ആയുര്‍വേദത്തിലെ ബിരുദാനന്തര ബിരുദ കോഴ്സിലെ സിലബസിനെ സംബന്ധിച്ച് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ കാരണം വ്യക്തമാകുന്നില്ല. ആയുര്‍വേദ ഡോക്ടര്‍മാരുടെ ബിരുദാനന്തര ബിരുദത്തിന്റെ ഭാഗമായി സര്‍ജറിയെ സംബന്ധിച്ച പാഠങ്ങളുടെ വ്യക്തത വരുത്തുക മാത്രമാണ് ഈ വിജ്ഞാപനം.
2020 നവംബര്‍ 19-ാം തീയതി സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് പുറപ്പെടുവിച്ചിരിക്കുന്ന ഗസറ്റ് വിജ്ഞാപനം ഒരു ഭേദഗതി മാത്രമാണ്. ഇത് പ്രകാരം 1979 മുതല്‍ നിലവിലുള്ള ബിരുദാനന്തര ബിരുദ കോഴ്സിലെ MS (Ay) ശല്യതന്ത്രം & MS (Ay) ശാലാക്യതന്ത്രം സിലബസ്സില്‍ ഉള്‍പ്പെടുന്ന 58 സര്‍ജറികള്‍, IMCC Act 1970 അനുസരിച്ചു Post Graduate Ayurveda Education Regulation-s 2016 ല്‍ ഒരു ഭേദഗതി വരുത്തി ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. മുകളില്‍ പറയപ്പെട്ട 58 സര്‍ജറികള്‍ കൂടാതെ യാതൊരു സര്‍ജറിയും ചെയ്യുവാന്‍ ഇവര്‍ അര്‍ഹരല്ല എന്നുകൂടി ഈ ഭേദഗതി വ്യക്തമാക്കുന്നു. കാലാകാലങ്ങളില്‍ ഇതുപോലെ പല പ്രകാരത്തിലുള്ള പഠന ഗവേഷണങ്ങള്ക്കുതകുന്ന പരിഷ്കാരങ്ങള്‍ സിസിഐഎം സാധാരണയായി നടപ്പിലാക്കാറുണ്ട്. ഈ ഭേദഗതിയും അത്തരത്തില്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ആയുര്‍വേദത്തില്‍ അനുശാസിക്കുന്ന ഈ സര്‍ജറികളില്‍ സ്വയം പ്രായോഗിക പരിശീലനവും പ്രാവീണ്യവും നേടുന്നതിനോടൊപ്പം തന്നെ പഠനം പൂര്‍ത്തിയായതിനു ശേഷം പ്രവര്‍ത്തിക്കാനുമുള്ള അനുമതിയാണ് കൊടുത്തിട്ടുള്ളത്. ഈ ഒരു ചികിത്സ രീതിയില്‍ കാലാനുസൃതമായി വരേണ്ട മാറ്റത്തെ കുറിച്ചുള്ള പഠന, ഗവേഷണങ്ങള്‍ക്ക് വഴിതെളിക്കുന്നതാണ് ഈ ഭേദഗതി.
പരിശീലനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ ശല്യ തന്ത്രം (ജനറല്‍ സര്‍ജറി), ശാലാക്യ തന്ത്രം (ചെവി, മൂക്ക്, തൊണ്ട, പല്ല്, കണ്ണ്) എന്നിവയുടെ സര്‍ജറികള്‍ ദശാബ്ദങ്ങളായി രാജ്യത്തെ വിവിധ ആയുര്‍വേദ ആശുപത്രികളില്‍ നടക്കുന്നുണ്ട്. ജയ്പ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദയില്‍ മാത്രം പ്രതിവര്‍ഷം ആയിരത്തിലധികം മേജര്‍ സര്‍ജറികളാണ് ചെയ്യുന്നത്. സര്‍ജറി, ഇഎന്‍ടി, നേത്രരോഗവിഭാഗം തുടങ്ങിയവയില്‍ ആയുര്‍വേദ ബിരുദാനന്തര കോഴ്സുകള്‍ 1979 മുതല്‍ നടക്കുന്നുണ്ട്. കൂടാതെ സര്‍ജിക്കല്‍ ഒപി വിഭാഗവുമുണ്ട്.
ശരീരത്തിലെ മൃതഭാഗങ്ങള്‍ നീക്കം ചെയ്യുക, തൊലി വെച്ചുപിടിപ്പിക്കുക, വയര്‍ തുറന്നുള്ള സര്‍ജറി, കുടല് രോഗങ്ങള്‍ക്കുള്ള സര്‍ജറികള്‍ എന്നിവയാണ് ജനറല്‍ വിഭാഗത്തില്‍ ചെയ്യാന്‍ കഴിയുക. കൂടാതെ ശാലാക്യ തന്ത്രം വിഭാഗത്തില്‍ കണ്ണുകളിലും മറ്റും സങ്കീര്‍ണമായ ശസ്ത്രക്രിയകളും ചെയ്യാന്‍ സാധിക്കും. സിലബസ്സില്‍ ഉള്‍പ്പെടുന്ന 58 സര്‍ജറികള്‍ കൂടാതെ യാതൊരു സര്‍ജറിയും ചെയ്യുവാന്‍ സാധിക്കില്ല എന്ന് ഭേദഗതി വ്യക്തമാക്കുന്നു.
ശസ്ത്രക്രിയയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് സുശ്രുതാചാര്യനാണ്. ആയുര്‍വേദത്തിലെ സുശ്രുതസംഹിത വൈദ്യശാസ്ത്രത്തിനും പാശ്ചാത്യ ശസ്ത്രക്രിയാ രംഗത്തും നല്കിയ സംഭാവനകള്‍ ചെറുതല്ല എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സര്‍ജറി. എന്നാല്‍, സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് സുശ്രുതസംഹിതയില്‍ പറയപ്പെടുന്ന നാസാ സന്ധാനം( റൈനോപ്ലാസ്റ്റി), ഓഷ്ടസന്ധാനം(ലോബ്യുളോ പ്ലാസ്റ്റി), കര്‍ണ സന്ധാനം( ഓട്ടോപ്ലാസ്റ്റി) തുടങ്ങിയ ശസ്ത്രക്രിയയില്‍ നിന്നും ഇന്നും വലിയ വ്യത്യാസങ്ങള്‍ പാശ്ചാത്യ ശസ്ത്രക്രിയയില്‍ വന്നിട്ടില്ല എന്നത് കൗതുകകരമാണ്. അതിനാല്‍ തന്നെയാണ് അദ്ദേഹത്തെ പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ് എന്നും ആധുനിക ലോകം വിശേഷിപ്പിക്കുന്നത്
ശസ്ത്രക്രിയയയുടെ ചരിത്രം ബിസി 2000ത്തിനും മുന്നേ തുടങ്ങുന്നതാണ്. സുശ്രുതന് രചിച്ച സുശ്രുത സംഹിതയില്‍ ശസ്ത്രക്രിയ രീതികള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, അനുബന്ധ സാമഗ്രികള്‍, ശസ്ത്രക്രിയ വിധിക്കേണ്ട സന്ദര്‍ഭങ്ങള്‍, രോഗി അതിനു സജ്ജമാണോ അല്ലെങ്കില്‍ രോഗിക്ക് ആ കര്മ്മത്തിന് വിധേയനാകാന്‍ പ്രാപ്തിയുണ്ടോ തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം സുശ്രുത സംഹിതയില്‍ വിവിധ തരം വ്രണങ്ങള്‍, മുഴകള്‍, മൂത്രാശയ കല്ലുകള്‍ തുടങ്ങി നിരവധി രോഗങ്ങളെ പറ്റിയും അവ ഏതു അവസ്ഥയിലാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് എന്നുമൊക്കെ വിവരിക്കുന്നുണ്ട്. സുശ്രുതന്റെ വിവരണങ്ങളില്‍ ശസ്ത്രക്രിയാ കര്‍മങ്ങളുടെ പൂര്‍വ, പ്രധാന, പശ്ചാത് കര്‍മങ്ങള്‍ ( പ്രീ, മെയിന്‍ സര്‍ജറി, പോസ്റ്റ് സര്‍ജിക്കല്‍ കെയര്‍) എന്നിങ്ങനെ വിവിധ തലങ്ങളില്‍ വിവരിക്കുന്നു. രക്ഷോഘ്ന കര്‍മം എന്ന രീതിയില്‍ ക്രിയാക്രമങ്ങളിലൂടെ സങ്കീര്‍ണതകള്‍ വരുമ്പോഴും മറ്റു അണുബാധകളും ഉണ്ടാകാതിരിക്കാനുള്ള ക്രമങ്ങളും വിവരിക്കുന്നുണ്ട്. ഇന്നത്തെ എയര്‍ കണ്ടീഷന്‍ഡ് ഓപ്പറേഷന് തിയേറ്ററുകളെ അപേക്ഷിച്ചു ആചാര്യന് കാറ്റിന്റെ ഗതി, കാലാവസ്ഥയ്ക്ക് അനുസൃതമായി ക്രിയകള്‍ ചെയ്യണ്ട ഇടങ്ങളുടെ രീതി എന്നിവയും വിവരിക്കുന്നുണ്ട്.
മനുഷ്യ ശരീരങ്ങളെ കീറിമുറിച്ചു പഠിക്കേണ്ട ആവശ്യകതയും അതിനായി മൃതശരീരം എങ്ങനെ പ്രാപ്തമാക്കാം, അവയെങ്ങനെ സൂക്ഷിക്കണമെന്നും, ശേഷം ശസ്ത്രോപകരണങ്ങള്‍ കൊണ്ട് എങ്ങനെ അവ കീറി മുറിച്ചു പഠിക്കണം എന്നും സുശ്രുത സംഹിതയിലെ ശാരീര സ്ഥാനത്തില്‍ വിവരിക്കുന്നു. അന്നത്തെ ഉപകരണങ്ങള്‍ ഉപയോഗിച്ചു ശരീരത്തിന്റെ ആന്തരികഭാഗങ്ങളിലെ പ്രശ്നങ്ങള്‍ നോക്കികാണുന്നതിനായും മറ്റുമായി നാഡി യന്ത്രം മുതലായവ ഉപയോഗിച്ചിരുന്നു. 8 വിഭാഗങ്ങളിലായി 300 ശസ്ത്രക്രിയകളെക്കുറിച്ചും, 60 തരം ഉപക്രമങ്ങളെക്കുറിച്ചും, 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും സുശ്രുത സംഹിതയില്‍ വിവരിക്കുന്നുണ്ട്. സുശ്രുത സംഹിതയില്‍ 120 ശസ്ത്രക്രിയാ ഉപകരണങ്ങള്‍, 101 യന്ത്രങ്ങള്‍, 20 ശസ്ത്രങ്ങള്‍, അനുശസ്ത്രങ്ങള്‍ തുടങ്ങിയവയും പ്രതിപാദിക്കുന്നുണ്ട്. ഈ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വകഭേദങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിലും ഇന്നും ഉപയോഗിക്കുന്നത്. 1909 ല്‍ ഗിരീന്ദ്രനാഥ് മുഖോപാധ്യായ എഴുതിയ’ ദി സര്‍ജിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് ഓഫ് ദ ഹിന്ദൂസ്’ എന്ന ഗ്രന്ഥം ഗ്രീക്ക്, റോമന്‍, അറബ് പാശ്ചാത്യ വൈദ്യശാസ്ത്രവുമായുള്ള താരതമ്യ പഠനമാണ്.
അഹിംസ തത്വമാക്കിയ ബുദ്ധമതത്തിന്റെ പ്രഭാവം ആയുര്‍വേദത്തിലെ സര്‍ജറി പഠനത്തിന് തടസ്സമായി. ശരീരം കീറിമുറിക്കുന്നതിന് ബുദ്ധമതക്കാര്‍ അനുകൂലമായിരുന്നില്ല. ബ്രിട്ടീഷുകാരും ഇംഗ്ലീഷ് മെഡിസിനെ മാത്രമാണ് പ്രോത്സാഹിപ്പിച്ചത്. ശസ്ത്രക്രിയ ഒരു വിഭാഗത്തിന്റെ മാത്രം എന്ന നിലയില്‍ അവകാശവാദം ഉന്നയിക്കുന്നത് യുക്തിയല്ല. മറ്റു ശാസ്ത്രശാഖകളുടെ കണ്ടുപിടുത്തങ്ങളുടെ ഗുണഫലം കൂടി ഉള്‍ക്കൊണ്ടാണ് പാശ്ചാത്യ വൈദ്യശാസ്ത്രവും മുന്നോട്ടുപോകുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തങ്ങള്‍ എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കും ഉള്‍പ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ലോകത്തെ വൈദ്യശാസ്ത്ര രംഗം ഇന്ന് ‘വണ്‍ ഹെല്‍ത്ത്’എന്ന മാതൃകയാണ് അവലംബിക്കുന്നത്. ഒരു വൈദ്യശാസ്ത്രം പൂര്‍ണമായിരുന്നെങ്കില്‍ മറ്റ് വൈദ്യശാസ്ത്രങ്ങള്‍ നിലനില്‍ക്കുകയോ പുതിയ വൈദ്യ ശാസ്ത്ര ശാഖകള്‍ ഉടലെടുക്കുയോ ചെയ്യില്ലായിരുന്നു. ആധുനിക ലോകത്തെ ആവശ്യം എല്ലാ വൈദ്യശാസ്ത്ര ശാഖകളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമായിരിക്കും സ്വീകരിക്കേണ്ടത്.
ഐഎംഎയ്ക്കു മാത്രമല്ല വ്യക്തികള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുവാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തെ നിലവിലുള്ള വ്യവസ്ഥിതി നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രതികരണമായി മാത്രമേ ഐഎംഎയുടെ അഭിപ്രായ പ്രകടനത്തെ കാണേണ്ടതുള്ളു. എതിര്‍ക്കുന്നതിനു പകരം സ്വാഗതം ചെയ്യുകയാണു വേണ്ടത്. കാരണം, സര്‍ജറിയുടെ പിതാവെന്ന് അറിയപ്പെടുന്ന, കാശിയില്‍ ജനിച്ച സുശ്രുതന് രചിച്ച സുശ്രുത സംഹിത (600 ബിസി) യുടെ അടിസ്ഥാനത്തില്‍ സര്‍ജറിയുടെ പഠനത്തിനും അഭ്യാസത്തിനും, ഗവേഷണത്തിനും വേണ്ട പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. ഇത് വരുംനാളുകളില്‍ ഭാരതീയ ശസ്ത്രക്രിയ എന്ന അമൂല്യമായ ശാസ്ത്ര ശാഖ ആയുര്‍വേദ ശാസ്ത്രത്തിനു വലിയ മുതല്‍ക്കൂട്ടാവും.
വൈദ്യ വിനോദ്കുമാര്‍ ടി.ജി
മെമ്പര്‍, ബോര്‍ഡ് ഓഫ്
ഗവര്‍ണേഴ്സ്, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: