കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിലെയും എല്‍ഡിഎഫിലേയും പ്രമുഖര്‍ക്ക് തോല്‍വി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലപാടും പാര്‍ട്ടിയും മാറിയവരെയും ജനം പുറത്തിരുത്തി. വിമതന്‍മാരാണ് കോണ്‍ഗ്രസിലെ പ്രമുഖരെ നിലംപരിശാക്കിയത്. കോണ്‍ഗ്രസില്‍ പി.പി. ആലി, അഡ്വ. ജോഷി സിറിയക്, ലീഗ് നേതാവ് സി. മൊയ്തീന്‍കുട്ടി, സിപിഎമ്മില്‍ മുന്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ്, എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച വനിതാ ലീഗ് നേതാവ് ഉമൈബ മൊയ്തീന്‍കുട്ടി തുടങ്ങിയവരാണ് പരാജയപ്പെട്ടവരില്‍ പ്രമുഖര്‍. കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് 15, എല്‍ഡിഎഫ് 13 എന്നിങ്ങനെയാണ് കക്ഷിനില. 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറു സീറ്റുകളിലാണ് ജയിച്ചത്. ലീഗ് 11 സീറ്റില്‍ മത്സരിച്ച് ഒമ്പത് സീറ്റ് നേടി.
എല്‍ഡിഎഫില്‍ രണ്ടു സീറ്റുകള്‍ വീതം സിപിഐയും എല്‍ജെഡിയും നേടി. കെപിസിസി നിര്‍വാഹക സമിതി അംഗമായ പി.പി. ആലി തുര്‍ക്കി ഡിവിഷനില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. സിപിഐയുടെ ഹംസ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.പി. ആലിയെ തോല്‍പ്പിച്ചത്. റിട്ട. എസ്.ഐയും കോണ്‍ഗ്രസ് അനുകൂല പോലീസ് സംഘടനാ ഭാരവാഹിയുമായിരുന്ന ടി.ജെ. സക്കറിയാസ് ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത് നിര്‍ണായകമായി. സക്കറിയാസ് രണ്ട് തപാല്‍ വോട്ടുകളടക്കം 44 വോട്ടുകള്‍ നേടി. സക്കറിയാസ് നേടിയത് കോണ്‍ഗ്രസ് വോട്ടുകളാണ്. കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം.
കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പി.പി. ആലി.ഇതേച്ചൊല്ലി വരും നാളുകളില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന. കല്‍പ്പറ്റ നഗരസഭ 12-ാം ഡിവിഷന്‍ അമ്പിലേരിയിലാണ് വനിതാലീഗ് നേതാവും മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ ഉമൈബ മൊയ്തീന്‍കുട്ടി എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ചത്. ഇവിടെ ലീഗിന്റെ സ്ഥാനാര്‍ഥി റൈഹാനത്ത് ഷാജിയാണ് 51 വോട്ടുകള്‍ക്ക് ജയിച്ചത്. ഉമൈബ എന്നൊരു സ്വതന്ത്ര സ്ഥാനാര്‍ഥി കൂടി ഈ ഡിവിഷനില്‍ മത്സരിച്ചിരുന്നു. ഇവര്‍ എട്ട് വോട്ട് നേടി.
മൂന്നു പ്രാവശ്യം മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന മുസ്‌ളീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഉമൈബക്ക് സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് അവര്‍ എല്‍ഡിഎഫ് പാളയത്തിലെത്തിയത്. മുമ്പ് രണ്ട് തവണ സ്വതന്ത്രയായും ഒരു തവണ ലീഗിന്റെ ചിഹ്നത്തിലും ഉമൈബ ജയിച്ചിട്ടുണ്ട്. കര്‍ഷക കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോഷി സിറിയക് അഡ്‌ലെയ്ഡ് ഡിവിഷനില്‍ 364 വോട്ടുകള്‍ക്ക് തോറ്റത് കോണ്‍ഗ്രസിലെ പാലംവലി കാരണമാണെന്നാണ് ആക്ഷേപം. ഇവിടെ എല്‍ഡിഎഫിലെ പി.എ. സബീറാണ് 571 വോട്ട് നേടി ജയിച്ചത്. വിഷ്ണു ഭാസ്‌ക്കര്‍, നവാസ്, ശ്രീജ എന്നീ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വോട്ടുകളാണ് ചിതറിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കളടക്കമാണ് സ്വതന്ത്രന്‍മാരായി പത്രിക നല്‍കിയത്. കോണ്‍ഗ്രസിന് പാരയായി വിമതന്‍മാരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. മുന്‍ ചെയര്‍പേഴ്‌സനായ സനിത ജഗദീഷ് സിപിഎം സ്ഥാനാര്‍ഥിയായി പെരുന്തട്ട ഡിവിഷനിലാണ് മത്സരിച്ചത്. ഇവിടെ കോണ്‍ഗ്രസിലെ പി.കെ. സുബാഷാണ് 29 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചത്. മുന്‍ എല്‍ഡിഎഫ്. ഭരണസമിതിയില്‍ ചെയര്‍പേഴ്‌സണായിരുന്ന സനിത ജഗദീഷിന് മാത്രമാണ് ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. എസ്ടിയു നേതാവും പള്ളിക്കമ്മിറ്റി ഭാരവാഹിയുമായ സി. മൊയ്തീന്‍കുട്ടിയാണ് കല്‍പ്പറ്റ നഗരസഭയില്‍ തോറ്റ ലീഗ് സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. ഗ്രാമത്തുവയല്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച മൊയ്തീന്‍കുട്ടിയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കമറുദീനാണ് 116 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചത്. ഈ ഡിവിഷനില്‍ ലീഗിന്റെ വോട്ടുകള്‍ തന്നെ മറിഞ്ഞുവെന്നാണ് അണിയറ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: