കൊല്ലം: ക്ലാസ് ഫോര്‍ ജീവനക്കാരെ നിയോഗിക്കാത്തതിനെ തുടര്‍ന്ന് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടില്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അസംതൃപ്തി പുകയുന്നു. ഏറ്റവും ഒടുവില്‍ മലപ്പുറം കുഴിമണ്ണ ഗവ. സ്കൂളില്‍ പരീക്ഷ ചോദ്യേപ്പപ്പറുകള്‍ പാതിരാത്രി മോഷണം പോയതിന്റെ പേരില്‍ സസ്പെന്ഷന് നല്‍കിയത് ഈ വര്‍ഷം പിരിയാനിരുന്ന പ്രിന്‍സിപ്പലിന്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടിയില്‍ പ്രതിഷേധവുമായി കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന് രംഗത്തെത്തി. ചോദ്യേപ്പപ്പര്‍ കാവലിനെ കുറിച്ച് കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നല്‍കാതെ പ്രിന്‍സിപ്പല്‍മാരെ ബലിയാടാക്കുകയാണ് വിദ്യാഭ്യാസ വകുപ്പെന്ന് സെക്രട്ടറി ഡോ.എന്‍. സക്കീര്‍ പ്രതികരിച്ചു.
വാര്‍ഷിക പരീക്ഷ കഴിഞ്ഞ് പ്ലസ്ടു സേ പരീക്ഷ എങ്ങനെയൊക്കെയോ നടന്നെങ്കിലും പ്ലസ്വണ് ഇംപ്രൂവ്മെന്റ് പരീക്ഷയിലാകെ അവ്യക്തതയായിരുന്നു. ചോദ്യേപ്പപ്പറുകളുടെ സുരക്ഷിതത്വമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലസ് ടു, എസ്എസ്എല്‍സി ഏകീകരണം പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എസ്എസ്എല്‍സി പരീക്ഷയും ഒന്നിച്ച് നടക്കുന്ന സാഹചര്യത്തിലായിരുന്നു കാമറയ്ക്ക് കീഴില്‍ ഒറ്റ സ്ട്രോങ് റൂമില്‍ സ്കൂളിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്റെ കാവലില്‍ ചോദ്യേപ്പപ്പറുകള്‍ വയ്ക്കാന്‍ ചട്ടം കൂട്ടി ഓര്‍ഡര്‍ ഇറക്കിയത്. എന്നാല്‍ പിന്നീട് എസ്എസ്എല്‍സി ചോദ്യേപ്പപ്പര്‍ ട്രഷറികളിലേക്ക് മാറ്റുകയായിരുന്നു.
പ്ലസ്ടു ചോദ്യേപ്പപ്പറുകള്‍ മാത്രം കാമ്പസില്‍ ആയപ്പോള്‍ ഹൈസ്കൂളിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ കാവല്‍ജോലിയില്‍ നിന്ന് ഒഴിവായി. സ്വന്തം നിയന്ത്രണത്തിലുള്ള ക്ലാസ് ഫോര്‍ ജീവനക്കാരെ സഹായത്തിന് ആവശ്യപ്പെട്ടിട്ടും പല ഹെഡ്മാസ്റ്റര്‍മാരും വിട്ടുകൊടുത്തില്ല. മറ്റ് അസൗകര്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ഇത്. സ്കൂള്‍ ഏകീകരണ ഉത്തരവില്‍ ഹൈസ്കൂളിലെ ക്ലാസ് ഫോര്‍ ജീവനക്കാരെ പ്രിന്‍സിപ്പലിന്റെ കീഴിലാക്കിയെന്ന ഒരു പരാമര്‍ശമല്ലാതെ ഇക്കാര്യത്തില്‍ മറ്റ് നടപടിക്രമങ്ങളുണ്ടായില്ല. ഹയര്‍ സെക്കന്ഡറികളിലാകട്ടെ ക്ലാസ് ഫോര്‍ ജീവനക്കാരുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: