കല്‍പ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8ന് ആരംഭിക്കും. ഏഴ് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ വോട്ടെണ്ണല്‍. പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രമാണ് സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടെണ്ണല്‍ ജോലിക്കായി 1300 ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം ഇന്നലെ പൂര്‍ത്തിയായി. ജില്ലാബ്ലോക്ക്ഗ്രാമ പഞ്ചായത്തുകള്‍ നഗരസഭ എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ എണ്ണും.
കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണി വരെ വരണാധികാരിയുടെ കൈവശം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ പരിഗണിക്കും. അതിനു ശേഷം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതല്ല. ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ 7 മണിക്കു മുമ്പു തന്നെ വരണാധികാരികള്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ തുറക്കും. ഈ സമയത്ത് സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും ഹാജറാകാം. എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന നിലയിലാണ് കൗണ്ടിങ് സെന്ററുകള്‍ ക്രമീകരിക്കുന്നത്. ആകെ 138 കൗണ്ടിങ് ടേബിളുകളാണ് ജില്ലയില്‍ സജ്ജമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: