കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ രാഷ്ട്രീയ വിവാദം പുകയുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെത്തി. പുലര്‍ച്ചെ ഒരു മണിയോടെയാണ് കേന്ദ്രമന്ത്രി ബംഗാളിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അമിത്ഷായുടെ സന്ദര്‍ശനം സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ബിജെപി അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി ബാനര്‍ജിയും സംഘവും ഭയപ്പെടുന്നുണ്ട്.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. സന്ദര്‍ശനത്തിന്റെ ആദ്യ ദിനമായ ഇന്ന് അമിത് ഷാ മിഡ്നാപൂരിലേയ്ക്കാണ് ആദ്യമെത്തുക. രാമകൃഷ്ണ മിഷന് സന്ദര്‍ശിച്ച ശേഷം അദ്ദേഹം സിദ്ധേശ്വരി കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ശേഷം മിഡ്നാപൂരില്‍ അമിത് ഷാ ഒരു റാലിയിലും പങ്കെടുക്കുന്നുണ്ട്. തൃണമൂലില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവും ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി അമിത് ഷായില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നിരവധി നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് സൂചനയുണ്ട്.
ഞായറാഴ്ച അമിത് ഷാ ബോല്‍പൂരിലെ വിശ്വഭാരതി സര്‍വ്വകലാശാല സന്ദര്‍ശിക്കും. തുടര്‍ന്ന് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണും. ബോല്‍പൂരിലെ ക്ഷേത്രങ്ങളില്‍ അദ്ദേഹം ദര്‍ശനം നടത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷ വിലയിരുത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിച്ചിരുന്നു.
അതിനിടെ തൃണമൂല്‍ എംഎല്‍എയായ സില്‍ഭദ്ര ദത്തയും വെള്ളിയാഴ്ച പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. കൂടാതെ തൃണമൂല്‍ ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ കബീറുള്‍ ഇസ്ലാമും രാജി നല്‍കിയിട്ടുണ്ട്. 72 മണിക്കൂറിനിടെ എംഎല്‍എമാര്‍ അടക്കം ആറ് നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോകുന്നത് മമതയ്ക്കും തൃണമൂലിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: