കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്ല് എന്‍ഡിഎ വോട്ടില്‍ വന്‍ കുതിച്ചുചാട്ടം. വര്‍ദ്ധിച്ചത് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ അമ്പതിനായിരത്തിലധികം വോട്ട്. ലോക്സഭയിലേക്ക് ജില്ലയില്‍ നിന്നും മത്സരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍, തളിപ്പറമ്പ്, അഴീക്കോട്, ഇരിക്കൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 68,509 വോട്ടാണ്. കൂടാതെ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളാണെങ്കിലും കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ യഥാക്രമം 9268, 9854 എന്നിങ്ങനെ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശതന്ത്രി കുണ്ടാറിന് ലഭിച്ചു, കൂടാതെ വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വി.കെ. സജീവന് 13456, 15303 വോട്ടുകള്‍ യഥാക്രമം ലഭിക്കുകയുണ്ടായി. ഇതെല്ലാം ചേര്‍ത്ത് ജില്ലയില്‍ 1,16,290 വോട്ടുകളാണ് എന്‍ഡിഎയ്ക്ക് 2019ലെ ലോക്സഭയില്‍ ലഭിച്ചത്.
എന്നാല്‍ ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോര്പ്പറേഷന്, എട്ട് നഗരസഭകള്‍, 1166 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ലഭിച്ച ആകെ വോട്ട് 1,74,528 വോട്ടാണ് എന്‍ഡിഎയ്ക്ക ഇത്തവണ ലഭിച്ചത്. അമ്പതിനായിരത്തിലധികം വോട്ടിന്റെ വര്‍ദ്ധനയാണ് ജില്ലയില്‍ മൊത്തം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎ മുന്നണിക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജില്ലയുടെ ഭാഗമായ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 1,25,675 വോട്ടുകള്‍ നേടിയപ്പോള്‍ കോര്‍പ്പറേഷനില്‍ 15184ഉം നഗസഭകളിലെല്ലാം കൂടി 33,689 വോട്ടും ലഭിച്ചു. 58,228 വോട്ടുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎയ്ക്ക് ലഭിച്ചു. 11.08 ശതമാനം വോട്ട് വിഹിതമാണ് എന്‍ഡിഎ ജില്ലയില്‍ നേടിയത്. ഒരു വര്‍ഷത്തിന് ശേഷം വന്‍ കുതിച്ചു ചാട്ടമാണ് ജില്ലയില്‍ എന്‍ഡിഎ മുന്നണി ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: