പുറമ്പോക്കില്‍ ചാളകെട്ടി ജീവിക്കുന്ന കരിമിഴിയാള് മയിലയുടെ ജീവിതം എഴുതിയാല്‍ തീരാത്ത ഒരു തുടര്‍ക്കഥ പോലെയാണ്. ഇന്ന് മുറിപ്പട്ടിണിയുടെ നടുവിലുള്ള നീലകണ്ണാളുടെ ജീവിതയാത്രയിലെ പല സംഭവവികാസങ്ങളും വേദനാജനകമാണെന്നുള്ളത് ജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും രുചിച്ചര്ക്ക് ഗ്രഹിക്കുവാന്‍ ഒട്ടും പ്രയാസപ്പെടേണ്ടതില്ല.
നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായ കൊച്ചു വീട്ടില്‍ മുത്തയുടെ ഭാര്യയായി മല്ലീശരന് കുന്നിലെ സാധാരണക്കാര്‍ക്കിടയിലേക്ക് കടന്നുവന്ന സുന്ദരിയായ മയില അന്നാട്ടുകാരുടെ ഇഷ്ട കഥാപാത്രമാകുവാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. ബാഹ്യമായ അഴകു മാത്രമല്ല ആന്തരികമായ വെണ്മയും ആകര്‍ഷണീയമായ പെരുമാറ്റവും നീലക്കണ്ണാളുടെ ആഭരണമായി മല്ലീശരന് കുന്നുകാര്‍ കണ്ടെത്തുകയായിരുന്നു.
പയ്ങ്ങോട്ടുകുളക്കരയിലെ ആഢ്യ തറവാടാണ് മല്ലാരിക്കളം. ചാത്തുണ്ണി നായര്‍, അപ്പുണ്ണി നായര്‍ തുടങ്ങി ദേവകിയമ്മയുടെ ആറു മക്കളില്‍ മൂത്തവര്‍ വാഴുന്നിടം. നാലു പെണ് മക്കളേയും ആഭിജാത്യമുള്ള തറവാടുകളിലേക്ക് കെട്ടിച്ചു കൊടുത്ത് ദേവകിയമ്മ ഇഹലോകവാസം വെടിഞ്ഞു. രണ്ടാമത്തെ മകന് അപ്പുണ്ണി വൈവാഹിക ജീവിതത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കാത്തതില്‍ ദുഃഖിതയായിരുന്നു ദേവകിയമ്മ. ഫലഭൂയിഷ്ഠമായ തോപ്പുകളും കൃഷിയിടങ്ങളും വയല്‍ നിലങ്ങളും മല്ലാരിക്കളത്തിന്റെ പ്രൗഢിക്കു നിറം ചാര്‍ത്തി നിന്നു. മല്ലാരിക്കളത്തിന്റെ പാദുകക്കല്ലു വരെ വെട്ടിത്തിളങ്ങും. മുത്തയുടെ മേല്‍നോട്ടത്തില്‍ പ്രശസ്ത തറവാട്ടിലെ ശുചീകരണവും മറ്റു പുറംപണികളും യഥാവിധി നടക്കും.
നടുമുറ്റം മുതല്‍ തറവാടിന്റെ പടിപ്പുരവരെ ചാണകം മെഴുകി മനോഹരമാക്കിയ അങ്കണം. ചാത്തുണ്ണി നായരുടെ ഭാര്യ ചിന്നമണിയമ്മ പണിക്കാര്‍ക്കെല്ലാം കട്ടനിട്ടുകൊടുക്കും. ജോലിക്കിടയിലുള്ള ആയാസം ഇല്ലാതാക്കുവാനും ക്ഷീണമകറ്റുന്നതിനും മറ്റും പണിക്കാര്‍ക്ക് കിഴക്കോറത്ത് വായവട്ടം കുറഞ്ഞ ഒരു ഭരണിയില്‍ നീര് മാമ്പഴം കൊണ്ടുപോയി വെയ്ക്കും. മുത്തയുടെ സന്തത സഹചാരിയായപ്പോള്‍ മയിലയും തറവാട്ടിലെ നിത്യ സന്ദര്‍ശകയായി. പതുക്കെപ്പതുക്കെ വലിയ ചെമ്പില്‍ നെല്ലു വേവിക്കലും, പരമ്പില് നെല്ലു പരത്തലും ഉണക്കലും, പുഴുങ്ങലരി കുത്തലും ഒക്കെയായി മയിലയും മുന്നോട്ടു നീങ്ങി. അങ്ങനെ മല്ലാരിക്കളം തറവാട്ടിലെ ഇരുട്ടു മുറിക്കുള്ളില്‍ മുത്തയുടെയും മയിലയുടെയും പ്രേമം ചായ്പ്പിനുള്ളില്‍ ഒളിച്ചും വല്ലോട്ടി മറച്ചും കൊട്ടിലിനുള്ളില്‍ വഴുതിയും തട്ടിന്‍പുറത്തു ചാഞ്ഞും ബഹുദൂരം സഞ്ചരിച്ചു.
ചിന്നമണിയമ്മ പൂമുഖത്തെ ചാരുകട്ടിലില്‍ കിടന്ന് ഉച്ച സമയത്ത് വിശ്രമിക്കുമ്പോള്‍ മയില വിശറിയെടുത്തു വീശിക്കൊടുത്ത് യജമാനത്തിയെ സേവിക്കും. അരിയില്‍ മുഴുവന്‍ പുഴുക്കുത്ത്, വന്നതും ഭൂമീലേപനം ചെയ്ത ചാണകത്തിന് സുഖകരമല്ലാത്ത ഗന്ധമുള്ളതും, പ്ലാവ് ഇല കാണാതെ കായ്ച്ചതിനാല്‍ ചക്കകള്‍ ഓരോന്നായി നാട്ടുകാര്‍ക്ക് കൊടുത്തു തീര്‍ക്കുന്നതും എല്ലാം ഈ വിശ്രമസമയത്താണ് ചിന്നമണിയമ്മയെ അറിയിക്കുന്നത്. മയിലയുടെ കാര്യപ്രാപ്തിയെ പ്രശംസിച്ചുകൊണ്ട് ചിന്നമണിയമ്മ പ്രസ്താവനയിറക്കും. ഇതു കേള്‍ക്കുന്ന ചാത്തുണ്ണി നായരും ഭാര്യയുടെ വിലയിരുത്തല്‍ ശരിവെയ്ക്കും. മുത്തയുടെ അഭിമാനം ഉത്തുംഗശൃംഗത്തിലെത്തും. തന്റെ നീലക്കണ്ണാള്മയില മല്ലീ വല്ലി പോലെ മല്ലീശരന് കുന്നിലെങ്ങും സൗരഭ്യം പരത്തി നില്ക്കുന്നതില് മുത്ത അതിയായി സന്തോഷിച്ചു.
ഒന്നുരണ്ടു വര്‍ഷം പിന്നിട്ടു. ഒരു ദിവസം ഉച്ച കഴിഞ്ഞ് ചിന്നമണിയമ്മയെ ശുശ്രൂഷിക്കുവാനായി മയില പൂമുഖത്തെ വാതില്‍ തുറന്ന് ഉള്ളില്‍ പ്രവേശിച്ചു. തൊഴുത്തിലെ ചാണകം വാരലും കല്ത്തൊട്ടീല് വെള്ളം കോരി നിറയ്ക്കലും എല്ലാം കഴിഞ്ഞ് മുഷിഞ്ഞ വസ്ത്രം മാറ്റി മനോഹരിയായിട്ടാണ് മയില എത്തിയിരിക്കുന്നത്. ചിന്നമണിയമ്മയെ പൂമുഖത്ത് കാണാതെ തിരിഞ്ഞു നടക്കുമ്പോഴാണ് ചാത്തുണ്ണി നായരുടെ സഹോദരന് അപ്പുണ്ണി നായര്‍ വാതിലിന്റെ ഇളകിക്കളിക്കുന്ന വിജാഗിരി ചട്ടത്തോടു ബന്ധിപ്പിച്ചിട്ട് പൂമുഖത്തു പ്രവേശിച്ചത്. അപ്പുണ്ണിനായരുടെ അപ്രതീക്ഷിത പെരുമാറ്റം മയിലയില് ഒരുള്‍ക്കിടിലം ഉണ്ടാക്കിയെങ്കിലും പുറത്തു കാണിക്കാതെ പറഞ്ഞു.
‘ചെറ്യേമ്പ്രാന് വാതില്‍ തുറക്ക് … അടിയന്റെ പുറം പണി ഇനീം തീര്‍ന്നിട്ടില്ല.’ വിവാഹിതനല്ലാത്ത അപ്പുണ്ണിനായരുടെ സിരകളെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തിനു മുന്നില്‍ അപ്പുണ്ണിനായരുടെ ബ്രഹ്മചര്യം തോല്‍വി സമ്മതിച്ചു. നീലക്കണ്ണാള്‍ മയിലയുടെ എതിര്‍പ്പുകള്‍ അലിഞ്ഞലിഞ്ഞ് ഒരു നേര്‍ത്ത മൂളലില്‍ ഒതുങ്ങി. മയിലയുടെ പാതിവ്രത്യം കളങ്കപ്പെട്ടു.
അന്ന് തറവാട്ടില്‍ നിന്ന് ഇറങ്ങിയോടിയ മയില പിന്നീട് മല്ലാരിക്കളം തറവാട്ടില്‍ കാലുകുത്തിയില്ല. ചിന്നമണിയമ്മ മുത്തയോട് അന്വേഷിച്ചെങ്കിലും അയാള്‍ക്കും കാരണമറിയില്ലെന്നായിരുന്നു മറുപടി. മുത്തയുടെ കൊച്ചു വീട്ടില്‍ കയറി ചിന്നമണിയമ്മയും ചാത്തുണ്ണി നായരും മയിലയോട് വിവരം തിരക്കിയെങ്കിലും മൗനമായിരുന്നു പ്രതികരണം. കണ്ണുകളില്‍ നിന്നും ഒഴുകിയിറങ്ങിയ നീര്‍ച്ചാലുകള്‍ താടിയില്‍ ഒരു നിമിഷം തങ്ങി മാറത്തു ഇറ്റുവീണ് ചിന്നിച്ചിതറി.
നാട്ടുകാര്‍ മയിലയ്ക്ക് മാനസിക അസുഖമെന്ന് പറഞ്ഞു നടന്നു. മുത്ത തന്റെ ഭാര്യയുടെ പെരുമാറ്റ വൈകൃതത്തില്‍ മനംനൊന്ത് മല്ലീശരന് കുന്നില്‍ നിന്ന് താഴേയ്ക്കു ചാടി ആത്മഹത്യ ചെയ്തു.
മയിലയുടെ വീര്‍ത്ത ഉദരം നോക്കി നാട്ടുകാര്‍ നെടു വീര്‍പ്പിട്ടു. കുഞ്ഞിന്റെ തല പുറത്തെത്തുമ്പോഴേയ്ക്കും അപ്പന് ലോകത്തോടു വിട പറഞ്ഞു. ജനിക്കുന്നതിനു മുന്‍പെ അപ്പനെ കൊന്നവന് എന്ന ബഹുമതിയോടു കൂടി മയിലയുടെ വയറില്‍ ഒരു കുഞ്ഞ് രൂപം പ്രാപിച്ചു വന്നു. ചിന്നമണിയമ്മയുടെ തണലിലായിരുന്നു മയിലയുടെ ഗര്‍ഭകാലഘട്ടം. ചിന്നമണിയമ്മ മുറ തെറ്റിക്കാതെ എത്തിച്ചിരുന്ന ഭക്ഷണം പേരിന് കഴിച്ച് മയില ആ കൊച്ചു വീട്ടില്‍ ദിനങ്ങള്‍ എണ്ണിക്കഴിഞ്ഞു. അപ്പുണ്ണി നായര്‍ പാത്തും പതുങ്ങിയും മയിലയെ കാണുവാന്‍ കൊച്ചു വീട്ടിലെത്തിയപ്പോള്‍ അവള് ഈറ്റപ്പുലിയെപ്പോലെ ചീറി. ഈ കാഴ്ച കണ്ട് ചിന്ന മണിയമ്മയുടെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി.
മൂന്നാലു ദിവസത്തെ വിചാരണയ്ക്കൊടുവില് മയിലയുടെ കരിമിഴികള്‍ തന്നെ തോല്‍പ്പിച്ച വസ്തുത അപ്പുണ്ണി നായര്‍ ഏട്ടത്തിയോട് ഏറ്റുപറഞ്ഞു. ഏട്ടത്തി പറഞ്ഞതനുസരിച്ച് പ്രായശ്ചിത്തം ചെയ്യുവാന്‍ തീരുമാനിച്ച് അപ്പുണ്ണി നായര്‍ വീണ്ടും നീലക്കണ്ണാളെ തേടി മുത്തയുടെ വീട്ടില്‍ പോയി. നാടക്കട്ടിലില് പുറംതിരിഞ്ഞു കിടക്കുന്ന മയിലയെ സ്നേഹ വാത്സല്യങ്ങളോടെ തഴുകിയ അപ്പുണ്ണിനായരെ കണ്ട് മയില വെട്ടരിവാള് എടുത്ത് ആഞ്ഞു വെട്ടി. കലിയടങ്ങുവോളം.
അപ്പുണ്ണിനായരുടെ അവസാന ശ്വാസം നിലച്ചെന്ന് ബോധ്യമായപ്പോള്‍ സംഹാരരുദ്രയെപ്പോലെ വെട്ടരിവാള് ഉയര്‍ത്തി മല്ലാരിക്കളം തറവാട്ടിലേക്കോടി. ആ വെട്ടരിവാള് ചിന്നമണിയമ്മയുടെ കാല്ക്കല് സമര്‍പ്പിച്ചു തിരിഞ്ഞു നടന്നു.
താന്‍ സഹോദരനെപ്പോലെ സ്നേഹിച്ച അപ്പുണ്ണിയുടെ മരണത്തിനു ശേഷം ചിന്ന മണിയമ്മ നീലക്കണ്ണാളെ കാണുകയുണ്ടായില്ല. മല്ലാരിക്കളത്തിലെ പുതിയ പണിക്കാരായ കണ്ടനും വെള്ളയും പറഞ്ഞറിഞ്ഞ മയിലയുടെ ദുരിത കഥകള്‍ക്കും ചിന്നമണിയമ്മ ചെവി കൊടുത്തില്ല. കണ്ടനും വെള്ളയും പറഞ്ഞറിഞ്ഞത് മയിലയുടെ കുഞ്ഞുമോന് അപ്പുണ്ണി തമ്പ്രാന്റെ അതേ രൂപമെന്നാണ്. ജയിലില്‍ വെച്ച് പ്രസവിച്ച മയില ജയില്‍മോചിതയായശേഷം കൊച്ചു വീട്ടില്‍ വന്നപ്പോള്‍ മുത്തയുടെ സഹോദരി തത്ത ആട്ടിയോടിച്ചത്രെ. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട മയില പുറമ്പോക്കില്‍ ചാളകെട്ടി താമസിക്കുകയാണ്. ഒരു ദിവസം കടമ്പ കടന്നുവരുന്ന കൊച്ചപ്പുണ്ണിയെ നിര്‍ന്നിമേഷം നോക്കിനിന്ന് ചിന്നമണിയമ്മ തറവാട്ടിലേക്ക് വിളിച്ചു വരുത്തി വയറുനിറച്ചാഹാരം നല്കി. കൊച്ചപ്പുണ്ണിക്ക് സംരക്ഷണം കിട്ടിയതില്‍ സന്തോഷമുണ്ട്. ഇപ്പോഴുള്ള ഭയം അതല്ല. പുതിയൊരു വെട്ടരിവാള് വാങ്ങി തലയിണയ്ക്കടിയില്‍ വെച്ച് ചാളയില്‍ ഉറങ്ങിക്കിടക്കുന്ന മയിലയുടെ കരിമിഴികള്‍ ഇനിയും ചിലരുടെ സിരകളെ ത്രസിപ്പിച്ചാല്‍… മയിലയുടെ കഥ തുടര്‍ക്കഥയാവുമെന്ന ഭീതി വിട്ടു പോകുന്നേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: