ദക്ഷിണേന്ത്യന്‍ സംഗീതമെന്നു വിശേഷിപ്പിക്കുന്ന കര്‍ണ്ണാടക സംഗീതത്തിന് ഇതര സംഗീത ശാഖകളെപ്പോലെ അടിസ്ഥാനപരമായ തത്ത്വം രാഗവും താളവുമാണ്. ഗമക പ്രാധാന്യമേറെയുള്ള കര്‍ണാടക സംഗീതത്തിന്റെ ആഴവും പരപ്പും അതിവിപുലവുമാണ്. സ്വരശുദ്ധികൊണ്ടും ആലാപനമികവുകൊണ്ടും കര്‍ണ്ണാടക സംഗീതത്തില്‍ സ്വന്തമായ ഒരു ഇടം കണ്ടെത്തിയ സംഗീതജ്ഞയാണ് ഡോ. പി. എന്‍. പ്രഭാവതി. ആത്മാവില്‍ നിന്നും അലകളായൊഴുകുന്ന ശുദ്ധസംഗീതത്തിന്റെ നിരൊഴുക്കാണ് പ്രഭാവതിയുടെ സംഗീതം. സംഗീതത്തെ പ്രണയിച്ച് പ്രഭാവതി പാടുമ്പോള്‍ ജീവിതം തന്നെയാണ് അവരുടെ സംഗീതമെന്ന് ആസ്വാദകര്‍ തിരിച്ചറിയുന്നു കലയുടെ നാടായ ഇരിങ്ങാലക്കുട ശ്രീസംഗമേശ്വരന്റെ തട്ടകത്തു പിറന്നുവീണ പ്രഭയില്‍ എം. എസ്. സുബ്ബലക്ഷമിയുടെ സാവേരി രാഗത്തില്‍ തുടങ്ങുന്ന ഭാവയാമി രഘുരാമം എന്ന രാഗമാലിക കേട്ടുണര്‍ന്ന് ബാല്യത്തിലെ ആ രാഗത്തോടു വൈകാരികമായ ഒരടുപ്പമുണ്ടായിരുന്നു. പിന്നീടുള്ള പ്രഭയുടെ സംഗീതവഴികളില്‍ സാവേരിരാഗം ഒരു നിഴല്‍പോലെ അനുധാവനം ചെയ്തുകൊണ്ടിരുന്നു. സംഗീതപാരമ്പര്യമുള്ള കുടുംബമായിരുന്നു പ്രഭയുടേത്. അച്ഛന് പൊന്തേങ്കണ്ടത്ത് നാരായണന് കുട്ടിമേനോന്. അമ്മ കാട്ടുവിളയില്‍ ജെ. ദേവിയമ്മ. അച്ഛന്, അച്ഛന്റെ ചെറിയമ്മ, അച്ഛന്റെ സഹോദരി എന്നിവരെല്ലാം സംഗീതവുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.
കൂടല്‍മാണിക്യത്തിലെ അരങ്ങേറ്റം
ആദ്യ ഗുരു പതിനൊന്നാം വയസ്സില്‍ സംഗീത അധ്യാപികയായ സരോജിനിയമ്മാള്‍. തുടര്‍പഠനം പാലക്കാട് ലക്ഷ്മിയമ്മ, ഇരിങ്ങാലക്കുട ലളിതടീച്ചര്‍ എന്നിവരുടെ കീഴില്‍. പതിനേഴാം വയസ്സില്‍ കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ചായിരുന്നു കച്ചേരി അരങ്ങേറ്റം. പക്കമേളക്കാരായി അന്ന് വയലിന് നെടുമങ്ങാട് ശിവാനന്ദന്, മ്യദംഗം കുഴല്‍മന്ദം രാമകൃഷ്ണന്, ഘടം ആലുവ ഗോപാലകൃഷ്ണന് തുടങ്ങിയ പ്രഗത്ഭരായിരുന്നു. അരങ്ങേറ്റത്തിനു ശേഷം ചെറുതും വലുതുമായ നിരവധി കച്ചേരികളുമായി പ്രഭ സംഗീത ലോകത്ത് സജീവമാകാന്‍ തുടങ്ങി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ബികോം ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനി
യായിരുക്കുമ്പോഴാണ് പ്രഭയുടെ സംഗീതജിവിതത്തിന്റെ വഴിത്തിരിവിന് പ്രചോദനമായ സംഭവം നടക്കുന്നത്. 1995ല്‍ ശാസ്ത്രീയ കലകളെ പരിപോഷിപ്പിക്കുന്നതിന് രൂപംകൊണ്ട സംഘടനയായ ‘സ്പിക് മാക്കേ’ സംഘടിപ്പിച്ച സംഗീത വിരുന്നില്‍ കച്ചേരി അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടത് സംഗീത വിദുഷി പത്മശ്രീ ഗുരു മണികൃഷ്ണസ്വാമി ആയിരുന്നു. നടത്തിപ്പിന്റെ ചുമതല കോളജ് ഫൈന്‍ ആര്‍ട്സ് വിഭാഗത്തിനും. മണി കൃഷ്ണസ്വാമിയുടെ ആതിഥേയച്ചുമതല അവര്‍ പ്രഭയെ ഏല്‍പ്പിച്ചു. രണ്ട് ദിവസം അവരോടോപ്പം അടുത്തിടപഴകാന്‍ ലഭിച്ച നിമിഷങ്ങളില്‍ സംഗീതത്തോടുള്ള ആത്മസമര്‍പ്പണവും ത്യാഗവും പ്രഭയ്ക്ക് അടുത്തറിയുവാനായി. ഇത് സംഗീതത്തെക്കുറിച്ച് ആഴത്തില്‍ അറിയാനുള്ള ആഗ്രഹം ജനിപ്പിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ് അവരുടെ കീഴില്‍ സംഗീത പഠനത്തിന് മദ്രാസിലേക്കു പോകാനുള്ള തന്റെ ആഗ്രഹത്തിന് അവര്‍ സമ്മതം ലഭിച്ചത് സംഗീതത്തിനുവേണ്ടി തന്റെ ജിവിതം ഉഴിഞ്ഞുവയ്ക്കാന്‍ നിമിത്തമായി.
ടി.എം. കൃഷ്ണയുടെ ശിഷ്യയാവുന്നു
അക്കാദമിക് പഠനവും ഗുരുകുല അഭ്യാസവും ഒരുമിച്ചുകൊണ്ടുപോകുകയെന്ന ലക്ഷ്യം വച്ച് ബികോം കഴിഞ്ഞയുടന്‍ മദ്രാസില്‍ പോകാനുള്ള മോഹവുമായി മ്യുസിക് അക്കാദമി മദ്രാസ് എന്നു മാത്രം എഴുതിയ മേല്‍വിലാസത്തില്‍ വെള്ളക്കടലാസ്സില്‍ എഴുതിയ അപേക്ഷ അടക്കം ചെയ്ത കവര്‍ അയച്ച് കാത്തിരുന്നു. ശരിയായ മേല്വിലാസമല്ലാത്തതിനാല് അപേക്ഷ കലാക്ഷേത്ര അടക്കമുളള പലയിടത്തും കയറിയിറങ്ങി ഒടുവില്‍ ഒരു മാസത്തിനുശേഷം മദ്രാസ് മ്യുസിക് അക്കാദമിയിലെത്തി. അവിടെനിന്ന് ഒരു ഫോണ്‍ കോള്‍. നിങ്ങളുടെ അപേക്ഷ ഇവിടെയെത്തിയിട്ടുണ്ട്. താല്‍പ്പര്യമുണ്ടെങ്കില്‍ ശരിയായ അപേക്ഷ ഫോറം നിങ്ങള്‍ക്ക് അയച്ചു തരാം. പൂരിപ്പിച്ച് ഉടനെ തിരിച്ചയയ്ക്കാനുള്ള നിര്‍ദ്ദേശവുമുണ്ടായിരുന്നു.
അതിനുശേഷം മദ്രാസ് മ്യൂസിക് അക്കാദമിയില്‍ നിന്നും ത്രിവല്‍സര ഡിപ്ലോമ കോഴ്സിന്റെ ഇന്റര്‍വ്യൂവിന് ക്ഷണം വന്നു. ഇന്റര്‍വ്യൂവിന്റെ മികവിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രഭയ്ക്ക് മുന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ചു. സംഗീത കലാനിധി ബി. രാജമയ്യര്‍ ആയിരുന്നു അവിടുത്തെ പ്രധാന അധ്യാപകന്. പ്രണവം എം. കെ. ശങ്കരന് നമ്പുതിരി അക്കാദമിയില്‍ അന്ന് ക്ലാസ്സെടുത്തിരുന്നു. അക്കാദമി പഠനകാലത്ത് മദ്രാസിലെ മൈലാപ്പൂരിലെ രാഗസുധ ഹാളില്‍ അച്ഛനുമൊപ്പം പ്രശസ്ത സംഗീതജ്ഞന് ടി.എം കൃഷ്ണയുടെ സാവേരി രാഗത്തിലുള്ള ഏകരാഗ കച്ചേരി കാണാനിടവന്നു. ഒരുപാട് ആകര്‍ഷിച്ച കൃഷ്ണയുടെ കച്ചേരി കഴിഞ്ഞപ്പോള്‍ വേദിയുടെ പിറകില്‍ അച്ഛനോടൊപ്പം ചെന്ന് അദ്ദേഹത്തെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. സംസാരത്തിനിടയില്‍ അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു പീന്നിട് പ്രഭ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യയായി. ചൗക്കത്തില്‍ (താഴ്ന്നകാലം) പാടുകയെന്നത് കൃഷ്ണയുടെ സവിശേഷതയായിരുന്നു. അദ്ദേഹത്തിന്റെ കച്ചേരിയില്‍ ഒരെണ്ണം എന്നും ചൗക്കത്തിലായിരിക്കും. അദ്ദേഹത്തിനു കീഴിലെ സംഗീത പഠനം സംഗീത ജിവിതത്തിന് ഒരുപാട് ഗുണകരമായി.
സുഗുണ വരദാചാരിയുടെ സംഗീത പാഠങ്ങള്‍
മ്യൂസിക് അക്കാദമിയില്‍ നിന്ന് മൂന്നാം റാങ്കോടുകൂടി പരീക്ഷ പാസ്സായി എംഎയ്ക്ക് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു ഡോ. എന്‍. രാമനാഥന്, ഡോ. ആര്. എസ്. ജയലക്ഷമി, സംഗീത കലാചാര്യ ഗുരു സുഗുണ വരദാചാരി എന്നീ ത്രിമൂര്‍ത്തികളുടെ കീഴിലെ കഠിനവും കര്‍ക്കശവുമായ ശിക്ഷണം ശുദ്ധസംഗീത വഴിയിലെ സ്മരണീയ നിമിഷങ്ങളാണെന്ന് പ്രഭ അയവിറക്കുന്നു. സംഗീതത്തോട് ഒരുപാട് അഭിരുചിയുണ്ടായിരുന്ന ഏഴു വിദ്യാത്ഥികള്‍ അടങ്ങിയ ക്ലാസ്സ് രാവിലെ ഒന്‍പത് മണിക്കു തുടങ്ങി വൈകിട്ടു മൂന്നര വരെയായിരുന്നു. അതിനുശേഷം അഞ്ച് മണിവരെ ഏഴു വിദ്യാത്ഥികളും സാധകം ചെയ്യുമായിരുന്നു. അന്നത്തെ കൂട്ടായ്മ യൂണിവേഴ്സിറ്റി പഠനകാലത്തെ മധുര സ്മരണകളില്‍ ഒന്നാണ്. രാവിലത്തെ ക്ലാസ്സ് സുഗുണ മാഡത്തിന്റെയായിരുന്നു. തന്റെ സംഗീത ജിവിതത്തിലെ വഴിത്തിരിവായിരുന്നു സുഗുണ വരദാചാരിയുടെ ക്ലാസ്സുകളെന്ന് പ്രഭ പറയുന്നു. പിന്നീട് ഗുരുകുല സമ്പ്രദായത്തിലുള്ള ശിക്ഷണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിന് മദ്രാസ് യൂണിവേഴ്സിറ്റിയിലെ പഠനം സഹായിച്ചു. ഇക്കാലയളവിലായിരുന്നു തന്റെ മദ്രാസ്സ് പഠനത്തിന്റെ വഴികാട്ടിയായ മണികൃഷ്ണസ്വാമിയുടെ മരണം. ഗുരു മണികൃഷ്ണസ്വാമിയും സുഗണ വരദാചാരിയും മുസിരി സുബ്രഹ്മണ്യഅയ്യര്‍ എന്ന മഹാസംഗീതജ്ഞന്റെ ശിഷ്യരാണെന്ന് അന്നാണ് അത്ഭുതത്താടെ പ്രഭയറിയുന്നത്.
എംഎ പഠനത്തിനു ശേഷം പിന്നേയും രണ്ട് വര്‍ഷം ഒരു പരസ്യകമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയത് സുഗുണ വരദാചാരിയുടെയും ടി. എം. കൃഷ്ണയുടെയും ശിക്ഷണത്തില്‍ സംഗീത പഠനം തുടര്‍ന്നു. ബേബി ശ്രീരാമിന്റെ കീഴില്‍ ഇപ്പോഴും പഠനം തുടരുന്നു.
സാവേരി രാഗത്തില്‍ ഡോക്ടറേറ്റ്
പിന്നീട് നാട്ടില്‍ തിരിച്ചുവന്ന് കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്ന് 2006ല്‍ ഒന്നാം റാങ്കോടുകൂടി എംഫില്‍ ബിരുദം കരസ്ഥമാക്കി. സാവേരി രാഗത്തെക്കുറിച്ചുള്ള പഠനത്തിന്2010ല്‍ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും ലഭിച്ചു.
ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഏകദേശം 400 ലേറെ വേദികളില്‍ ഇതുവരെ പ്രഭാവതി കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി സാവേരി രാഗത്തില്‍ മിശ്രചാപ്പ് താളത്തില്‍ ഒരു തില്ലാനയും പ്രഭ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സാഹിത്യരചന നിര്‍വഹിച്ചത് ഭര്‍ത്താവ് തന്നെയായിരുന്നു. സാവേരി രാഗത്തിലെ ഒരെയോരു തില്ലാന ഇതുമാത്രമാണ്. 2010ല്‍ കേരള സംഗീത നാടക അക്കാദമിയുടെ യുവപ്രതിഭ പുരസ്ക്കാരം പ്രഭാവതിയെ തേടിയെത്തി.
എറണാകുളം ജില്ലയിലെ ചിന്മയ വിശ്വവിദ്യാലയത്തില്‍ സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുകയാണ് പ്രഭാവതിയിപ്പോള്‍. ഗുരുകുല സമ്പ്രദായത്തിന് പ്രാമുഖ്യം നല്കി ആധുനിക വിദ്യാദ്യാസ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സര്‍വകലാശാലയാണ് ചിന്മയ വിശ്വവിദ്യാപീഠം. സംഗീതം പഠിക്കാന്‍ ഇന്ന് ഒരുപാടു കുട്ടികളും മുതിര്‍ന്നവരുമൊക്കെ വരുന്ന കാലമാണ്. ഓണ്‍ലൈന്‍ അടക്കം നിരവധി പഠന വഴികളുമുണ്ട്. ഇതെല്ലാം ശാസ്ത്രീയ സംഗീതത്തിന് വളരാന്‍ ഒരുപാടു ഗുണകരമാണെന്ന അഭിപ്രായക്കാരിയാണ് പ്രഭാവതി. എന്നാല്‍ കര്‍ണാടക സംഗീതത്തിന്റെ ഉപരി പഠനത്തിന് ഇന്നും ചെന്നൈയാണ് ഏക ആശ്രയം. അത് കേരളത്തില്‍ സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഒരു പാഠ്യപദ്ധതി തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് പ്രഭാവതിയിപ്പോള്‍. സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന ഭര്‍ത്താവ് പത്മരാജിന്റെ പ്രോത്സാഹനവും പിന്തുണയും പ്രഭാവതിക്ക് കരുത്തായിട്ടുണ്ട്. കുട്ടികള്‍ മുകുന്ദന്, ഭരത് എന്നിവരുമടങ്ങുന്നതാന് കുടുംബം.
പി. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: