യു.ഡി.എഫ്-എല്‍.ഡി.എഫ് വോട്ട് കച്ചവടവും വര്‍ഗീയ ശക്തികളുടെ ധ്രുവീകരണവും അതിജീവിച്ച് ഉജ്ജ്വല വിജയമാണ് ഭാരതീയ ജനതാപാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എന്‍ഡിഎ സ്വാധീനം വര്‍ദ്ധിപ്പിക്കുമ്പോള്‍ കേരളത്തിലും കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അപ്രസക്തമാവുകയാണ്. സി.പി.എമ്മിനെ നേരിടാന്‍ ശേഷിയുള്ള ഏക പാര്‍ട്ടിയായി കേരളത്തില്‍ ബിജെപി മാറിയെന്നതാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
കഴിഞ്ഞ തവണ ബിജെപി ജയിച്ച വാര്‍ഡുകളില്‍ ഇടത്-വലത് മുന്നണികള്‍ ക്രോസ് വോട്ട് ചെയ്യുകയും ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിയിലേക്ക് വര്‍ഗീയ ശക്തികള്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നായേനെ. ബിജെപിയെ തോല്പ്പിക്കാനായി ഇത്രയൊക്കെ സംഘടിത ശ്രമം ഉണ്ടായിട്ടും കരുത്തോടെ പൊരുതിയ ദേശീയ പ്രസ്ഥാനം കേരളത്തിലെ എല്ലാ നഗരസഭകളിലും ശക്തമായ സാന്നിധ്യമായി മാറി. ഗ്രാമപഞ്ചായത്തുകളില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും നിരവധി പഞ്ചായത്തുകളില്‍ ഭരണം പുതുതായി നേടാനും ബിജെപിക്ക് സാധിച്ചു.
പരസ്യ വോട്ട് കച്ചവടം
ഇരുമുന്നണികളും പരസ്യമായി വോട്ട് കച്ചവടം നടത്തിയതു കൊണ്ടാണ് തിരുവനന്തപുരത്ത് ബി.ജെ.പി ഭരണത്തില്‍ എത്താതിരുന്നത്. എല്‍.ഡി.എഫുമായി എന്ത് ധാരണയാണ് ഉണ്ടാക്കിയതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കേണ്ടി വരും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 21 സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ ഒമ്പത് സീറ്റ് മാത്രമാണ് കിട്ടിയത്. ബി.ജെ.പിക്ക് ജയസാധ്യതയുള്ള എല്ലാ ഇടങ്ങളിലും ഇരുമുന്നണികളും പരസ്യ ധാരണ ഉണ്ടാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തിയെന്ന് പറഞ്ഞത് എങ്ങിനെയാണെന്ന് ഫലത്തില്‍ നിന്ന് വ്യക്തമാണ്. യു.ഡി.എഫിന്റെ മുഴുവന്‍ വോട്ടും എല്‍.ഡി.എഫിന് മറിച്ചു. പല വാര്‍ഡുകളിലും യു.ഡി.എഫിന്റെ വോട്ട് ഷെയര്‍ കുറഞ്ഞു. വ്യാപകമായ വോട്ട് കച്ചവടമാണ് നടന്നത്.
അവിശുദ്ധ സഖ്യത്തിന് മധ്യസ്ഥത വഹിച്ചത് മുസ്ലിംലീഗ്
മുസ്ലിം ലീഗാണ് കേരളത്തിലെ ഇടത്-വലത് അവിശുദ്ധ സഖ്യത്തിന് മധ്യസ്ഥം വഹിച്ചത്. യു.ഡി.എഫിന് കിട്ടാറുള്ള ന്യൂനപക്ഷ വോട്ടുകളും മതതീവ്രവാദ സംഘടനകളുടെ വോട്ടും എല്‍.ഡി.എഫിന് നല്കാന് ലീഗ് നേതൃത്വം ഗൂഢാലോചന നടത്തി. എല്‍.ഡി.എഫ് തിരിച്ച് യു.ഡി.എഫിനെയും സഹായിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ സഹായം പാലക്കാട് മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫിന് ലഭിച്ചു. പല വാര്‍ഡിലും എല്‍.ഡി.എഫിന് നൂറില്‍ താഴെയാണ് വോട്ട് ലഭിച്ചത്. എന്നിട്ടും പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് മികച്ച വിജയമുണ്ടാക്കാനായത് ഈ അവിശുദ്ധ സഖ്യത്തെ തുറന്ന് കാണിക്കാനായതു കൊണ്ടാണ്. തലശ്ശേരിയില്‍ പല വാര്‍ഡുകളിലും എല്‍.ഡി.എഫിന്റെ വോട്ട് യു.ഡി.എഫിന് മറിച്ച് നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുമേഷ് മത്സരിച്ച കുയ്യാലി വാര്‍ഡില്‍ എല്‍.ഡി.എഫിന് ലഭിച്ചത് വെറും 70 വോട്ടുകളാണ്. അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി 565 വോട്ട് നേടിയപ്പോള്‍ സുമേഷ് 523 വോട്ട് നേടി.
എന്തുവില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കുക എന്ന സിപിഎമ്മിന്റെ കുതന്ത്രത്തെ ശക്തമായി നേരിട്ട പാര്‍ട്ടി എട്ട് സീറ്റില്‍ വിജയിക്കുകയും 19 സീറ്റില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്ത് മുഖ്യപ്രതിപക്ഷമായി മാറി. കോഴിക്കോട് കോര്‍പ്പറേഷനിലും സമാനമായ സംഭവങ്ങളാണ് ഉണ്ടായത്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും മുസ്ലിം ലീഗും കൈകോര്‍ത്തു. 2015 ല്‍ നേടിയതിനേക്കാള്‍ ഇത്തവണ യുഡിഎഫ്സ്ഥാനാര്ത്ഥികള്ക്ക് വന്‍ വോട്ടു ചോര്‍ച്ചയുണ്ടായി. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മറ്റ് മുസ്ലിം സംഘടനകളും സംയുക്തമായി ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഒരുമിക്കുകയായിരുന്നു. മുസ്ലിംലീഗും സിപിഎമ്മും തിരിച്ചടി നേരിടുന്ന സ്ഥലങ്ങളില്‍ പരസ്പരം സഹായിക്കാനായിരുന്നു തീരുമാനം. തീരദേശ വാര്‍ഡുകളില്‍ പലയിടത്തും പരസ്യമായും രഹസ്യമായും ഇവര്‍ വോട്ട് കച്ചവടം നടത്തി.
തോപ്പയില്‍ വാര്‍ഡില്‍ 2015 ല്‍ ലഭിച്ച വോട്ടിന്റെ പകുതി മാത്രമേ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുള്ളൂ. ഇവിടെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. കഴിഞ്ഞ തവണ 966 വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥി ഇത്തവണ എല്ലാ ബൂത്തുകളിലും വോട്ട് വര്‍ദ്ധിപ്പിച്ച് 1965 വോട്ട് നേടി. എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി 443 വോട്ടിനാണ് ഇവിടെ വിജയിച്ചത്. യുഡിഎഫിനാകട്ടെ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 681 വോട്ട് ഇത്തവണ കുറവാണ്.
ബേപ്പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിംഗ് ഡിവിഷനുകളില്‍ യുഡിഎഫ് വോട്ട് കുത്തനെ കുറഞ്ഞു. ബേപ്പൂര്‍ പോര്‍ട്ടില്‍ 2015 ല്‍ യുഡിഎഫ് 1228 വോട്ട് നേടിയെങ്കില്‍ ഇത്തവണ ഇത് 744 ആയി കുറഞ്ഞു. 357 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. ബേപ്പൂര്‍ ഡിവിഷനില്‍ 2015 ല്‍ യുഡിഎഫിന് 1909 ഉം എസ്ഡിപിഐക്ക് 115 ഉം വോട്ട് ലഭിച്ചിരുന്നു. ഇത്തവണ എസ്ഡിപിഐ മത്സരരംഗത്തുണ്ടായിരുന്നില്ല. യുഡിഎഫിന്റെ വോട്ടാകട്ടെ 1433 ആയി കുറയുകയും ചെയ്തു. 298 വോട്ടിനാണ് ഇവിടെ സിപിഎം വിജയിച്ചത്.
6664 വോട്ടാണ് 2015ല്‍ പോള്‍ ചെയ്തതെങ്കില്‍ ഇത്തവണ 7133 വോട്ട് പോള്‍ ചെയ്തിരുന്നു. എന്നിട്ടും യുഡിഎഫിന്റെ വോട്ടില്‍ കുത്തനെ കുറവുണ്ടായി. 2015 ല്‍ 2373 വോട്ട് നേടിയ ബിജെപി ഇത്തവണ 2666 വോട്ടായി വര്‍ദ്ധിപ്പിച്ചെങ്കിലും യുഡിഎഫ് വോട്ടുകള്‍ ഇടതു മുന്നണിക്ക് മറിച്ചതു കാരണം പരാജയപ്പെടുകയായിരുന്നു. ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎം മുസ്ലിംലീഗ് അന്തര്‍ധാര സജീവമായിരുന്നു. 22 സ്ഥലത്ത് എന്‍ഡിഎ കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്തെത്തി. തൃശ്ശൂര്‍ കോര്‍പ്പറേഷനിലും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ ഇരുമുന്നണികളും വോട്ട് മറിച്ചു. എന്നാല്‍ ഇരുമുന്നണികളുടേയും സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി മികച്ച പ്രകടനം നടത്തി. ഗ്രാമപഞ്ചായത്തുകളിലെ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളിലെല്ലാം വോട്ട് കച്ചവടം നടന്നെങ്കിലും അതെല്ലാം അതിജീവിച്ച് നേട്ടമുണ്ടാക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചു.
കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ കേവലം ഒരു സീറ്റിനാണ് എന്‍ഡിഎക്ക് ഭരണം നഷ്ടമായത്. പന്തളം നഗരസഭയില്‍ ഭരണം പിടിച്ചെടുക്കാനായത് മദ്ധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയുടെ വന്‍ മുന്നേറ്റത്തിന് സാഹചര്യമൊരുക്കും. മാവേലിക്കരയില്‍ ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധിച്ചത് ഇടതു-വലത് മുന്നണികള്‍ക്ക് ജനങ്ങള്‍ നല്കിയ ശക്തമായ തിരിച്ചടിയാണ്. കൊച്ചി, കൊല്ലം കോര്‍പ്പറേഷനുകളില്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് എന്‍ഡിഎക്കുണ്ടായത്. കൊല്ലം കോര്‍പ്പറേഷനില്‍ 15 സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
മുന്നേറ്റമുണ്ടാക്കിയത് എന്‍ഡിഎ മാത്രം
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ ഒരേ ഒരു മുന്നണി ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ്. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തില്‍ 933 സീറ്റുകളുണ്ടായിരുന്ന എന്‍ഡിഎക്ക് ഇത്തവണ 1182 സീറ്റുകള്‍ ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 11 സീറ്റ് മാത്രമുണ്ടായിരുന്ന എന്‍ഡിഎക്ക് ഇത്തവണ 37 സീറ്റുകള്‍ ലഭിച്ചു. നഗരസഭയില്‍ 236 സീറ്റുകള്‍ ഇത്തവണ 320 സീറ്റിലേക്ക് ഉയര്‍ത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചു. എന്നാല്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണ 10,340 തദ്ദേശ വാര്‍ഡില്‍ ജയിച്ചപ്പോള്‍ ഇത്തവണ 224 എണ്ണം കുറഞ്ഞ് 10,116 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നഗരസഭാ വാര്‍ഡുകള്‍ 1263ല്‍ നിന്ന് 96 എണ്ണം കുറഞ്ഞ് 1167 സീറ്റാണ് ഇത്തവണ ലഭിച്ചത്. യുഡിഎഫാകട്ടെ കഴിഞ്ഞ തവണ ജയിച്ച 6324 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 438 എണ്ണം കുറഞ്ഞ് 5893 ആയി. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം 61ല്‍ നിന്നും 44 ആയി കുറഞ്ഞു. നഗരസഭാ വാര്‍ഡുകള്‍ 917ല്‍ 190 എണ്ണം കുറഞ്ഞ് 727 ആയി. കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ എണ്ണം 143ല്‍ നിന്നും 120 ആയി കുറഞ്ഞു. യുഡിഎഫിന്റെ ആകെ അംഗബലം കഴിഞ്ഞ തവണത്തെ 8847ല്‍ നിന്നും 8022 ആയി കുറഞ്ഞു.
കേരളത്തിലെ ഇടതുദുര്‍ഭരണത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് സംഘടിപ്പിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. തദ്ദേശ തെരഞ്ഞെടുപ്പ് നല്കുന്ന സൂചനയും അതു തന്നെയാണ്. തമ്മില്‍ തല്ലുകയും ഇടതുമുന്നണിയുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന് കേരളത്തില്‍ മേല്‍വിലാസം നഷ്ടപ്പെട്ടിരിക്കുന്നു. ഈ സവിശേഷ രാഷ്ട്രീയസാഹചര്യത്തിലാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന്റെ മുന്നേറ്റത്തിന്റെ പ്രസക്തി. കേരളത്തിന്റെ രാഷ്ട്രീയ ഭാവി ദേശീയ ജനാധിപത്യസഖ്യത്തെ കേന്ദ്രീകരിച്ചായിരിക്കുമെന്ന വ്യക്തമായസൂചനയ്ക്ക് അടിവരയിടുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: