കൊച്ചി: ക്ഷേത്ര സ്വത്ത് ഭരണ സമിതിക്കാര്‍ക്ക് ഇഷ്ടം പോലെ ചെലവിടാനുള്ളതല്ലെന്ന ഹൈക്കോടതി വിധി നിര്‍ണായകം. ദേവസ്വം ബോര്‍ഡ് അടക്കമുള്ള ക്ഷേത്ര ഭരണക്കാര്‍ പലപ്പോഴും ക്ഷേത്ര ഫണ്ട് മറ്റു പല ആവശ്യങ്ങള്‍ക്കും വകമാറ്റുകയും ക്ഷേത്രാവശ്യങ്ങള്‍ക്ക് അല്ലാതെയും ഉപയോഗിക്കാറുണ്ട്.
ഇത്തരം ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഭക്തര്‍ക്ക് ലഭിച്ച ഉപാധിയാണ് ഗുരുവായൂര്‍ ദേവസ്വം സ്വത്തില്‍നിന്ന് 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് റദ്ദാക്കിയുള്ള ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.
സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല, ഉത്തരവില്‍ പറയുന്നു. പ്രളയവും കൊറോണയും നാശം വിതച്ച സാഹചര്യത്തില്‍ ഗുരുവായൂരപ്പന്റെ ആരാധകര്‍ക്ക് സഹായമെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി നല്‍കിയതെന്നും അങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭക്തര്‍ക്ക് സഹായം നല്‍കാനായെന്നുമുള്ള ഭരണ സമിതി വാദം അംഗീകരിക്കാന്‍ കഴിയാത്തതും കഴമ്പില്ലാത്തതുമാണെന്നും കോടതി വ്യക്തമാക്കി.
ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരിലും ചുറ്റുവട്ടത്തുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് കുടി വെള്ളവും ഭക്ഷണവും വീടുകളിലെത്തിക്കാനാണ് പണം നല്‍കിയതെന്നാണ് വാദം. കുടിവെള്ളത്തിനും ശുചിമുറികളും മറ്റു സൗകര്യങ്ങളുമൊരുക്കാനും പണം വിനിയോഗിക്കാമെന്ന, നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്താണ് പണം ഇങ്ങനെ ചെലവിട്ടത്.
ഇങ്ങനെ ചെയ്യാനല്ല നിയമം പറയുന്നത്. ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങളും താമസ സൗകര്യവും ഒരുക്കാനും കുടി വെള്ളവും മറ്റും ലഭ്യമാക്കാനും ദേവസ്വം പണം വിനിയോഗിക്കാമെന്നാണ് നിയമത്തിലെ വിവക്ഷ. ഈ സൗകര്യങ്ങള്‍ അവിടെയും ചുറ്റുവട്ടത്തും ഒരുക്കുകയാണ് ഭരണ സമതി ചെയ്യേണ്ടത്, കോടതി വ്യക്തമാക്കി. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനം നീതീകരിക്കാനാകില്ല. ഇത് നിയമ ലംഘനമാണ്.
ഗുരുവായൂരപ്പനെ ആരാധിക്കുന്ന ആയിരങ്ങള്‍ ഇതര സംസ്ഥാനങ്ങളിലുമുണ്ട്. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ അവിടെയുള്ള ഭക്തര്‍ക്ക് ഇങ്ങനെ സഹായമെത്തിക്കാന്‍ കഴിയുമോ. അപഹാസ്യമായ കാര്യമാണ് ഭരണ സമിതി പറയുന്നത്. സങ്കല്പ്പിക്കാന് പോലും കഴിയാത്ത കാര്യങ്ങളാണിത്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: