ക് ഇതു സംബന്ധിച്ച ഏതൊരു വിവരവും എപ്പോള്‍ വേണമെങ്കിലും നല്‍കാന്‍ കഴിയുമായിരുന്നു. മുതിര്‍ന്ന പ്രചാരകനെന്ന നിലയിലും, ഇന്ന് അഖില ഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രചാരകന്മാരുടെ അച്ഛനെന്ന നിലയ്‌ക്കും സംഘത്തിന്റെ മുഴുവന്‍ ബഹുമാനവും നേടാന്‍ കഴിഞ്ഞു. മകന്‍ മന്‍മോഹന്‍ വൈദ്യ അച്ഛന്റെ പാത പിന്തുടര്‍ന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖും പിന്നീട് സഹസര്‍കാര്യവാഹുമായപ്പോള്‍, മറ്റൊരു മകന്‍ രാം വൈദ്യ വിശ്വവിഭാഗിന്റെ ചുമതലയുള്ള പ്രചാരകനുമായി. ഗൃഹസ്ഥാശ്രമത്തിലേക്ക് തിരിച്ചുപോയ ശേഷം ഞാന്‍ പ്രചാരകനല്ല, പ്രചാരകന്മാരുടെ അച്ഛനാണ് എന്നു വൈദ്യ ധന്യതയോടെ പറയുമായിരുന്നു.
ഏറെ തിളക്കമാര്‍ന്ന ഔദ്യോഗിക ജീവിതത്തിനുടമയായിരുന്നു വൈദ്യ. ആദ്യം സ്‌കൂള്‍ അധ്യാപകനായും പിന്നീട് കോളജ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന നാഗ്പൂരിലെ ഹിസ്‌ലോപ് കോളജില്‍ സംസ്‌കൃത പ്രൊഫസറായിരിക്കെ ജോലി ഉപേക്ഷിച്ച് നാഗ്പൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘തരുണ്‍ ഭാരത്’ പത്രത്തിന്റെ പത്രാധിപ സമിതിയില്‍ ചേരുകയാണുണ്ടായത്. പിന്നീട് പത്രാധിപരും മാനേജിങ് ഡയറക്ടറുമായി. തുടര്‍ന്ന് പത്രം പ്രസിദ്ധീകരിക്കുന്ന നരകേസരി പ്രകാശന്റെ ഡയറക്ടറുമായി. തരുണ്‍ ഭാരതില്‍ എഴുതിയിരുന്ന ‘ഭാഷ്യ’ എന്ന പംക്തി ഒരിക്കല്‍പോലും മുടങ്ങാതെ 25 വര്‍ഷം തുടര്‍ന്നു. ഇതൊരു റെക്കോര്‍ഡാണ്. മറാഠിയിലും ഹിന്ദിയിലും നിരന്തരം എഴുതാന്‍ കഴിഞ്ഞിരുന്ന വൈദ്യ 20 ആധികാരിക ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഹിന്ദുത്വം എന്ന ആശയത്തെ ചരിത്രപരമായും സൈദ്ധാന്തികമായും വ്യാഖ്യാനിക്കുന്നതില്‍ പ്രകടിപ്പിച്ച മികവ് എതിരാളികളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റി. ഇക്കാര്യത്തില്‍ അവ്യക്തതയോ ആശയക്കുഴപ്പങ്ങളോ ഉണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ നായകനല്ലെന്നും, ഒരു ഘാതകന്‍ തന്നെയാണെന്നും തുറന്നടിക്കാന്‍ വൈദ്യ മടിച്ചിരുന്നില്ല. ചിലര്‍ ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്നത് ഹിന്ദുത്വത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി.
കരുത്തുറ്റ ദേശീയവാദിയായിരുന്ന വൈദ്യ 1978-84 കാലയളവില്‍ ഗവര്‍ണറുടെ പ്രതിനിധിയെന്ന നിലയില്‍ മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള വൈദ്യയുടെ നിലപാടുകള്‍ ചിലരെയൊക്കെ ഞെട്ടിക്കുകയും, പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. മഹാരാഷ്‌ട്രയെ വിദര്‍ഭയടക്കം നാല് സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന അഭിപ്രായം ശിവസേനയെ വല്ലാതെ ചൊടിപ്പിച്ചു. കശ്മീരിനെ രണ്ടായി വിഭജിക്കണമെന്നും അതിശക്തമായി വാദിച്ചുപോന്നു. വളരെ കഴിഞ്ഞാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കിയത്. ആശയപരമായ പോരാട്ടങ്ങള്‍ അതായിത്തന്നെ നിലനില്‍ക്കണമെന്നും, വ്യക്തിപരമായ ഏറ്റുമുട്ടലാവരുതെന്നും നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന വൈദ്യയെ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളിലുള്ളവരും ആദരിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ പല കോണ്‍ഗ്രസ്സ് നേതാക്കളും വൈദ്യയെ ഗുരുതുല്യനായാണ് കണ്ടിരുന്നത്. കേരളത്തെ അടുത്തറിഞ്ഞ വൈദ്യ അവസരം കിട്ടുമ്പോഴൊക്കെ ‘ജന്മഭൂമി’യുടെ കാര്യങ്ങളും തിരക്കുമായിരുന്നു. ‘തരുണ്‍ ഭാരതി’ന്റെ പത്രാധിപര്‍ എന്ന നിലയ്‌ക്ക് കൂടിയായിരുന്നു ഇത്. ജന്മഭൂമിയുടെ ഓണപ്പതിപ്പുകളില്‍ വൈദ്യയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശയപ്രചാരണ രംഗത്തെ ഈ അതികായന് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: