അപ്പോഴേക്കും മഴ തോര്‍ന്നിരുന്നു. രാവിലെ അഞ്ചുമണി കഴിഞ്ഞതേയുള്ളൂ. പുരി റെയില്വേസ്റ്റേഷന്.
വളരെ കുറച്ചുപേരേ വണ്ടിയില്നിന്നിറങ്ങാനുണ്ടായിരുന്നുള്ളൂ. പുറത്തേക്കിറങ്ങുന്ന വഴിയിലൊക്കെ ആളുകള്‍ മൂടിപ്പുതച്ച് കിടപ്പാണ്. അവര്‍ക്കിടയില്‍ നായ്ക്കളും. കവച്ചുവച്ച് നടന്ന് കവാടത്തിലെത്തി.
മഴവെള്ളത്തില്‍ നനഞ്ഞ പുറംകവാടവും പരിസരവും.
ആരോ തോണ്ടിയോ. തിരിഞ്ഞുനോക്കി. ആരുമില്ല. ചുറ്റിലുമില്ല.
ഉള്ളില്‍നിന്നാണ്. ദല്‍ഹിയിലെ അരവിന്ദന്. എം.മുകുന്ദന്റെ ‘ദല്‍ഹി’യിലെ.
‘മഴയില്‍ കുളിച്ച് നനഞ്ഞ നായയെപ്പോലെ’ പുരി റെയല്‍വേസ്റ്റേഷന്‍ ചുരുണ്ടുകിടക്കുന്നു.
ഹിന്ദിയെന്നോ ഒറിയയെന്നോ തിരിച്ചറിയാനാവാത്ത ഭാഷയില്‍ പുലമ്പിക്കൊണ്ട് റിക്ഷക്കാരും ടാക്സിക്കാരും വന്നുപൊതിഞ്ഞു. കീശയില്‍നിന്ന് ഒരു കടലാസ് തുണ്ടെടുത്ത് ഒരു റിക്ഷക്കാരനു നേരെ നീട്ടി.
അയാളതുവായിച്ച് മറ്റൊരാള്‍ക്കു കൊടുത്തു.
”ആയിയേ സാബ്” വെറ്റിലക്കറപിടിച്ച പല്ലുകള്‍ വെളുക്കെകാട്ടിച്ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരന് എന്നെ തന്റെ റിക്ഷയിലേക്ക് ക്ഷണിച്ചു. കൂടെ നടക്കുമ്പോള്‍ ഞാന്‍ പേരു ചോദിച്ചു: ‘ലക്ഷ്മണ്’.
പുറത്തെക്കുള്ള ഗെയിറ്റ് കടന്ന് റോഡിലേക്കു തിരിഞ്ഞു. വിജനമായ നനഞ്ഞ നിരത്ത്. അല്‍പ്പം മുന്നോട്ടു പോയശേഷം ഇടുങ്ങിയ വഴിയിലേക്ക് തിരിഞ്ഞു. മഴ വീണ്ടും തുടങ്ങി. ലക്ഷ്മണ് ഇരുവശത്തും കര്ട്ടന് താഴ്ത്തിയിട്ടു. റിക്ഷയുടെ ഒറ്റക്കണ്വെളിച്ചം ഇരുട്ടിനെ കീറി മഴയിലൂടെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. വളഞ്ഞും തിരിഞ്ഞും. പിന്നിലേക്ക് തല ചായ്ച്ച് ഞാന്‍ ചാരിയിരുന്നു.
മഴയായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ പബ്ലിക് ലൈബ്രറിയില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ പെട്ടെന്നു പെയ്ത മഴ. ഗോവണിയിറങ്ങി താഴത്ത് ഉള്ളിലേക്ക് കയറിനിന്നു.
”സാബ് ആയിയേ, ഉളളില്‍ ഇരിക്കാം.” തിരിഞ്ഞു നോക്കി. മുറുക്കിച്ചുവന്ന് വെറ്റിലക്കറപിടിച്ച പല്ലുകള്‍ മുഴുക്കെ കാട്ടി ചിരിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്. ഞാന്‍ അയാളുടെ കടയ്ക്കുള്ളിലേക്ക് കയറി സ്റ്റൂളിലിരുന്നു.
”പേരെന്താ?”
”മഹേഷ് മഹാപത്ര”
”ഒഡിഷക്കാരനാണോ”
”ജി സാബ്. പുരി”
തുണിക്കടയാണ്. കൂടുതലും കര്‍ട്ടനുകളും പുതപ്പുകളും. അവിടത്തെ സ്റ്റാളുകള്‍ മുഴുവനും അത്തരം കടകളാണ്. അടുക്കിവച്ച ഒരു ഷീറ്റ് ഞാന്‍ നിവര്‍ത്തി നോക്കി. ചിത്രങ്ങള്‍ ആലേഖനം ചെയ്ത തുണി.
”പടചിത്ര?” ഞാന്‍ മഹേഷിന്റെ മുഖത്തേക്കു നോക്കി.
”ജി സാബ്. മേരാ പിതാജി ജഗന്നാഥ മഹാപത്ര. പുരിയിലെ പടചിത്ര കലാകാരനാണ്.” അയാള്‍ ഭിത്തിയിലെ ഫോട്ടോയിലേക്ക് ചൂണ്ടി.
ജഗനനാഥ മഹാപത്ര. എവിടെയോ കേട്ടപോലെ. ഓര്‍ത്തുനോക്കി. അതെ. പടചിത്ര ആചാര്യന്. ഹെറിറ്റേജ് മാസികയില്‍ വായിച്ചിട്ടുണ്ട്. പുരിയില്‍ ഒരു പടചിത്രഗുരുകുലം നടത്തുന്നു. ധാരാളം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
മഹേഷുമായി കുറേ നേരം സംസാരിച്ചിരുന്നു. അച്ഛന് മരിച്ചിട്ടു ആറു വര്‍ഷമായി. സ്വന്തം കൈയില്‍നിന്നു കാശുമുടക്കി സൗജന്യമായി കലയഭ്യസിപ്പിച്ച ആ കലാകാരന് സമ്പാദ്യമൊന്നുമില്ലായിരുന്നു. മഹേഷും കുടുംബവും തുണിയില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് കര്‍ട്ടനുകളും പുതപ്പുകളുമാക്കും. അവിടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സൊസൈറ്റിയുണ്ട്. അതിലുണ്ടാക്കുന്ന ഉത്പന്നങ്ങളുമായി എവിടേക്കെങ്കിലും വില്‍പ്പനയ്ക്കായി ഇറങ്ങും. കോഴിക്കോട്ട് വരാന്‍ തുടങ്ങിയിട്ട് മൂന്നുനാലു വര്‍ഷമായി.
”ഇവിടെ കച്ചവടം എങ്ങനെ?” ഞാന്‍ ചോദിച്ചു.
”അച്ചാ ഹെ. വില കുറവായതിനാല്‍ വിറ്റുപോകും”
”പടചിത്ര ചെയ്യുന്നത് നേരിട്ട് കണ്ട് അറിയണമെന്നുണ്ട്” ഞാന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ അയാള്‍ക്ക് വളരെ സന്തോഷം. വെറ്റിലക്കറപിടിച്ച പല്ലുകള്‍ കാട്ടിയുള്ള നിഷ്കളങ്കമായ ചിരിയോടെ അയാള്‍ പറഞ്ഞു: ”ബഹുത്ത് അച്ചാ. ആ ജോവോ. പുരിയിലേക്ക് വരൂ.”
”തീര്‍ച്ചയായും. ആപ്കോ അഡ്രസ് ദീജിയേ”
ഒരു കടലാസ് തുണ്ടില്‍ അയാള്‍ പേരും മേല്‍വിലാസവും എഴുതി. ”ഗര്‍ മേം ഫോണ്‍ നഹി ഹെ” ഒരു കുറ്റബോധത്തോടെ അയാള്‍ കുറിപ്പ് എനിക്കു നല്കി.
”നന്ദി. ഞാന്‍ വരും.”
”സിര്‍ഫ് ഏക് പത്ര് ബേജന്‍ സാബ്” വെറ്റിലക്കറപിടിച്ച ചുവന്ന പല്ലുകള്‍ വീണ്ടും.
ഞാന്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും മഴ തോര്‍ന്നിരുന്നു.
മഴ തോര്‍ന്നിരുന്നു. റിക്ഷയുടെ കര്ട്ടന് ഉയര്‍ത്തി പുറത്തേക്കു നോക്കി. ചുറ്റിലും അരണ്ട വെളിച്ചം തെളിഞ്ഞിട്ടുണ്ട്. പുരി ക്ഷേത്രത്തിനു മുന്‍പിലുള്ള വിശാലമായ നിരത്തിലാണ്. ലോകപ്രസിദ്ധമായ പുരിരഥോത്സവം നടക്കുന്ന ദേവവീഥി. ചുറ്റിലുമുള്ള കടത്തിണ്ണകളില്‍ നിരാലംബരായ കുറേ മനുഷ്യജന്മങ്ങള് മൂടിപ്പുതച്ചുറങ്ങുന്നു. ചിലര്‍ എഴുന്നേറ്റിരുന്ന് ചുമയ്ക്കുന്നുണ്ട്.
”സാബ്, യഹ് പുരി മന്ദിര്‍ കാ മുഖ്യ ഗോപുര് ഹെ” റിക്ഷക്കാരന് ചൂണ്ടിക്കാണിച്ചു പറഞ്ഞു. ഗോപുരത്തിനു മുന്നിലെ അരുണസ്തംഭം കടന്ന് തെക്കുഭാഗത്തേക്ക് തിരിഞ്ഞു. തെക്കെ ഗോപുരത്തിനു മുന്നിലൂടെയുള്ള റോഡില്‍ കുറേ നീങ്ങിക്കഴിഞ്ഞപ്പോള്‍ അനേകം ഇടുങ്ങിയ വഴികള്‍. റിക്ഷ അതില്‍ ഒന്നിലേക്കു തിരിഞ്ഞു.
പതിനാറാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചപോലെ. എലിമാളംപോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പുളഞ്ഞുമാറിപ്പോകുന്ന കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍. ഇരുഭാഗത്തും തൊട്ടുതൊട്ടുള്ള പഴക്കം ചെന്ന കൊച്ചുവീടുകള്‍. തകരം മേഞ്ഞവ, ഓടുമേഞ്ഞവ, പുല്ലുമേഞ്ഞവ. അവയ്ക്കിടയിലൂടെ കുലുങ്ങിയും ചാടിയും ചെളിതെറിപ്പിച്ചും നീങ്ങി ഒരു വളവില്‍ റിക്ഷ നിന്നു.
ഇനിയുള്ള വഴി റിക്ഷയ്ക്ക് പറ്റില്ല. വീടുകള്‍ക്കിടയിലൂടെയുള്ള ഒരു ചെറുനടപ്പാതയാണ്.
മുന്നില്‍ നടന്ന റിക്ഷക്കാരന് ഒരു വാതില്‍ ചൂണ്ടിക്കാണിച്ചു. തകരം മേഞ്ഞ ചെറുവീട്. ഭിത്തിയില്‍ മങ്ങിത്തുടങ്ങിയ ചിത്രങ്ങള്‍. അയാള്‍ വാതിലില്‍ മുട്ടി. ”മഹേഷ്ജി ആയിയേ” വാതില്‍ തുറന്നു. വെറ്റിലക്കറ പുരണ്ട ചുവന്ന പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് മുന്നില്‍ മഹേഷ്.
”ആയിയേ ശ്രീഹര്ഷന്ജി, ആയിയേ”
റിക്ഷക്കാരന് കാശ് കൊടുത്ത് അകത്തേക്കു കയറി. വലിയ മുറി. വശത്ത് ഒരു അടുക്കളമുറികൂടിയുണ്ട്. നല്ല വൃത്തി. കട്ടി കൂടിയ ഒരു ജമുക്കാളം അയാള്‍ നീര്‍ത്തിയിട്ടു. ”ബൈട്ടിയേ സാബ്”
തോളിലെ ബാഗ് മൂലയില്‍വച്ച് ഞാന്‍ ചമ്രം പടിഞ്ഞിരുന്നു.
മഹേഷ് യാത്രാവിശേഷങ്ങള്‍ ചോദിച്ചു. അയാളുടെ ഭാര്യ മണ്‍കപ്പില്‍ ആവിപറക്കുന്ന ചായ നീട്ടി. ചിത്രപ്പണിയുള്ള കപ്പ്. പാലില്‍ കാച്ചിയ ജീരകച്ചായ.
”സാബ്, സുമിത. മേരാ പത്നി.” ഉണര്‍ന്ന് കണ്ണുതുടച്ചെഴുന്നേറ്റുവന്ന കുട്ടികളെയും അയാള്‍ പരിചയപ്പെടുത്തി. മകള്‍ സോണാല്‍. മകന് ജഗന്നാഥ്.
”പിതാജി കാ നാം.”
”ജി സാബ്.” വെറ്റിലക്കറപിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് അയാള്‍ ചുമരിലേക്ക് ചൂണ്ടി.
ചുമരില്‍ മങ്ങിയ വലിയ ഫോട്ടോ. ജഗന്നാഥ് മഹാപത്ര. അടിയിലെ തട്ടില്‍ അദ്ദേഹത്തിനു ലഭിച്ച മെമന്റോകള്‍ നിരത്തിവച്ചിട്ടുണ്ട്.
മഹേഷ് ഒരു ബക്കറ്റെടുത്ത് എന്നെ പിറകിലേക്ക് വിളിച്ചു. ബാത്ത്റൂം ചൂണ്ടിക്കാണിച്ചുതന്നു. ചളിചവുട്ടി ഉള്ളിലേക്കു കടന്നു. നല്ല വൃത്തി.
മഴ വീണ്ടും ചാറുന്നു. കുളിച്ചുകൊണ്ടിരിക്കേ ഞാനോര്‍ത്തു. ജാമിനി റോയ് ജന്മശതാബ്ദി പരിപാടികള്‍ക്കായി എം.വി ദേവനോടൊപ്പം സഞ്ചരിച്ച നാളുകള്‍.
യാത്രയ്ക്കിടെ ഇന്ത്യയിലെ പാരമ്പര്യചിത്രകലയെക്കുറിച്ച് ദേവന് പറഞ്ഞുകൊണ്ടിരിക്കും. ജാമിനിറോയിയെ പ്രചോദിപ്പിച്ച ബംഗുറയിലെ കുംഭാരന്മാരുടെ ഗ്രാമീണചിത്രകല, ബീഹാറിലെ മധുബനി ചിത്രങ്ങള്‍, ആന്ധ്രയിലെ കാലങ്കരി, ഗുജറാത്തിലെ പിത്തോറ, മഹാരാഷ്ട്രയിലെ വറോളി, രാജസ്ഥാനിലെ പഹാഡ്, ബംഗാളിലെ കാളിഘട്ട് ചിത്രങ്ങള്‍, ഒഡിഷയിലെ പടചിത്ര. അങ്ങനെ അങ്ങനെ…
ആ ചിത്രവഴികളുടെ സ്പര്‍ശനം ഏറ്റുവാങ്ങിക്കൊണ്ട് ദേശങ്ങള്‍ താണ്ടി ഇതാ ഇവിടെ ഭാര്ഗവീതടത്തിലെത്തിയിരിക്കുന്നു.
കുളി കഴിഞ്ഞ് വന്നപ്പോഴേക്കും പ്രാതല്‍ റെഡി. വെളുത്ത ഇഡ്ഡലിയും ഉഴുന്നുവടയും. എന്റെ മുഖഭാവം കണ്ട് മഹേഷ് വിവരിച്ചു. മിഠായിത്തെരുവില്‍ ആര്യഭവന് ഹോട്ടലിലെ ഇഡ്ഢലിയും വടയും. അയാള്‍ക്ക് വളരെ ഇഷ്ടപ്പെട്ടത്രേ. പാചകത്തില്‍ കമ്പക്കാരനായ മഹേഷ് അവിടത്തെ പാചകക്കാരനുമായി ചങ്ങാത്തം കൂടി പഠിച്ചെടുത്തു. വീട്ടില്‍ ഇടയ്ക്ക് മഹേഷ് ഇതുണ്ടാക്കി കഴിക്കാറുണ്ട്. ഇന്ന് എനിക്കായി പ്രത്യേകം ഉണ്ടാക്കിയതാണ്. നല്ല രൂചി.
വീടിനു പിറകിലെ ഷെഡ്ഡിലേക്ക് അയാള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. വേറെ രണ്ടു പേര് അവിടെയിരുന്ന് തുണിയില്‍ വരയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വരയ്ക്കാനുള്ള തുണി പാകപ്പെടുത്തുന്നത് മഹേഷ് കാണിച്ചുതന്നു. ഒരു കൊഴുത്ത ദ്രാവകത്തില്‍ തുണി മുക്കും. പുളിങ്കുരുപ്പശയില് ചോക്കുപൊടി ചേര്‍ത്ത ദ്രാവകം. അത് നന്നായി വെയിലത്ത് ഉണക്കിയെടുക്കണം. നേരത്തെ ഉണക്കിവച്ച തുണിയെടുത്ത് അയാള്‍ മിനുസപ്പെടുത്തി കാണിച്ചു. ഒരു പ്രത്യേകതരം കല്ലാണ് ഉപയോഗിച്ചത്.
മഹേഷിന്റെ ബന്ധുവായ സൂരി മഹാപത്ര തുണിയില്‍ വരച്ചുകൊണ്ടിരിക്കുന്നു. അഞ്ച് പ്രധാന നിറങ്ങളാണ് രചനയ്ക്കു വേണ്ടത്. മഞ്ഞ, നീല, ചുവപ്പ്, വെളുപ്പ്, കറുപ്പ്. ചായങ്ങള്‍ അവിടെത്തന്നെ ഉണ്ടാക്കുന്നതാണ്. കടല്‍ക്കക്ക, വിളക്കിലെ കരി, ഹിങ്കുറ, മഞ്ഞള്‍, എണ്ണ, അവിടെ കിട്ടുന്ന ഒരുതരം പഴം എന്നിവയാണതിനു ഉപയോഗിക്കുക. എലിയുടെയോ എരുമയുടെയോ രോമംകൊണ്ട് വീട്ടിലുണ്ടാക്കുന്ന ബ്രഷും, അറ്റം കത്തിച്ച ഒരുതരം ചെടിത്തണ്ടും കൊണ്ടാണ് വര.
ഭാര്ഗവീനദിക്കരയിലെ രഘുരാജപുരത്തിലെ ഗ്രാമീണര്‍ ശതാബ്ദങ്ങളായി വരച്ചുകൊണ്ടിരിക്കയാണ്. പുരിജഗന്നാഥനുള്ള സമര്‍പ്പണം. ദേവപ്രീതിക്കായി ജഗന്നാഥന്റെ പുരാവൃത്തങ്ങള്‍ വരയിലും വര്‍ണത്തിലും തുണിയില്‍ ആലേഖനം ചെയ്തുകൊണ്ടുള്ള അനുഷ്ഠാനം. സംസ്കൃതത്തില്‍ ‘പട’ എന്നാല്‍ തുണി. ജഗന്നാഥദേവന്റെ ദാസന്മാരാണ് തങ്ങളെന്ന് തലമുറകളായി അവര്‍ വിശ്വസിച്ചുപോരുന്നു.
രചനകള്‍ രണ്ടു വിഭാഗത്തിലുണ്ട്. അന്നസാരപതി, ജാതിപതി. ആഷാഢമാസത്തില്‍ പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങള്ക്കുവേണ്ടി വരയ്ക്കുന്നവയാണ് അന്നസാരപതി. ജഗന്നാഥനുള്ള അവരുടെ നൈവേദ്യമാണ് അത്. ജീവിതോപയോഗത്തിനുള്ള തുണികളില്‍ വരയ്ക്കുന്നവയാണ് ജാതിപതി.
ഷെഡ്ഡിന്റെ ഒരുവശത്ത് രചന കഴിഞ്ഞ് ഉണക്കിയെടുത്ത തുണികള്‍ തരംതിരിച്ച് അടുക്കിക്കെട്ടിവച്ചിരിക്കുന്നു. ചുമരിലും ഗൃഹോപകരണങ്ങളിലും ചിത്രപ്പണികള്‍ ചെയ്യാറുണ്ട്. താളിയോലയില്‍ ചെയ്യുന്ന ചിത്രങ്ങളും വില്‍പ്പന ചെയ്യും.
മഹേഷിന് ഇന്ന് വൈകീട്ടത്തെ വണ്ടിയില്‍ ബംഗളരുവിലേക്ക് പോകണം. ഇപ്പോള്‍ അവിടെയാണ് വില്‍പ്പന. കോഴിക്കോട്ട് വരാതെ ഒന്നരവര്‍ഷം കഴിഞ്ഞത്രേ. വില്പ്പനച്ചരക്കുകളെല്ലാം പാര്‍സലായി അയച്ചുകഴിഞ്ഞു.
സുമിത ഞങ്ങളെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. വെളുത്ത ചോറും റൊട്ടിയും. സബ്ജി, ഡാല്ഫ്രൈ, വെണ്ടയ്ക്കത്തോരന്പോലെ ഒന്ന്, മാങ്ങാ അച്ചാര്‍, തൈര്, പപ്പടം. ഭക്ഷണം വിളമ്പി മാറിനിന്നുകൊണ്ട് സുമിത പറഞ്ഞു: ”സാബ്, ചാവല്‍ ജഗന്നാഥ് മഹാരാജ് കാ പ്രസാദ് ഹെ”.
അതെ, പുരിജഗന്നാഥക്ഷേത്രത്തിലെ പ്രധാന പ്രസാദം ചോറാണ്. രാവിലെ ക്ഷേത്രത്തില്‍ പോയി എനിക്കായി പ്രസാദം വാങ്ങിവന്നിരിക്കയാണ് സുമിതയും സോണാലും.
ജമുക്കാളത്തില്‍ ചമ്രം പടിഞ്ഞിരുന്ന് ചോറുവാരി. ചുമരിലെ ഫോട്ടോയിലേക്കൊന്നു നോക്കി. ചില്ലുപാളിക്കുള്ളില് പഴകിയ കടലാസിലെ മങ്ങിയ രൂപം. ആ വലിയ കലാചാര്യന്റെ പുഞ്ചിരി. ജീവിതത്തെ കലോപാസനയാക്കിയ എല്ലാ മഹാകലാകാരന്മാര്ക്കുമായി ആദ്യത്തെ ഉരുള മാറ്റിവച്ചു.
സ്നേഹം ചൊരിയുന്ന കൊച്ചുകുടുംബം, കലയുടെ വിശുദ്ധിയുള്ള കൊച്ചുകുടില്‍. പരിസരത്തെ ദേവസാന്നിധ്യം. ഒരു തീര്‍ഥാടനം കഴിഞ്ഞ സംതൃപ്തി.
നന്ദി പറഞ്ഞിറങ്ങുമ്പോള്‍ മഹേഷും സുമിതയും സോണാലും കൊച്ചുജഗന്നാഥനും വീടിനു വെളിയിലേക്കിറങ്ങി കൈകൂപ്പി. വെറ്റിലക്കറയുള്ള ചുവന്ന പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് മഹേഷ് ഒരു പൊതി എന്റെ കൈയില്‍ വച്ചുതന്നു.
താളിയോലയില്‍ ചെയ്ത ഒരു രചന. പുരിയിലെ ആരാധനാമൂര്‍ത്തിയുടെ പത്മവേഷത്തിലുള്ള ചിത്രം.
”സാബ്, മേരാ ഛോട്ടാ സാ ഉപഹാര്‍” ജഗന്നാഥന്റെ ‘വര’പ്രസാദം. ചവിട്ടുപാതയിലൂടെ നടക്കുമ്പോള്‍ ചാറ്റല്‍മഴ.
എം ശ്രീഹര്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: