തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമപഞ്ചായത്തുകളിലും ബിജെപി വലിയ നേട്ടമാണ് ഉണ്ടാക്കിയത്. നാലു ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നാലിടത്തും ഭരിക്കാനുള്ള വ്യക്തമായ സാധ്യതയും ബിജെപിക്കുണ്ട്. 2015 ല്‍ ഒരു സീറ്റുപോലുമില്ലാത്ത കള്ളിക്കാട്, കരവാരം ഗ്രാമപഞ്ചായത്തുകളില്‍ വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയത്. കല്ലിയൂര്‍, മുദാക്കല്‍ പഞ്ചായത്തുകളിലും ബിജെപി നേട്ടം കൊയ്തു. ഇവിടെയെല്ലാം ഇത്തവണ ഭരണത്തിലേറാനുള്ള സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞതവണ ഗ്രാമപഞ്ചായത്തുകളില്‍ 156 വാര്‍ഡുകള്‍ വിജയിച്ച ബിജെപി ഇത്തവണ 194 വാര്‍ഡുകളില്‍ വിജയക്കൊടി പാറിച്ചു. പല പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തിയായി.
കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ബിജെപി ചരിത്രം കുറിച്ചിരിക്കുകയാണ്. പാറശ്ശാല നിയോജക മണ്ഡലത്തില്‍ ആദ്യമായാണ് ഒരു തദ്ദേശഭരണ സ്ഥാപനത്തില്‍ ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. ആകെയുള്ള 13 വാര്‍ഡില്‍ ആറെണ്ണം പിടിച്ചടക്കിയാണ് ബിജെപി മുന്നിലെത്തിയത്. കഴിഞ്ഞ തദ്ദേശഭരണ സമിതിയില്‍ ഒരു അംഗം പോലും ഇല്ലാതിരുന്നിട്ടും ബിജെപി പഞ്ചായത്തുഭരണം പിടിച്ചെടുക്കുകയായിരുന്നു. എല്‍ഡിഎഫ് 3, യുഡിഎഫ് 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില.
കരവാരം പഞ്ചായത്തില്‍ 18 സീറ്റുകളില്‍ ഒന്‍പതു സീറ്റുകള്‍ നേടി ബിജെപി അട്ടിമറി വിജയമാണ് നടത്തിയിരിക്കുന്നത്. ഒരു സീറ്റുപോലുമില്ലാതിരുന്നിടത്താണ് പകുതിസീറ്റുകള്‍ നേടി ഭരണത്തിലേറാന്‍ തയ്യാറായിരിക്കുന്നത്. എല്‍ഡിഎഫ് 5, യുഡിഎഫ് 2, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. കല്ലിയൂരില്‍ ബിജെപി ഭരണം നിലനിര്‍ത്തി. കഴിഞ്ഞതവണ 10 സീറ്റുകളാണ് ബിജെപി ക്ക് ഉണ്ടായിരുന്നത്. ഇത്തവണ അത്രയും സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ രണ്ടുസീറ്റുകള്‍ മാത്രമുണ്ടായിരുന്ന മുദ്ദാക്കല്‍ പഞ്ചായത്തില്‍ ഇത്തവണ ഏഴുസീറ്റുകള്‍ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 20 സീറ്റുകള്‍ ഉള്ള പഞ്ചായത്തില്‍ യുഡിഎഫ് 5, എല്‍ഡിഎഫ് 6, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റുകള്‍.
വിളവൂര്‍ക്കലില്‍ കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ വിളപ്പിലില്‍ ഒരുസീറ്റു വര്‍ധിപ്പിച്ചു. മണമ്പൂര്‍ പഞ്ചായത്തില്‍ ഒരുസീറ്റില്‍ നിന്ന് അഞ്ചുസീറ്റായി വര്‍ധിപ്പിച്ചു. നാവായിക്കുളത്ത് 2ല്‍ നിന്ന് 5 ആയും ഒറ്റശേഖരമംഗലത്ത് 3ല്‍ നിന്ന് 4 ആയും പൂവച്ചല്‍ 3 ല്‍ നിന്ന് 6 ആയും മണമ്പൂര്‍ ഒന്നില്‍നിന്ന് 5 ആയും മംഗലപുരം ഒന്നില്‍ നിന്ന് മൂന്നായും വര്‍ധിപ്പിച്ചു. ബാലരാമപുരത്ത് 4ല്‍ നിന്ന് 6 ആയും ഇലകമണ്ണില്‍ രണ്ടു സീറ്റു വര്‍ധിപ്പിച്ച് 4 ആക്കിയും ഉയര്‍ത്തി. തിരുപുറം പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു. കഞ്ചാംപഴിഞ്ഞിയും തിരുപുറം വാര്‍ഡുകളുമാണ് ബിജെപി വിജയിച്ചത്. പോത്തന്‍കോട് പഞ്ചായത്തില്‍ നാല് സീറ്റുകളും അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ മൂന്ന് സീറ്റുകളും ബിജെപി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: