തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ സ്വപ്നയ്ക്കു പിന്നാലെ ഇടതു സര്‍ക്കാരിനു തലവേദന സൃഷ്ടിച്ച് അടുത്ത തട്ടിപ്പുകാരിയുടെ ഇടപെടലുകള്‍. സോളാര്‍ കേസ് പ്രതി സരിത എസ്. നായരാണ് പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി നിയമന തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബവ്റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാജനിയമന ഉത്തരവുകള്‍ നല്കിയ സംഭവത്തില്‍ സരിത പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സരിതയ്ക്കു പിന്നില്‍ സിപിഎമ്മിലേയും ഭരണകക്ഷിയിലേയും ഉന്നതര്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ബെവ്കോയിലും കെടിഡിസിയിലും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു പരാതിക്കാരുടെ മൊഴികള്‍. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ നടത്തിയതിനു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സരിതയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതിനാല്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വരും. ചോദ്യം ചെയ്യലില്‍ ജോലി തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സരിത വെളിപ്പെടുത്തിയാല്‍ സര്‍ക്കാരിലെ പലരും കുടുങ്ങുമെന്നാണു വിലയിരുത്തല്‍.
തലയില്‍ നിന്നൂരാനുള്ള വഴികള്‍ കിട്ടാതെ വലയുന്ന ഇടതുമുന്നണിക്കു മറുവശത്തു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു സോളര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട സരിത എസ്.നായര്‍. ബവ്റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാജനിയമന ഉത്തരവുകള്‍ നല്കിയ സരിതയെ സംരക്ഷിക്കാന്‍ പാടുപെടുകയാണു ഭരണകക്ഷിയിലെ ഉന്നതര്‍. സരിത നടത്തിയ തട്ടിപ്പുകള്‍ പുറത്തുവന്നാല്‍ സര്‍ക്കാരിലെ പല പ്രമുഖരും വെട്ടിലാകും.
സിപിഐ നേതാവ് ടി.രതീഷാണു ജോലി തട്ടിപ്പുകേസിലെ ഒന്നാംപ്രതി. സരിത രണ്ടാം പ്രതിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്. രതീഷും ഷാജുവും യുവാക്കളെ കണ്ടു ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയെങ്കില്‍ നിയമന ഉത്തരവുകള്‍ തയാറാക്കുന്നതിനും പണം തിരികെ ചോദിച്ചവരെ വിളിച്ചതും സരിതയെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
2018 ഡിസംബറിലാണു തട്ടിപ്പിന്റെ തുടക്കം. രതീഷും ഷാജുവും പണം വാങ്ങിയെങ്കിലും ജോലി ലഭിക്കാത്തതിനാല്‍ യുവാക്കള്‍ പ്രശ്നമുണ്ടാക്കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു യുവാക്കള്‍ പറയുന്നു. ഉറപ്പായും ജോലി ലഭിക്കുമെന്നും അല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നുമാണ് അവര്‍ ഉറപ്പുനല്‍കിയത്. മാത്രമല്ല, തിരുനല്‍വേലി മഹേന്ദ്രഗിരിയിലെ ബാങ്കിലുള്ള സരിതയുടെ അക്കൗണ്ടിലേക്കും യുവാക്കള്‍ പണം അയച്ചിട്ടുണ്ട്. ഇതിനാല്‍ തട്ടിപ്പില്‍ ഉന്നതര്‍ ഇടപ്പെട്ടതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: