പുനലൂര്‍: ഹൈന്ദവാചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കം അച്ചന്‍കോവിലിലും പയറ്റി ദേവസ്വം ബോര്‍ഡ്. കോവിഡിന്റെ മറവിലാണ് ചരിത്രപ്രസിദ്ധമായ അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന രഥോത്സവം, കറുപ്പന്‍തുള്ളല്‍, ചപ്രം എഴുന്നെള്ളിപ്പ്, ആനയെഴുന്നെള്ളിപ്പ് എന്നിവ പൂര്‍ണമായും ഒഴിവാക്കിയത്. ഇക്കുറി തിരുവാഭരണ ഘോഷയാത്ര തമിഴ്നാട്ടിലേക്ക് ഇല്ല. മുന്‍വര്‍ഷങ്ങളില്‍ പുനലൂരില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തെന്മല, ആര്യങ്കാവ് ശ്രീധര്‍മശാസ്താക്ഷേത്രം, പുളിയറ, ചെങ്കോട്ട, തെങ്കാശ്ശി, തിരുമല കോവില്‍, മേക്കര വഴി അച്ചന്‍കോവിലില്‍ എത്തുകയാണ് പതിവ്.
എന്നാല്‍ ഇക്കുറി 15ന് പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര നെല്ലിപ്പള്ളി, അലിമുക്ക്, എസ്എഫ്സികെ വഴി കറവൂര്‍, പെരുന്തോയില്‍, വളയം, കോടമല, കാന്തമല ശിവക്ഷേത്രം, അച്ചന്‍കോവില്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അച്ചന്‍കോവിലില്‍ എത്തി തിരുവാഭരണം കറുപ്പന്കോവിലില് സൂക്ഷിക്കും. അവിടെ നിന്നും ശാസ്താക്ഷേത്രത്തില്‍ എത്തിച്ച് തിരുവാഭരണം ദേവന് ചാര്‍ത്തി ദീപാരാധന നടത്തും. പിറ്റേന്ന് ഉത്സവത്തിന് കൊടിയേറും. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നുവന്ന കറുപ്പന് തുള്ളല്‍ ഉണ്ടാകില്ല. കൂടാതെ ചപ്രം എഴുന്നെള്ളിപ്പും ഉണ്ടാകില്ല. പകരം ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള മണികണ്ഠ മുത്തയ്യനാര് വിഗ്രഹം വഹിച്ച് മേല്‍ശാന്തി ക്ഷേത്രത്തിന് വലംവയ്ക്കുകയും അതേസമയം കറുപ്പസ്വാമി പുറകുവശത്ത് എത്തി പിന്വാങ്ങാനുമാണ് അനുവാദം. ഉത്സവത്തിന്റെ അന്നേ ദിവസം ആനയെഴുന്നെള്ളത്തും അനുവദിച്ചിട്ടില്ല.
ഒരു ആനപ്പുറത്താണ് വര്‍ഷങ്ങളായി ഇവിടെ എഴുന്നെള്ളത്ത്. അതും ഇക്കുറി ദേവസ്വംബോര്‍ഡ് ഇല്ലാതാക്കി. കൊടിയേറ്റ് മുതല്‍ ആറാട്ടുവരെ ചടങ്ങുകള്‍ നടത്താന്‍ തീരുമാനമായെങ്കിലും കോവിഡിന്റെ പേരില്‍ ഉത്സവ അടിയന്തര ചടങ്ങുകള്‍ക്ക് പണം അനുവദിക്കാതിരിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ഗൂഢനീക്കങ്ങളാണ് ഇതിന് പിന്നിലെന്നും ഭക്തജനങ്ങള്‍ ആരോപിക്കുന്നു. ഉത്സവ നടത്തിപ്പിനായി ആര്. രാമചന്ദ്രന്‍നായര്‍ രക്ഷാധികാരിയും സി. രാധാകൃഷ്ണന് കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. നാട്ടില്‍ പിരിവ് നടത്താതെ നേര്ച്ചക്കാരെ കണ്ടെത്തി ഉത്സവ നടത്തണമെന്നാണ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: