കോഴിക്കോട്: ബിജെപിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പരസ്യമായിട്ടുള്ള ധാരണ എല്‍ഡിഎഫും യുഡിഎഫും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലുകളില്‍നിന്ന് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യമായ ധാരണയാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന്റെ അവാസനദിവസത്തിലേക്ക് അടുത്തപ്പോള്‍ വളരെ വ്യക്തമായ രീതിയിലുള്ള നീക്കുപോക്കുകളുണ്ടായെന്നും കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്ന സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ തിരുവനന്തപുരത്തെ പ്രസ്താവന എങ്ങനെ പ്രാവര്‍ത്തികമാക്കിയെന്ന് ഫലം വന്നപ്പോള്‍ ബോധ്യമായി. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് സമ്പൂര്‍ണ തകര്‍ച്ചയുണ്ടായി. ഇവിടെ യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. പലവാര്‍ഡുകളിലും യുഡിഎഫിന്റെ വോട്ടുവിഹിതം ഗണ്യമായി കുറഞ്ഞു. നിര്‍ണായകമായ സ്വാധീനമുണ്ടായിരുന്ന വാര്‍ഡുകളില്‍ പോലും യുഡിഎഫിന്റെ വോട്ടിംഗ് ശതമാനം താഴെപ്പോയി. തിരുവനന്തപുരം അടക്കമുള്ള സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ശക്തമായ വോട്ടുകച്ചവടം നടന്നുവെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ്, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ ഇതിന് മധ്യസ്ഥം വഹിച്ചു. അതുകൊണ്ടാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫിന് ചെറിയൊരു മേല്‍ക്കൈ നേടാനായത്. യുഡിഎഫുമായി ഉണ്ടാക്കിയ അവിശുദ്ധ ധാരണയുടെ ജാരസന്തതിയാണ് തിരുവന്തപുരം കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ വിജയം. ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത നീചമായ രാഷ്ട്രീയ കച്ചവടം തിരുവനന്തപുരത്ത് നടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിന് എന്ത് പ്രതിഫലം വാങ്ങിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥികളോടെങ്കിലും പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. എല്‍ഡിഎഫിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തേണ്ട സമയമായി. എല്‍ഡിഎഫിന്റെ പരാജയം ഉറപ്പാക്കാന്‍ സാധിക്കുമായിരുന്ന നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന്റെ നിലപാട് പകല്‍പോലെ വ്യക്തം. ചില സ്ഥലങ്ങളില്‍ എല്‍ഡിഎഫ് തിരിച്ചും സഹായിച്ചു. പാലക്കാട് ബിജെപി അധികാരത്തിലിരിക്കുന്ന മുന്‍സിപ്പാലിറ്റിയില്‍ പല വാര്‍ഡുകളിലും നൂറില്‍ താഴെയാണ് സിപിഎമ്മിന് ലഭിച്ച വോട്ട്. അവിടെയും വ്യക്തമായ ഒത്തുകളി നടന്നു. തിരുവനന്തപുരത്തും നിരവധി തദ്ദേശ സ്ഥാപനങ്ങളിലും ദേശീയ ജനാധിപത്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് കെ സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഒട്ടുമിക്ക മുന്‍സിപ്പാലിറ്റികളിലും എന്‍ഡിഎയ്ക്ക് കടന്നുകയറാനായി. എന്‍ഡിഎയുടെ സീറ്റുകളിലും വോട്ടുവിഹിതത്തിലും വലിയ വര്‍ധനയുണ്ടായി. പുതിയ ഗ്രാമ പഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറന്നു. നേരത്തേ വിജയിച്ച പലവാര്‍ഡുകളിലും ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒത്തുതീര്‍പ്പു രാഷ്ട്രീയം കേരളത്തിലുണ്ടാക്കി. എല്‍ഡിഎഫിന് ഇപ്പോഴുണ്ടായിരിക്കുന്ന വിജയം രമേശ് ചെന്നിതലയുടെയും ഉമ്മന്‍ചാണ്ടിയുടെ സംഭാവനയെന്നും അദ്ദേഹം പരിഹസിച്ചു. എല്‍ഡിഎഫിന് ലഭിച്ച മേല്‍ക്കൈയുടെ ഉത്തരവാദിത്വം ഇരുവര്‍ക്കുമാണ്. വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷത്തിന്റെ നടപടികളാണെന്നും കെ സുരേന്ദ്രന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: